‘സിസ്റ്റേഴ്സ് ഇന്‍ സോറോ’ – വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ കൊല്ലപ്പെട്ട ഫ്രഞ്ച് വൈദികന് ഫാ. ഷാക് ഹാമലിന്റെ സഹോദരിയും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയും ഒരുമിച്ചെഴുതിയ ഗ്രന്ഥം !!

പാരീസ്: വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ ഫ്രഞ്ച് വൈദികന് ഫാ. ഷാക് ഹാമലിനെ ഭീകരർ കൊലപ്പെടുത്തിയിട്ട് പത്തു വര്‍ഷം. 2016 ജൂലൈ 26നാണ് രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഫാ. ഹാമലിനെ കഴുത്തറത്തു കൊന്നത്. പാരീസില്‍നിന്ന് 128 കിലോമീറ്റര്‍ അകലെ റൂവന്‍ നഗരത്തിലെ സെന്റ് സ്റ്റീഫൻസ് പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ അതിക്രമിച്ചു കയറിയ രണ്ടു ഭീകരര്‍ പള്ളിയിലുണ്ടായിരുന്നവരെ ബന്ദികളാക്കിയശേഷം എണ്‍പത്തിയാറുകാരനായ ഫാ. ഷാക് ഹാമലിനെ കഴുത്തറത്തു കൊല്ലുകയായിരുന്നു. ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തിയിരുന്നു. രണ്ടു ഭീകരരെയും പോലീസ് വെടിവച്ചു കൊന്നു. വിരമിച്ചിട്ട് ഒരു ദശകം പിന്നിട്ടിട്ടും രണ്ടു പള്ളികളില്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഫാ. ഹാമലിന്റെ പത്താം ചരമവാര്‍ഷികദിനത്തില്‍ ഫ്രഞ്ച് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനും മാർസെയി ആർച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഴാങ് മാര്‍ക് അവ്ലീന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫ്രാന്‍സിലെങ്ങും ഇതിന്റെ സംപ്രേഷണം നടന്നു. കൊല്ലപ്പെട്ട വൈദികന്റെ സഹോദരി 86-കാരിയായ റോസ്ലിന് ഹാമലും പങ്കുചേര്‍ന്നു. സഹോദരന്റെ വിയോഗത്തിന്റെ അഗാധമായ ദുഃഖത്തിനിടയിലും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയെ അന്വേഷിച്ചു കണ്ടെത്തിയ റോസ്ലിന് നാസെറയോട് ചേര്‍ന്ന് ‘സിസ്റ്റേഴ്സ് ഇന്‍ സോറോ’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരുന്നു. തന്റെ സഹോദരനില്‍ നിന്നുള്ള ക്ഷമയുടെ സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോസ്ലിന് പറയുന്നു. ‘എന്റെ അഗാധമായ വേദന മനസ്സിലാക്കാന്‍ തന്റെ മകന്റെ അക്രമം കാരണം അതിലേറെ വേദന അനുഭവിക്കുന്ന ആ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു,’ റോസ്ലിന് പങ്കുവച്ചു. 2017-ല്‍ കെര്‍മിഷിന്റെ വീട്ടില്‍ ആദ്യമായി ചെന്നപ്പോള്‍, ‘എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് ആ അമ്മ റോസ്ലിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. പതുക്കെ വളര്‍ന്ന ഈ ആത്മബന്ധം 2025-ല്‍ ‘സിസ്റ്റേഴ്സ് ഇന്‍ സോറോ’ എന്ന പുസ്തക രചനയിലേക്ക് നയിച്ചു.




















































































































































































































































































































































































