June 4, 2026
#Church

വിശുദ്ധകുർബാനയുടെ തിരുന്നാൾ; കോർപ്പസ് ക്രിസ്റ്റി; ചരിത്രത്തിലേക്ക്

ഇന്ന് വിശുദ്ധ കുർബാനയുടെ തിരുന്നാളാണ്; കോർപ്പസ് ക്രിസ്‌തിയെന്നും ഇതറിയപ്പെടുന്നു. എവർക്കും തിരുനാളിന്റെ ദൈവാനുഗ്രഹങ്ങളും, പ്രാർത്ഥനകളും.

ദിവ്യകാരുണ്യം, ക്രിസ്തുവിന്റെ യഥാർത്ഥ ശരീരമാണെന്നതിൽ സംശയങ്ങളും, തർക്കങ്ങളും നിലനിന്ന ഒരു സാഹചര്യത്തിലാണ് ഈ തിരുനാളിന്റെ തുടക്കം. ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ അഥവാ കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ (Corpus Christi) കത്തോലിക്കാ സഭയിൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളിൽ അജപാലന പരമായ കാരണങ്ങളാൽ ഞായറാഴ്ചയിലേക്ക് ഈ തിരുനാൾ മാറ്റിയിട്ടുണ്ട്. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് സഭ ഈ തിരുനാൾ ആരംഭിച്ചത്.

ഈ തിരുനാളിന്റെ ഒരു ചരിത്രത്തിലേക്ക് നമുക്കു ഒന്നു നോക്കാം.
കത്തോലിക്കാ സഭയിൽ ഈ തിരുനാൾ സ്ഥാപിക്കുന്നതിനു കാരണമായ രണ്ടു അദ്ഭുതങ്ങളുണ്ട്. കോർണിലോണിലെ വി. ജൂലിയാനയ്ക്ക് ഉണ്ടായ ഒരു ദർശനവും ബോൾസെനയിലെ ദിവ്യകാരുണ്യ അദ്ഭുതവുമാണ് അവ.

വിശുദ്ധ ജൂലിയാന ഓഫ് കോർണിലിയൻ, ജൂലിയാന ഓഫ് ലീഗ് എന്നറിയപ്പെടാറുമുണ്ട് ഈ വിശുദ്ധയാണ് തിരുനാളിന്റെ പ്രചോദനമായി നിൽക്കുന്നത്. 1191 -ൽ ബെൽജിയത്തിലെ ലീഗിലാണ് വിശുദ്ധ ജന്മം എടുത്തത്. അഞ്ചാം വയസ്സിൽ അനാഥയായ ജൂലിയാന സഹോദരിയുടെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെടുകയുണ്ടായി. ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് അഗാധമായ അനുഭവമുള്ള വിശുദ്ധ, നിരന്തരം മത്തായി 28, 20 ധ്യാനിച്ചിരുന്നു. സഭാവിജ്ഞാനത്തിന്റെ പഠനങ്ങളിലൂടെ അപഹാഗം സ്വന്തമാക്കിയ വിശുദ്ധക്ക് ഒരു ദിവസം ദിവ്യകാരുണ്യ ആരാധനയുടെ സമയത്തു ഒരു ദർശനമുണ്ടായി; തെളിഞ്ഞ ശോഭയോടെ പ്രകാശിക്കുന്ന ഒരു പൂർണ ചന്ദ്രൻ; അതുപോലെ, തന്നെ വളരെ വലുപ്പത്തിലുള്ള ഒരു കറുപ്പ് ആ പ്രകാശത്തിന്റെ ശോഭയില്ലാതാക്കുന്നു. ഈശോ അവൾക്ക് വെളിപ്പെടുത്തി; ഒത്തിരി തിരുനാളുകൾ സഭയിൽ ഉണ്ടെങ്കിലും, വിശുദ്ധ കുർബാനയുടെ ഒരു തിരുനാൾ ഇല്ല. ദിവ്യകാരുണ്യത്തോട് പ്രകടിപ്പിക്കുന്ന സ്നേഹക്കുറവിനും ഭക്തിരാഹിത്യത്തിനും പരിഹാരം ചെയ്യാനുള്ള ദിവസത്തിന്റെ കുറവാണ് പൂർണ്ണചന്ദ്രനിലെ കറുപ്പ്. ജൂലിയാന, ലീജിലെ മെത്രാനായിരുന്ന ബിഷപ്പ് റോബർട്ട് ഡി തോറെറ്റിനോടും ജാക്വസ് പന്തേലിയോൻ എന്ന വൈദീകനോടും ഈ ദർശനത്തെപ്പറ്റി പറഞ്ഞു. ഈ ജാക്വസ് പന്തേലിയോനാണ് പിന്നീട് നാലാം ഉർബൻ എന്ന പേരിൽ മാർപാപ്പയായത്. ബിഷപ്പ് റോബർട്ട്, ജൂലിയാനയെ വിശ്വസിക്കുകയും 1246-ൽ ഒരു രൂപതാ സിനഡ് വിളിച്ചു തൊട്ടടുത്ത വർഷം തന്റെ രൂപതയിൽ കോർപ്പൂസ് ക്രിസ്റ്റിയുടെ തിരുനാൾ ഭക്ത്യാദരപൂർവം കൊണ്ടാടാൻ നിർദേശം നൽകുകയും ചെയ്തു.

ബോൾസെനയിലെ ദിവ്യകാരുണ്യ അദ്ഭുതം

ഫാ. പിയട്രോ ഡാ പ്രാഗ എന്ന വൈദീകന് വിശുദ്ധകുർബാനയോടുള്ള സ്നേഹത്തിൽ തീക്ഷ്ണത കുറയുകയും തൽഫലമായി വിശുദ്ധ കുർബാനയിലെ നമ്മുടെ കർത്താവിന്റെ യഥാർഥ സാന്നിധ്യത്തെ സംശയിക്കുകയും ചെയ്തു. 1263-ൽ, ബോൾസെനയിലെ വിശുദ്ധ ക്രിസ്റ്റീനായുടെ നാമത്തിലുള്ള ദൈവാലയത്തിൽ വിശുദ്ധ കുർബാന ആഘോഷിക്കുമ്പോൾ തിരുവോസ്തിയിൽ നിന്നു രക്തം അൾത്താരയിലെ തുണിയിലേക്കും കുർബാന പീഠത്തിലേക്കും ഒഴുകി. സംഭവമറിഞ്ഞ നാലാം ഉർബൻ പാപ്പ ഈശോയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ഒർവിറ്റോയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവാലയത്തിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ടു.

കോർപ്പൂസ് ക്രിസ്റ്റി തിരുനാളിന്റെ പ്രഖ്യാപനം

1264 ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി നാലാം ഉർബൻ മാർപാപ്പ ‘ട്രാൻസിറ്റുറസ് ഡി ഹോക് മുണ്ടോ’ എന്ന തിരുവെഴുത്തു വഴി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ ലത്തീൻ സഭയിൽ എല്ലായിടത്തും ആഘോഷിക്കാൻ കൽപ്പന പുറപ്പെടുവിച്ചു. ലത്തീൻ സഭയുടെ ചരിത്രത്തിൽ മാർപാപ്പയാൽ അംഗീകരിക്കപ്പെട്ട ആദ്യ സാർവത്രിക തിരുനാൾ ആണ് കോർപ്പൂസ് ക്രിസ്റ്റി. നാലാം ഉർബൻ പാപ്പയുടെ മരണശേഷം കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ ആഘോഷം ഫ്രാൻസ്, ജർമ്മനി, ഹംഗറി, വടക്കൻ ഇറ്റലി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും, 1317-ൽ ജോൺ ഇരുപത്തി രണ്ടാം മാർപാപ്പ ഈ തിരുനാൾ സാർവത്രിക സഭയിൽ പുനഃസ്ഥാപിച്ചു.


വിശുദ്ധ കുർബാനയെ സംബന്ധിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അനുഭവങ്ങൾ, അറിയാൻ, വായിക്കാൻ ഈ what’s app ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/E6gjFiA7ZcsCtqlsUIXZnd

വിശുദ്ധ കുർബാനയെ സംബന്ധിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അനുഭവങ്ങൾ, അറിയാൻ, വായിക്കാൻ ഈ ലിങ്ക് -ൽ ക്ലിക്ക് ചെയ്തു ആപ് ഡൗൺലോഡ് ചെയ്യാം.. The Bread
https://play.google.com/store/apps/details?id=com.mcbseucharistic.thebread

Share this :

Leave a comment

Your email address will not be published. Required fields are marked *