വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുത അംഗീകാരത്തിന്റെ ഒരു വര്‍ഷം

തലശേരി: വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞത് ദിവ്യകാരുണ്യ അത്ഭുതമായി വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ പ്രഖ്യാപനം നടന്നിട്ട് ഇന്ന് (മെയ് 31) ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വത്തിക്കാന്‍ അംഗീകരിച്ച ഭാരതത്തിലെ പ്രഥമ ദിവ്യകാരുണ്യ അത്ഭുതമാണിത്.
അത്ഭുതം
2013 നവംബര്‍ 15-ന് തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ ഫാ. തോമസ് പതിക്കല്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയുടെ റൂഹാക്ഷണ പ്രാര്‍ത്ഥനയുടെ സമയത്ത് തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ തെളിഞ്ഞുവരുന്നത് ഫാ. തോമസ് പതിക്കലിന്റെ ശ്രദ്ധയില്‍പ്പെ ടുകയും അദ്ദേഹം ആ തിരുവോസ്തി മാറ്റിവെച്ചശേഷം മറ്റൊരു തിരുവോസ്തിയെടുത്ത് ദിവ്യബലി പൂര്‍ത്തിയാക്കുകയുമായിരുന്നു. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഈശോയുടെ തിരുമുഖം തെളിഞ്ഞ തിരുവോസ്തി ജനങ്ങളെ കാണിക്കുകയും അരുളിക്കയില് എഴുന്നള്ളിച്ചുവച്ച് പരസ്യ ആരാധന നടത്തുകയും ചെയ്തു. പിന്നീട് തിരുവോസ്തി തലശേരി ആര്‍ച്ചുബിഷപ് ഹൗസിലേക്ക് മാറ്റി. സീറോമലബാര്‍ സഭയിലെ ഡോക്ട്രിനല്‍ കമ്മീഷന് വിദഗ്ധസമിതി ഇതെക്കുറിച്ച് പഠനങ്ങള്‍ നടത്തി.
വിദഗ്ധ പഠനങ്ങൾ
2014 ല്‍ റോമിലെ വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധ പഠനത്തിനായി തിരുവോസ്തി വത്തിക്കാന്‍ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയി. തിരുവോസ്തിയിലെ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനം നടത്താന്‍ വത്തിക്കാന്‍ വിശ്വാസതിരുസംഘം നിര്‍ദേശിച്ചു. ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിര്‍ദ്ദേശിച്ചത്. വിശ്വാസതിരുസംഘത്തിന്റെ അനുമതിയോടെ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ലാബിലാണ് പഠനങ്ങള്‍ നടത്തിയത്. മൂന്നു പേരടങ്ങുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് തിരുവോസ്തിയില്‍ പഠനങ്ങള്‍ നടത്തിയത്. ഒപ്പം ഇവരുടെ കണ്ടെത്തലുകളെ വിലയിരുത്താനും അവരുടെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ദൈവശാസ്ത്രജ്ഞരുടെ മറ്റൊരു സംഘവും ഉണ്ടായിരുന്നു.
12 വര്‍ഷ നീണ്ടു നിന്ന പഠനങ്ങൾ
തിരുവോസ്തിയില്‍ തെളിഞ്ഞിരിക്കുന്ന ഈശോയുടെ തിരുമുഖത്തിന്റെ ഛായാചിത്രത്തില്‍ തിരുവോസ്തിയിലെ അതേ പദാര്‍ത്ഥങ്ങള്‍ തന്നെയാണോ അതോ മറ്റെന്തെങ്കിലും പുറമെ ഉള്ള പദാര്‍ത്ഥത്തിന്റെ സ്വാധീനം ഉണ്ടോ എന്നൊക്കെയുള്ള സംശയങ്ങള്‍ തീര്‍ക്കുക എന്നതായിരുന്നു ഈ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ലക്ഷ്യം. പഠനത്തിന്റെ ഒടുവില്‍ അത്ഭുതം സ്ഥിരീകരിച്ചുകൊണ്ട് യേശുവിന്റെ തിരുമുഖം വ്യക്തമായി തെളിഞ്ഞുവന്ന തിരുവോസ്തിയില്‍ മറ്റൊരു പദാര്‍ത്ഥത്തിന്റെയും സ്വാധീനം ഇല്ലെന്ന് മൂന്നു ശാസ്ത്രജ്ഞരും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ പഠനത്തിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് ന്യൂണ്‍ഷ്യേച്ചര്‍ വഴി വത്തിക്കാനില്‍ സമര്‍പ്പിച്ചുു. അങ്ങനെ 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഭാരതത്തിലെ പ്രഥമ ദിവ്യകാരുണ്യ അത്ഭുതമായി വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
പരിശുദ്ധ സിംഹാനത്തിന്റെ സ്ഥിരീകരണം
2025 മെയ് 31ന് വിളക്കന്നൂര്‍ ദൈവാലയത്തില്‍ ഇന്ത്യയിലെ അന്നത്തെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പ് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് വിശ്വാസികളെ അറിയിച്ചത്.
തിരുവോസ്തിയില്‍ തെളിഞ്ഞുനില്ക്കുന്ന ഈശോയുടെ തിരുമുഖം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരുകയാണ്













































































































































































































































































































































































