വിമാനത്താവളത്തിൽ നിത്യാരാധന ചാപ്പൽ !!!

വിമാനത്താവളത്തിന്റെ ഭാഗമായി നിത്യാരാധന ചാപ്പൽ അത്യപൂർവ്വമാണ്. അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ
യാത്രക്കാർക്ക് സ്വസ്ഥമായുള്ള പ്രാർത്ഥനയ്ക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. അറ്റ്ലാന്റ വിമാനത്താവളത്തിലെ അധികൃതരും ജീവനക്കാരും ചാപ്ലിനും ഒരു ദിവ്യകാരുണ്യ ചാപ്പലിനായി മുന്നിട്ടിറങ്ങിയതോടെ അതിരൂപതയും സഹകരണവുമായി എത്തുകയായിരുന്നു. കണക്റ്റിങ് ഫ്ലൈറ്റുകൾക്കും നേരിട്ടുള്ള ഫ്ലൈറ്റുകൾക്കുമായി നിരവധി ആളുകൾ ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളം. പ്രതിദിനം ശരാശരി 3 ലക്ഷം യാത്രക്കാർ എയർപോർട്ടിൽ
എത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ഏകദേശം 5000 -ലതികം ജീവനക്കാർ എയർപോർട്ടിൽ ഒരേ സമയത്ത് ജോലി
ചെയ്യുന്നുമുണ്ട്. ചുരുക്കത്തിൽ ഒരു ചെറുപട്ടണത്തിന് സമാനമായ ജനസാന്നിധ്യം അറ്റ്ലാന്റ വിമാനത്താവളത്തിലുണ്ട്. ഇവിടെയാണ് 24 മണിക്കൂറും പ്രവേശനമുള്ള ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങിയിരിക്കുന്നത്. നിരവധി ജീവിതങ്ങളെ ദിവ്യകാരുണ്യ ചാപ്പൽ സ്പർശിക്കുന്നുണ്ടെന്ന് ചാപ്ലയിൻ ഫാദർ കെവിൻ പിക്ക് പറയുന്നു. ഏറ്റവും അപ്രതീക്ഷിതമായ സ്ഥലത്ത് ക്രിസ്തുവിനെ കണ്ടുമുട്ടാൻ ഒരു അവസരം
ഉണ്ടായിരിക്കുകയാണ്. വിമാനത്താവളത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സന്ദർശകർ സന്തോഷത്താൽ ഈറൻ അണിയുന്നതും
സന്തോഷം പ്രകടിപ്പിക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണെന്ന് ഫാദർ കെവിൻ പിക്ക് കൂട്ടിച്ചേർത്തു. അറ്റ്ലാന്റ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ക്രിസ്തുവിന്റെ യഥാർത്ഥ സ്നേഹത്തിൽ ആയിരിക്കാനും, അത് അനുഭവിക്കാനും കഴിയുമെന്നും ചാപ്ലിൻ
വെളിപ്പെടുത്തി. ദിവ്യകാരുണ്യ ചാപ്പലിൽ ശനി ഞായർ ദിവസങ്ങളിൽ വൈകിട്ട് 4:30ന് ദിവ്യബലി അർപ്പണവും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത
ദിവ്യബലി അർപ്പണങ്ങൾ യാത്രക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും ഞായറാഴ്ച ആചരണം മുടങ്ങാതിരിക്കാൻ സഹായിക്കുമെന്നും
ചാപ്ലിൻ വ്യക്തമാക്കി.




















































































































































































































































































































































































