കോവിഡ് നിയന്ത്രണങ്ങൾക്കിടെ പൊതു വിശുദ്ധ കുർബാന നിർത്തിവച്ചപ്പോൾ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഫിലാഡെൽഫിയ ആർച്ച്ബിഷപ് നെൽസൺ പെരസിന് കത്തെഴുതിയ മരിയ മിഡിൽടൺ വിശുദ്ധ പദവിയിലേക്ക് !!

കത്തോലിക്കാസഭയിലെ ആദ്യ മില്ലേനിയൽ വിശുദ്ധനായ കാർലോ അക്കുത്തിസിനു പിന്നാലെ രണ്ട് കൗമാരക്കാർകൂടി വിശുദ്ധപദവിയിലേക്കുള്ള പാതയിലേക്ക് നടന്നടുക്കുന്നു. ഇറ്റലിയിൽനിന്നുള്ള ജൂലിയ ഗബ്രിയേലിയും അമേരിക്കയിൽനിന്നുള്ള മരിയ മിഡിൽടണുമാണ് ചുരുങ്ങിയ ജീവിതംകൊണ്ട് വിശുദ്ധിയുടെ സൗരഭ്യം പരത്തി വിശുദ്ധാരാമത്തിലേക്ക് നടന്നടുക്കുന്നത്. അതിൽ, മരിയ മിഡിൽടൺ ന്റെ ജീവിതം ദിവ്യകാരുണ്യ സ്നേഹം കൊണ്ട് ശ്രദ്ധേയമാകുന്നു. നവംബർ 17 ന് ചേർന്ന അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ യോഗം മരിയയുടെ നാമകരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ നാമകരണ നടപടികൾക്കായുള്ള രൂപതാതല അന്വേഷണത്തിന് വഴിയൊരുങ്ങി. ബാല്യം മുതൽ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ജീവിതമായിരുന്നു മരിയയുടേത്. മൂന്നാം വയസ്സു മുതൽ അമ്മയോടൊപ്പം എല്ലാ ആഴ്ചയിലും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്ന മരിയ ജപമാലയോടും ദൈവകരുണയുടെ ജപമാലയോടും പരിശുദ്ധ അമ്മയോടും പ്രത്യേക ഭക്തി പുലർത്തിയിരുന്നു. വിശ്വാസം പ്രാർത്ഥനയിൽ മാത്രം ഒതുക്കാതെ പ്രവർത്തിയിലൂടെ പ്രകടിപ്പിച്ച മരിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അർഹരായ കുട്ടികൾക്കായി ധന സമാഹരണം നടത്തുകയും ചെയ്തു. പതിനാറാം വയസ്സിലാണ് മരിയയ്ക്ക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകാത്ത ബ്രെയിൻ സ്റ്റം ട്യൂമർ കണ്ടെത്തിയത്. എന്നാൽ രോഗവും വേദനയും മറ്റുള്ളവരെ സഹായിക്കുവാനുള്ള അവളുടെ ആഗ്രഹത്തെ തളർത്തിയില്ല. ഉഗാണ്ടയിലേക്കുള്ള യാത്രയ്ക്കിടെ മേക്ക് എ വിഷ് പദ്ധതിയിലൂടെ ലഭിച്ച സ്വന്തം ആഗ്രഹം നിറവേറ്റുവാനുള്ള അവസരം പോലും മറ്റൊരു വിദ്യാർത്ഥിക്കും കുടുംബത്തിനും അവരുടെ സ്കൂളിനും സഹായം നൽകാനായി അവൾ മാറ്റിവച്ചു. 2020ൽ കോവിഡ് നിയന്ത്രണങ്ങൾക്കിടെ പൊതു വിശുദ്ധ കുർബാന നിർത്തിവച്ചപ്പോൾ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി മരിയ ഫിലാഡെൽഫിയ ആർച്ച്ബിഷപ് നെൽസൺ പെരസിന് കത്തെഴുതി. തുടർന്ന് ആർച്ച്ബിഷപ് നേരിട്ടെത്തി അവൾക്കു ദിവ്യകാരുണ്യം നൽകി. രോഗം മൂർച്ഛിച്ച് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസാന നാളുകളിൽ, ഏറെ പ്രയാസപ്പെട്ട് അവൾ കുറിച്ച അവസാന വാക്കുകൾ ‘പ്രത്യാശയോടെ ചിന്തിക്കുക’ എന്നതായിരുന്നു. അവളുടെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷനും ഇതേ പേരാണു നൽകിയിരിക്കുന്നത്. 2020 ഒക്ടോബർ എട്ടിന് 18-ാം വയസിൽ മരിയ അന്തരിച്ചു. മാതാപിതാക്കളായ ബ്രയാനും സൂസനും ചേർന്ന് പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവളുടെ ജീവിതം പങ്കുവയ്ക്കുന്നുണ്ട്.




























































































































































































































































































































































































