June 30, 2026
#Experiences

തിരുഹൃദയ മാസത്തിലെ അവസാന ദിവസം, ‘നഖങ്ങള്‍ കൊണ്ട് കോറിയിട്ട’ തിരുഹൃദയ ചിന്ത!!

പോളണ്ടിലെ ഓഷ്വിറ്റ്‌സ് ( ഹോളോകോസ്റ്റിന്റെ ഭീതിദമായ ഓര്‍മ്മകള്‍ ഉറങ്ങുന്നയിടം) തടവറയില്‍ ‘ഡെത്ത് ബ്ലോക്ക്’ ( ക്യാമ്പിലെ ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ നടന്ന സ്ഥലം) ലെ 21-ാം നമ്പര്‍ സെല്ലിന്റെ ചുവരുകളില്‍ നഖങ്ങള്‍ കൊണ്ട് കോറിയിട്ട ഈശോയുടെ തിരുഹൃദയ ചിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ തടവുകാരനായിരുന്ന സ്റ്റെഫാന്‍ യാസിന്‍സ്‌കി എന്ന പോളിഷ് സൈനികനാണ് മരണത്തെ മുഖാമുഖം കണ്ട നാളുകളില്‍ ഈ ചിത്രം ചുവരില്‍ വരച്ചിട്ടത്. 1944-ന്റെ അവസാന നാളുകളിലാണ് പോളിഷ് സൈനിക ഉദ്യോഗസ്ഥനായ സ്റ്റെഫാന്‍ യാസിന്‍സ്‌കി ഓഷ്വിറ്റ്‌സിലെ ക്രൂര പീഡനങ്ങള്‍ അരങ്ങേറുന്ന ‘ബ്ലോക്ക് 11’-ല്‍ അടയ്ക്കപ്പെടുന്നത്. കടുത്ത നിരാശയും മരണഭയവും നിറഞ്ഞ ആ ഇരുണ്ട മുറിക്കും അണയ്ക്കാന്‍ കഴിയാതെ ജ്വലിച്ചു നിന്ന മനസിലെ വിശ്വാസത്തിന്റെ തീനാളം യാസിന്‍സ്‌കി തന്റെ നഖങ്ങള്‍ ഉപയോഗിച്ച് ചുവരുകളിലേക്ക് പകര്‍ത്തി. ഭീകരമായ പീഡനങ്ങളെ അതിജീവിച്ച ദൈവവിശ്വാസത്തിന്റെയും പ്രത്യാശയുടെയും ജീവനുള്ള സാക്ഷ്യമായി അദ്ദേഹം കോറിയിട്ട ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രം ഇന്നും നിലകൊള്ളുന്നു. തിരുഹൃദയത്തിന്റെ ചിത്രത്തിന് പുറമെ, യേശുവിന്റെ കുരിശുമരണം, ചില സൈനിക ചിഹ്നങ്ങള്‍, തടവറയിലെ ആഴ്ചകള്‍ എണ്ണുന്നതിനായുള്ള ഒരു കലണ്ടര്‍ എന്നിവയും അദ്ദേഹം ഈ സെല്ലിന്റെ ചുവരുകളില്‍ കോറിയിട്ടിട്ടുണ്ട്. 1945 ജനുവരി 27-നാണ് ഓഷ്വിറ്റ്‌സ് ക്യാമ്പ് നാസികളില്‍ നിന്ന് സോവിയറ്റ് സൈന്യം മോചിപ്പിക്കുന്നത്. എന്നാല്‍ ഈ ചരിത്രപരമായ മോചനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, 1945 ജനുവരി 1 -ന് യാസിന്‍സ്‌കി തടവറയ്ക്കുള്ളില്‍ വെച്ച് മരണപ്പെട്ടു.


കടപ്പാട്: ശാലോം ടൈംസ്

Share this :

Leave a comment

Your email address will not be published. Required fields are marked *