May 5, 2026
#Events #Experiences #Martyrs #Saints #Youth

എനിക്കെങ്ങനെ എന്റെ ദൈവത്തിന്റെ ഭവനം അടച്ചിടാനാകും; ബലിയർപ്പണമില്ലാതെ നമുക്ക് എങ്ങനെ ജീവിക്കാനാകും – വിശുദ്ധ ബലിയർപ്പണത്തെ തുടർന്ന് രക്തസാക്ഷിയായ ദൈവദാസനായ യുവ വൈദികൻ റഗേദ് അസീസ് ഗന്നിയുടെ ഓർമ്മക്കുറിപ്പുകൾ !!

2007 ജൂൺ മൂന്നാം തീയതി ഞായറാഴ്ച മൊസൂളിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ വെറും 35 വയസ്സുള്ള ഇറാഖി കൽദായ കാത്തലിക് വൈദികനായ റഗേദ് അസീസ് ഗന്നി കരുതിയിരുന്നില്ല ഇത് തന്റെ അവസാനത്തെ ബലിയർപ്പണം ആയിരിക്കുമെന്ന്. പക്ഷേ സംഭവിച്ചത് അങ്ങനെയായിരുന്നു. അന്ന് പരിശുദ്ധ കുർബാന കഴിഞ്ഞു മടങ്ങുമ്പോൾ അദ്ദേഹത്തിനൊപ്പം മൂന്ന് ഡീക്കന്മാരും ഉണ്ടായിരുന്നു. അച്ചന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയതിനാൽ സുരക്ഷക്ക് വേണ്ടിയായിരുന്നു അവർ അച്ചനൊപ്പം നടന്നത്. ഭയപ്പെട്ടിരുന്നതപോലെ തന്നെ സംഭവിച്ചു. ആയുധധാരികളായ ഒരു സംഘത്തിന്റെ മുൻപിലാണ് അവർ ചെന്നുപെട്ടത്. പരിശുദ്ധ കുർബാന അർപ്പിക്കരുതെന്നും, ദേവാലയങ്ങൾ അടച്ചിടണമെന്നും ഉഗ്രശാസന മുഴക്കിയിരുന്ന അതേ സംഘത്തിന്റെ മുൻപിൽ അതിൽ നേതാവെന്ന് തോന്നിക്കുന്നയാൾ അച്ചനോട് ചോദിച്ചു, പള്ളി അടച്ചിടാൻ പറഞ്ഞിട്ടും അതെന്താണ് അനുസരിക്കാത്തത്? അപ്പോൾ ഫാദർ റെഗീത് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. എനിക്കെങ്ങനെ എന്റെ ദൈവത്തിൻറെ ഭവനം അടച്ചിടാനാകും. ആ മറുപടി അക്രമി സംഘത്തെ രോഷാകുലരാക്കി. അങ്ങനെയെങ്കിൽ നാലുപേരും ഇസ്ലാം വിശ്വാസം സ്വീകരിച്ചേ മതിയാകൂ എന്നായി അക്രമികൾ. ആ ആവശ്യത്തെയും അച്ചനും ഡീക്കന്മാരും വളരെ നിസ്സാരമായി തള്ളിക്കളഞ്ഞു. പിന്നെ, വൈകിയില്ല, അക്രമികളുടെ കയ്യിലെ തോക്കുകൾ തീതുപ്പി. നാലുപേരുടെയും ഹൃദയത്തിലൂടെ വെടിയുണ്ടകൾ പാഞ്ഞുപോയി. അവർ ദൈവമേ എന്ന് നിലവിളിച്ചുകൊണ്ട് നിലത്തേക്ക് വീണു. ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും വിസ്മരിക്കാൻ ആവാത്ത രക്തസാക്ഷിത്വമായിരുന്നു അന്ന് അവിടെ സംഭവിച്ചത്. ഞായറാഴ്ചകളിലെ ബലിയർപ്പണമില്ലാതെ നമുക്ക് എങ്ങനെ ജീവിക്കാനാകും എന്ന് ചോദിച്ച ആ യുവവൈദികൻ തന്റെ ജീവിതത്തെ തന്നെ ബലിയാക്കി അവിടെ ദൈവപിതാവിന് സമർപ്പിക്കുകയായിരുന്നു. 1972 ജനുവരി 20ന് മൊസൂളിൽ ജനിച്ച റഗേദ് അസീസ് ഗന്നിക്ക് ഒരു വൈദികൻ ആകണമെന്നായിരുന്നു ചെറുപ്പം തൊട്ടെ ആഗ്രഹം. കൽദായ വിശ്വാസ പാരമ്പര്യത്തിൽ വേരൂന്ന ഒരു യൗവനകാലമായിരുന്നു അദ്ദേഹത്തിന്റേത്. ക്രൈസ്തവ വിശ്വാസത്തിലും തനിമയിലും ജീവിക്കുന്നത് അഭിമാനവും ധീരവുമായിട്ടാണ് അദ്ദേഹം കരുതി പോന്നിരുന്നത്. ഈ വിശ്വാസധീരതയാണ് ഒരു വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ വളർത്തിയത്. റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു തിയോളജി പഠനം പൂർത്തിയാക്കിയത്. റോമിൽ തന്നെ ശിഷ്ടകാലം ജീവിക്കാനുള്ള സാഹചര്യം അദ്ദേഹത്തിന ഉണ്ടായിരുന്നു എങ്കിലും തന്റെ ജനങ്ങൾക്ക് വേണ്ടി ജീവിക്കണമെന്ന അധമ്യമായ ആഗ്രഹം അച്ചനെ തിരികെ ഇറാഖിൽ എത്തിച്ചു.
ചെന്നായ്ക്കളുടെ കാലത്ത് ഒരു ഇടയൻ ഒരിക്കലും ആടുകളെ ഉപേക്ഷിച്ചു പോകരുത് എന്നായിരുന്നു ഇതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം. തനിക്ക് ലഭിക്കാൻ പോകുന്ന രക്തസാക്ഷിത്വത്തെ കുറിച്ചുള്ള പ്രവചനമായിട്ടായിരുന്നു അദ്ദേഹം ഇങ്ങനെ തന്റെ ഒരു സുഹൃത്തിന് എഴുതിയത് എന്ന് പിന്നീടുള്ള സംഭവ വികാസങ്ങൾ നമുക്ക് വ്യക്തമാക്കി തരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *