January 15, 2026
#Catechism #Experiences #International #Priests #Saints #Teachings of the Church #Theologians

“ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു; ദിവ്യകാരുണ്യമെന്ന അത്ഭുതം”

“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ. കത്തോലിക്ക സഭയിൽ 38 വേദപാരംഗതർ ഉണ്ട്. അവരിൽ എറ്റവും അവസാനമായി വേദപാരംഗതനായി പ്രഖ്യാപിക്കപ്പെട്ടതു വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാനാണ്. വിശുദ്ധ കുർബാനയുടെ വലിയൊരു ഭക്തനായ വിശുദ്ധൻ തന്റെ കത്തോലിക്ക സഭയിലേക്കുള്ള തിരിച്ചുവരവിന്റെ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്നത് ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു ദിവ്യകാരുണ്യമെന്ന അത്ഭുതം. 1801 ഫെബ്രുവരി 21 -ന് ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻറി ന്യൂമാന്റെ ജനനം. ഇരുപത്തിയഞ്ചാം വയസ്സിൽ, ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാന്റെ സാക്ഷ്യം. കർത്താവിനെ വിശുദ്ധൻ ഒരു വ്യകതിയായി കണ്ടതും സ്നേഹിച്ചതും ദിവ്യകാരുണ്യത്തിലായിരുന്നു. ഇത്രയും അടുത്ത് വരുന്ന ദിവ്യകാരുണ്യ സ്നേഹം എന്നും അദ്ദേഹത്തിനൊരു അതിശയമായിരുന്നു. എല്ലാം ദേവാലയങ്ങളിൽ നിന്നും തെരുവകളിലേക്കു മിഴിതുറന്നിരിക്കുന്ന ദിവ്യകാരുണ്യം അദ്ദേഹത്തെ അത്ഭുതപെടുത്തി. ദിവ്യകാരുണ്യ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിന് ആദരവും സ്നേഹവും സമർപ്പിക്കുന്നതിൽ അദ്ദേഹം ഒത്തിരി ശ്രദ്ധിച്ചിരുന്നു. പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന ന്യൂമാൻ, ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പ്രസ്ഥാനത്തിനു രൂപംനൽകി. Oxford Movement എന്നാണ് അത് അറിയപ്പെടുന്നത്. എല്ലാ സഭാവിഭാഗങ്ങൾക്കും പൊതുവായുള്ള സഭാപിതാക്കന്മാരെപ്പറ്റി പഠിക്കാൻ അവർ ആരംഭിച്ചു. ആദ്യനൂറ്റാണ്ടു മുതലുള്ള പാരമ്പര്യത്തെ ബഹുമാനിക്കുന്ന നിലപാടിലായിരുന്നു അവർ. ആംഗ്ലിക്കൻ സഭയെയും യഥാർഥ പാരമ്പര്യത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഈ പ്രസ്ഥാനം ശ്രമിച്ചു. 44 -ാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഹെൻറി ന്യൂമാൻ 1847 -ൽ കത്തോലിക്കാ വൈദികനായി അഭിഷിക്തനായി. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻറി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിന് നേതൃത്വം വഹിച്ചു. 1879 -ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കര്‍ദിനാളായി ഉയർത്തി. 1890 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻറി ന്യൂമാൻ മരണമടഞ്ഞു. കര്‍ദിനാള്‍ ജോൺ ഹെൻറി ന്യൂമാനെ 2010 സെപ്റ്റംബർ 19 -ന് ബനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പ വിശുദ്ധനായും, 2025 നവംബര് 01 -നു ലിയോ പാപ്പാ അദ്ദേഹത്തെ വേദപാരംഗതനുമായി പ്രഖ്യാപിച്ചു. 40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും 30 കവിതകളും കര്‍ദിനാള്‍ ന്യൂമാന്റെ പേരിലുണ്ട്. ദൈവവുമായുള്ള വ്യക്തിബന്ധത്തിന് വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകളായിരുന്നു അവയിൽ ഭൂരിഭാഗവും. പത്തൊമ്പതാം നൂറ്റാണ്ടിൽ നൂറുകണക്കിന് ആഗ്ലിക്കൻ പുരോഹിതന്മാർക്ക് കത്തോലിക്കാ സഭയിൽ ചേരാൻ പ്രചോദനമായത് കര്‍ദിനാള്‍ ന്യൂമാന്റെ വാക്കുകളും പ്രവർത്തികളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനെയും ന്യൂമാന്റെ ചിന്തകൾ ശക്തമായി സ്വാധീനിച്ചട്ടുണ്ട്. അപ്പോളജിയ (Apologia Pro Vita Sua) എന്നു പേരിട്ടിരിക്കുന്ന ന്യൂമാന്റെ ആത്മകഥ സാഹിത്യനിരൂപകന്മാരുടെ അഭിപ്രായത്തിൽ സാഹിത്യചരിത്രത്തിലെ മികച്ച ആത്മകഥകളിലൊന്നാണ്. 2001 -ൽ കര്‍ദിനാള്‍ ന്യൂമാന്റെ ഇരുനൂറാം ജന്മവാർഷികത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ, വിശ്വാസവും യുക്തിയും (Faith and Reason) രണ്ടു ചിറകുകളായുള്ള ദൈവശാസ്ത്രജ്ഞനായിട്ടാണ് ഹെൻറി ന്യൂമാനെ വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് വളരെ ആത്മബന്ധമുള്ള ക്രിസ്തീയചിന്തകനായിരുന്നു കര്‍ദിനാള്‍ ന്യൂമാൻ. കര്‍ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ടതന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ് ഉപമിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രശസ്തമായ പ്രൊഫസർഷിപ്പ് ഉപേക്ഷിച്ചാണ് നാൽപത്തിനാലാം വയസ്സിൽ ന്യൂമാൻ, ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ സഭയിലേക്കു വരുന്നത് (1845 ഒക്ടോബർ 9). കത്തോലിക്കാ സഭയിലേക്കു വന്ന ദിവസമാണ് വിശുദ്ധന്റെ തിരുനാൾ ദിനമായി സഭ ആഘോഷിക്കുന്നത്. കര്‍ദിനാള്‍ ന്യൂമാന്റെ ആപ്തവാക്യം ‘Cor ad cor loquitur (heart speaks to heart) – ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു’ എന്നായിരുന്നു. കര്‍ദിനാള്‍ ന്യൂമാൻ വെറുമൊരു പ്രഭാഷകനായിരുന്നില്ല; ഏറ്റവും നല്ല പ്രഭാഷകനായിരുന്നു, വെറുമൊരു വൈദികനായിരുന്നില്ല; തീക്ഷ്ണതയുള്ള വൈദികനായിരുന്നു. പാവങ്ങളെയും രോഗികളും നിരന്തരം സന്ദർശിച്ചിരുന്ന കര്‍ദിനാള്‍, സ്വന്തം ജീവിതംകൊണ്ട് മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിനു ഭാഷ്യമൊരുക്കി.

വിശുദ്ധൻ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ഈ വിധം പ്രാർത്ഥിച്ചിരുന്നു.
അത്യന്തം പരിശുദ്ധനും, ഏറ്റവും സ്നേഹമുള്ളവനുമായ ഈശോയുടെ തിരുഹൃദയമേ, അങ്ങ് പരിശുദ്ധ കുർബാനയിൽ മറഞ്ഞിരിക്കുന്നു,
എപ്പോഴും അങ്ങ് ഞങ്ങൾക്കുവേണ്ടി സ്പന്ദിക്കുന്നു.
അന്നത്തെപ്പോലെ ഇന്നും അങ്ങ് പറയുന്നു: “ഞാൻ തീവ്രമായ ആഗ്രഹത്തോടെ ആഗ്രഹിക്കുന്നു.”
എൻ്റെ ഏറ്റവും വലിയ സ്നേഹത്തോടും ഭയഭക്തിയോടും,
ഉജ്ജ്വലമായ വാത്സല്യത്തോടും,
എൻ്റെ ഏറ്റവും വിനയമുള്ളതും നിശ്ചയദാർഢ്യമുള്ളതുമായ മനസ്സോടെ ഞാൻ അങ്ങയെ ആരാധിക്കുന്നു.
ഓ, എൻ്റെ ഹൃദയത്തെ അങ്ങയുടെ ഹൃദയത്തോടൊപ്പം സ്പന്ദിക്കാൻ ഇടയാക്കണമേ!
അതിലുള്ള ഭൗമികമായതെല്ലാം, അഹങ്കാരവും ജഡികവുമായതെല്ലാം, എല്ലാ ദുഷ്പ്രവണതകളും,
എല്ലാ അസ്വസ്ഥതകളും, മരവിപ്പും ശുദ്ധീകരിക്കണമേ.
അങ്ങയെക്കൊണ്ട് അതിനെ നിറയ്ക്കണമേ, അതുവഴി ദിവസത്തെ സംഭവങ്ങൾക്കോ, കാലഘട്ടത്തിലെ സാഹചര്യങ്ങൾക്കോ,
അതിനെ അസ്വസ്ഥമാക്കാൻ കഴിയാതിരിക്കട്ടെ.
എന്നാൽ, അങ്ങയുടെ സ്നേഹത്തിലും ഭയത്തിലും എൻ്റെ ഹൃദയത്തിന് സമാധാനം ലഭിക്കട്ടെ.
ആമേൻ.

Share this :

Leave a comment

Your email address will not be published. Required fields are marked *