June 15, 2026
#Experiences

ഈശോ എന്റെ അടുത്ത് വന്നിട്ട് പോയില്ലേ !!

ഈ നാളുകളിൽ വിശുദ്ധ കുർബാനയെക്കുറിച്ചു നിരവധി അനുഭവങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട്. അതിലൊന്ന് മാനന്തവാടി രൂപതയിലെ നടവയലുകാരി ജോബിത എന്ന 33 വയസുകാരിയുടെ അനുഭവക്കുറിപ്പാണ്. ശാരീരിക വൈകല്യങ്ങളുടെയും, രോഗങ്ങളുടെയും ബുദ്ധിമുട്ടുകൾക്കിടയിൽ ദിവ്യകാരുണ്യത്തെ സ്നേഹിക്കുന്ന ഒരു മാലാഖ. ജോബിതയുടെ ‘അമ്മ പങ്കുവെക്കുന്നു; അവൾക്ക് പള്ളിയിൽ പോകണമെന്ന് നിർബന്ധമാണ്. അവൾ പറഞ്ഞു കഴിഞ്ഞാൽ ഞാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് അവളെ കൊണ്ടുപോകും. പക്ഷേ, പപ്പയ്ക്ക് (അപ്പച്ചന്) ഇത് ഒട്ടും ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവർ അവളെക്കുറിച്ച് ഇങ്ങനെ ഓരോന്ന് ചോദിക്കുമ്പോൾ ഭർത്താവിന് പെട്ടെന്ന് വിഷമം വരും, സ്വഭാവം മാറും. അതുകൊണ്ട് അവളെയും കൊണ്ട് എവിടെയും പോകാൻ അദ്ദേഹം സമ്മതിക്കുമായിരുന്നില്ല. ഈ വിഷമങ്ങളൊന്നും ഞാൻ അവളെ അറിയിച്ചിരുന്നില്ല. എങ്കിലും, അങ്ങനെയുള്ള കുറവുകൾ ഉള്ളിടത്തും കർത്താവ് പ്രവർത്തിക്കുകയായിരുന്നു. വളരെ അത്ഭുതകരമായ രീതിയിലാണ് അവൾ പല കാര്യങ്ങളും ചെയ്യുന്നത്. അവൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരു പ്രത്യേകതയുണ്ട്. ചിലപ്പോൾ അച്ചന്മാർ പോലും അവളുടെ അടുത്ത് വന്ന് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാറുണ്ട്. ചില കാര്യങ്ങളൊക്കെ അവൾ മുൻകൂട്ടി പറയും. ഞാൻ എന്തെങ്കിലും ഒരു കാര്യം പറയാൻ വരുമ്പോഴേക്കും അവൾ അത് മുൻകൂട്ടി പറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും; അത് പിന്നീട് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും. ജോബിതയ്ക്ക് വിശുദ്ധ കുർബാനയോടുള്ള ഈ ഭക്തിയും തീഷ്ണതയും പ്രാർത്ഥിച്ച് ഈശോയുടെ അടുത്ത് നിന്ന് തന്നെ ചോദിച്ചു വാങ്ങിയതാണ്. അവൾക്ക് പതിനൊന്നാമത്തെ വയസ്സിലാണ് ആദ്യകുർബാന കിട്ടിയത്, അന്ന് അവളുടെ ജന്മദിനം കൂടിയായിരുന്നു. അക്കാലത്ത് അവൾക്ക് ഈശോയോട് ഭയങ്കരമായ സ്നേഹമായിരുന്നു. ഒരു ദിവസം ഞാൻ കാപ്പിക്കുരു പറിച്ചിട്ട് വരുമ്പോൾ അവൾ രണ്ടു കൈയും വിരിച്ച്, മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നത് കണ്ടു. “എന്താ മോളേ പ്രാർത്ഥിക്കുന്നത്?” എന്ന് ചോദിച്ചപ്പോൾ, ” ഈശോയെ സ്വീകരിക്കാൻ എന്നെ ഒരുക്കണമേ എന്ന് മാത്രമാണ് മമ്മി ഞാൻ പ്രാർത്ഥിക്കുന്നത്” എന്നായിരുന്നു അവളുടെ മറുപടി. അത്രയധികം പ്രാർത്ഥിച്ചാണ് അവൾക്ക് അത് ലഭിച്ചത്. വിശുദ്ധ കുർബാന സ്വീകരിക്കുന്ന കാര്യത്തിൽ അവൾക്കുണ്ടായ ഒരു അനുഭവം കൂടിയുണ്ട്. ഒരു ദിവസം കുർബാന കൈക്കൊള്ളാനായി ഞങ്ങൾക്ക് രണ്ടുപേർക്കും സാധിച്ചില്ല. അച്ചന്മാരും സിസ്റ്റേഴ്സും ഒക്കെ വിതരണം ചെയ്ത് കടന്നുപോയി. ഞങ്ങൾ ഒരു തൂണിന്റെ ചുവട്ടിലാണ് നിന്നിരുന്നത്. എനിക്കും കൊച്ചിനും കുർബാന കിട്ടിയില്ല. അതോടെ അവൾ ഭയങ്കരമായി ഏങ്ങലടിച്ച് കരയാൻ തുടങ്ങി. എനിക്ക് അതൊരു നാണക്കേട് പോലെ തോന്നി. പക്ഷേ, അവളുടെ ഹൃദയത്തിൽ വിഷമം തോന്നാൻ കാരണം, “ഈശോ എന്റെ അടുത്ത് വരാതെ പോയി” എന്ന ചിന്തയായിരുന്നു. അവൾ കരച്ചിൽ നിർത്താൻ വേണ്ടി ഞാൻ ചെറുതായി ഒന്ന് നുള്ളി നോക്കിയെങ്കിലും അവൾ വീണ്ടും ഉച്ചത്തിൽ കരഞ്ഞു. ഞങ്ങളുടെ കരച്ചിൽ കണ്ടിട്ട് പുറകിൽ നിന്ന ഒരു ചേട്ടൻ പോയി അന്നത്തെ അച്ചനോട് (അച്ചൻ ഇപ്പോൾ മരിച്ചുപോയി) വിവരം പറഞ്ഞു. ഇതിനിടയിൽ അവിടെയുണ്ടായിരുന്ന മുണ്ടക്കൽ അമ്മച്ചി എന്നോട് മുൻപിലിരിക്കുന്ന മദറിനോട് ചെന്ന് പറയാൻ ആവശ്യപ്പെട്ടു. കൊച്ചിന്റെ കരച്ചിൽ കണ്ട് എനിക്കും സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ ഞാൻ മദറിനോട് പറഞ്ഞു, മദർ അച്ചനോട് സംസാരിച്ചു. ഞങ്ങൾ അങ്ങോട്ട് ചെല്ലുമ്പോഴേക്കും അച്ചൻ വന്ന് സക്രാരി തുറന്ന്, അവൾക്ക് കുർബാന നൽകി. അപ്പോൾ അവൾ എന്നോട് പറഞ്ഞു, “മമ്മിക്ക് എന്റെ വിഷമം അറിയില്ല, മമ്മി എല്ലാ ദിവസവും കുർബാന സ്വീകരിക്കുന്നതല്ലേ… എന്റെ അടുത്ത് വന്നിട്ട് ഈശോ പോയപ്പോഴുള്ള സങ്കടം മമ്മിക്ക് മനസ്സിലാകില്ല.” കുർബാന കിട്ടിയതോടെ അവൾക്ക് ഭയങ്കര സന്തോഷമായി. പണ്ടൊക്കെ തൂണിന്റെ പുറകിൽ ഒളിച്ചു നിന്ന അവസ്ഥയായിരുന്നെങ്കിൽ, ഇപ്പോൾ പള്ളിയിൽ ചെന്നാൽ അവൾ ഏറ്റവും മുന്നിൽ തന്നെയാണ് ഇരിക്കാറുള്ളത്. ആദ്യമൊക്കെ എല്ലാവരും ഇവളെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് എന്തോ ഒരു വിഷമം തോന്നുമായിരുന്നു; പക്ഷേ ഇപ്പോൾ അതില്ല. അവൾക്ക് കുർബാന മുഴുവനായും കൂടണം. കുർബാനയിൽ സക്രാരിയിൽ നിന്ന് ഈശോയെ എടുത്തുകൊണ്ട് വരുമ്പോൾ തന്നെ അവളുടെ കൈകൾ പ്രാർത്ഥനാപൂർവ്വം ഉയരും. കുർബാന തുടങ്ങി അവസാനം വരെ അവൾ അങ്ങനെ തന്നെ ഇരിക്കും.

Share this :

Leave a comment

Your email address will not be published. Required fields are marked *