വിശുദ്ധ കുർബാനയുടെ വിവിധ പേരുകൾ
അപ്പം മുറിക്കൽ, കർത്താവിന്റെ അത്താഴം എന്നീ പേരുകളിലാണ് വിശുദ്ധ കുർബാന ആദ്യം സഭയിൽ അറിയപ്പെട്ടിരുന്നത്. കൃതജ്ഞതാ സ്തോത്ര പ്രാർത്ഥന എന്ന അർത്ഥം വരുന്ന 'യൂക്കരിസ്റ്റ്'; എന്ന പേരാണ് ഇന്ന് സാർവത്രികമായി വിശുദ്ധ കുർബാനയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ജസ്റ്റിൻ വിശുദ്ധ കുർബാനയെക്കുറിച്ച് എഴുതിയ കൃതിയിൽ യൂക്കരിസ്റ്റ് എന്ന പേര് ഉപയോഗിക്കുന്നുണ്ട്. ദൈവത്തിനു സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനയാണ് മുഖ്യമായും കുർബാനയിലുള്ളത് എന്ന അർത്ഥത്തിലാണ്, കുർബാന ആഘോഷത്തിന് മുഴുവനായും യൂക്കരിസ്റ്റ് എന്ന പേര് കൈവന്നത്. ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയെ ഹോളി മാസ്സ് എന്നാണ് വിളിക്കുന്നത്. പാശ്ചാത്യ പാരമ്പര്യത്തിൽ നിന്നാണ് 'മാസ്' എന്ന പേര് പ്രചാരത്തിൽ ഉള്ളത്. കുർബാനയുടെ സമാപനത്തിലുള്ള പറഞ്ഞയക്കൽ കർമ്മത്തിൽ നിന്നാണ് മാസ് എന്ന പേരിന്റെ ഉത്ഭവം. വിശ്വാസികളെ അനുദിന ജീവിതത്തിൽ ദൈവഹിതം നിറവേറ്റുന്നതിന് വേണ്ടി പറഞ്ഞയക്കുന്നു എന്നാണ് 'മാസ്സാ' എന്ന പദം അർത്ഥമാക്കുന്നത്. സുറിയാനി പാരമ്പര്യം റാസ എന്ന പേരിനാണു മുൻഗണന നൽകുന്നത്. റാസ എന്ന സുറിയാനി വാക്കിന്റെ അർത്ഥം 'രഹസ്യം' എന്നാണ്. ഈ പദത്തിന്റെ ബഹുവചനരൂപമായ റാസ - രഹസ്യങ്ങൾ എന്ന പദമാണ് പൗരസ്ത്യ സുറിയാനി കുർബാനയുടെ ശീർഷകമായി പുസ്തകങ്ങളിൽ കാണുന്നത്. ആഘോഷം എന്ന അർത്ഥത്തിലാണ് കുർബാനയെ റാസാ എന്ന് വിളിക്കുന്നത്. ഇന്ന് സീറോ മലബാർ ക്രമത്തിൽ കുർബാനയുടെ ഏറ്റവും ആഘോഷപൂർവ്വമായ ക്രമത്തെയാണ് റാസ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ മലങ്കര യാക്കോബായ ഓർത്തഡോക്സ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആഘോഷപൂർവ്വമായ പ്രദിക്ഷണമാണ് റാസ എന്നറിയപ്പെടുന്നത്. ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ള പേര് വിശുദ്ധ കുർബാന എന്നാണ്. കേരളത്തിലെ മിക്ക ക്രൈസ്തവ സഭകളും ഉപയോഗിച്ചു വരുന്ന ഈ പേര് സുറിയാനി ഭാഷയിൽ നിന്നുള്ളതാണ്. അർപ്പണം, അർപ്പിത വസ്തു എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. മലയാളത്തിൽ ബലി എന്ന അർത്ഥം വരുന്നതുകൊണ്ട് ആണ് കുർബാനയെക്കുറിച്ച് ദിവ്യബലി എന്നു പറയുന്നത്.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം