ജീവന്റെ വൃക്ഷം; കുരിശു മരവും
ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന് ഒരു സൂചനയും വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഈശോ കുരിശിൽ മരിച്ചപ്പോൾ ലഭിച്ചതും ജീവൻ നൽകുന്ന ഫലങ്ങളാണ്. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ഫലമാണ് നിത്യജീവനിലുള്ള പങ്കാളിത്തം. കുർബാനയിൽ ഭാഗഭാക്കാകുന്നവർ ഈ ലോകത്തിൽ വച്ച് തന്നെ നിത്യജീവന്റെ അവകാശികളായി മാറുന്നു. ഏദൻ തോട്ടത്തിൽ വച്ച് ആദ്യ മാതാപിതാക്കൾ നഷ്ടപ്പെടുത്തിയ നിത്യ ജീവൻ നമുക്ക് ലഭ്യമാകുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്.