December 22, 2024
#Children #Experiences #Youth

ഇത് വല്ലാത്തൊരു കഥ !!!

ആശുപത്രി വരാന്തയിലൂടെ വേഗം നടക്കുമ്പോഴാണ് കൊച്ചച്ചൻ ആ വിളി കേട്ടത്, അച്ചാ ഈ റൂമിലേക്ക് ഒന്നു വരാമോ? തിരിഞ്ഞു നോക്കിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കന്യാസ്ത്രിയായ നേഴ്സാണ്. ഒരു മനുഷ്യൻ ദിവസങ്ങളായി മരണക്കിടയിലാണ്
ഞങ്ങൾ പല വൈദീകരെയും അദ്ദേഹത്തിൻ്റെ മുറിയിൽ കൊണ്ടുപോയെങ്കിലും അവരെയെല്ലാം അദ്ദേഹം ചീത്ത പറഞ്ഞു തിരിച്ചയച്ചു.
ഈശോയെക്കുറിച്ച് പറയുന്നത് അവനു ഇഷ്ടമല്ല. പക്ഷേ അവൻ മരിക്കാൻ പോവുകയാണ്. അച്ചനു അവനെ ഒന്നു സന്ദർശിക്കാമോ?
വൈദീകൻ മുറിക്കുള്ളിൽ പ്രവേശിച്ചു തന്നെത്തന്നെ രോഗിക്കു പരിചയപ്പെടുത്തി. ശാപവാക്കുകൾ കേൾക്കാനായിരുന്നു ആ കൊച്ചച്ചൻ്റെ വിധി. എനിക്കു തന്നോട് ഒന്നും സംസാരിക്കാനില്ല പുറത്തു പോകൂ എന്നദ്ദേഹം ആക്രോശിച്ചു. ഒന്നും ഒരിയാടാതെ അച്ചൻ പുറത്തിറങ്ങി വരാന്തയിലൂടെ മുന്നോട്ടു നടന്നു.
അച്ചാ…
വീണ്ടും ആ കന്യാസ്ത്രി നേഴ്സിൻ്റെ വിളി, അച്ചാ ദയവായി ഒന്നു കൂടെ വരാമോ പ്ലീസ്?
അദേഹത്തിനു എന്നിൽ നിന്നു യാതൊന്നും ആവശ്യമില്ല, അച്ചൻ മറുപടി നൽകി.
അച്ചാ ഒരിക്കൽകൂടി അവനൊരു അവസരം. കന്യാസ്ത്രി കെഞ്ചി’
മനസ്സില്ലാമനസ്സോടെ കൊച്ചച്ചൻ തിരികെ നടന്നു. ഇനിയെന്താണോ സംഭവിക്കുന്നത് ദൈവമേ എന്ന ആത്മഗതത്തോടെ അച്ചൻ മുറിക്കുള്ളിൽ വീണ്ടും പ്രവേശിച്ചു. ഞാൻ നിന്നെ കുമ്പസാരിപ്പിക്കുന്നതിനോ വിശുദ്ധ കുർബാന സ്വീകരിപ്പിക്കാൻ നിർബദ്ധിക്കുന്നതിനോ വന്നതല്ല.
നിൻ്റെ അടുത്തിരുന്നു ദൈവകരുണയുടെ ജപമാല ചൊല്ലുവാൻ എന്നെ അനുവദിക്കുമോ?
നീ എന്തു വേണമെങ്കിലും ചെയ്തോ, അത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല.” വൃദ്ധൻ മറുപടി നൽകി.
കൊച്ചച്ചൻ അവൻ്റെ കിടയ്ക്കരികിലിരുന്നു ദൈവകരുണയുടെ ജപമാല ചൊല്ലുവാൻ ആരംഭിച്ചു.
“ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്;
പിതാവേ ഞങ്ങളുടെമേലും, ലോകം മുഴുവന്റെ മേലും, കരുണയായിരിക്കണമേ.”
പൊടുന്നനെ അലറിക്കൊണ്ട് ആ വൃദ്ധൻ പറഞ്ഞു നിർത്തികൊള്ളണം ദൈവകരുണ.
ചാടി എണീറ്റ് കൊച്ചച്ചൻ ചോദിച്ചു എന്തു പറ്റി.
“എനിക്ക് കരുണ ലഭിക്കുകയില്ല.”വൃദ്ധൻ മറുപടി നൽകി. അങ്ങനെ പറയാൻ കാരണമെന്താണ് ? വൈദീകൻ ആരാഞ്ഞു.
അത് പറഞ്ഞിട്ട് തനിക്കു എന്തു കിട്ടാനാണ് വൃദ്ധൻ ഒഴിത്തുമാറാൻ നോക്കി. കുറേ കഴിഞ്ഞപ്പോൾ
ദൈവത്തിൻ്റെ കരുണ തനിക്കു ലഭിക്കുകയില്ല എന്ന വൃദ്ധൻ്റെ സംശയത്തിനു നിവാരണം നൽകാൻ വൈദീകൻ തീരുമാനിച്ചു.
കൊച്ചച്ചൻ പിന്മാറുകയില്ലന്നു കണ്ടപ്പോൾ വൃദ്ധൻ തൻ്റെ ജീവിതകഥ ആ വൈദീകനു മുമ്പിൽ തുറക്കാൻ തുടങ്ങി.
ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരു റെയിൽവേ ഗേറ്റിൽ കാവൽക്കാരനായി ജോലി ചെയ്തിരുന്ന സമയം. ഒരു രാത്രി ഞാൻ അധികം മദ്യപിച്ചിരുന്നതിനാൽ ഗേറ്റ് അടയ്ക്കാൻ മറന്നു പോയി. അതിനിടയിൽ ട്രെയിനും വന്നു.
ഒരു ഭാര്യയും ഭർത്താവും അവരുടെ മൂന്ന് കൊച്ചുകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൻ്റെ കാർ ട്രെയിൻ വരുമ്പോൾ ട്രാക്കിൽ ഉണ്ടായിരുന്നു, എന്റെ അശ്രദ്ധ നിമിത്തം അവരെല്ലാവരും തൽക്ഷണം കൊല്ലപ്പെട്ടു. അത് എൻ്റെ ഭാഗത്തു നിന്നു സംഭവിച്ച വലിയ തെറ്റായിരുന്നു. അതുകൊണ്ട് ദൈവം എന്നോട് ഒരു ദയയും കാണിക്കില്ല. എനിക്കായി നരകം കാത്തിരിക്കുന്നു.
വൈദീകൻ തൻ്റെ കൈകളിലെ ജപമാലയിലേക്ക് നോക്കി വെറുതെ ഇരുന്നതയുള്ളു . അവസാനം അച്ചൻ ആ വൃദ്ധനോടു ചോദിച്ചു, “ഇത് എവിടെയാണ് സംഭവിച്ചത്?”
ആ മനുഷ്യൻ പോളണ്ടിലെ ഒരു പട്ടണത്തിൻ്റെ പേര് പറഞ്ഞു.
പുരോഹിതൻ മുഖമുയർത്തി ആശുപത്രി റൂമിലെ ക്രൂശിത രൂപത്തെ നോക്കിപ്പറഞ്ഞു: “ഇരുപത്തിയഞ്ച് വർഷം മുമ്പ്, എൻ്റെ അമ്മയും അപ്പനും എൻ്റെ ഇളയ മൂന്നു സഹോദരങ്ങളെയും കൊണ്ട് ഒരു യാത്രയ്ക്ക് പോയി. അന്ന് എനിക്ക് അവരുടെ കൂടെ പോകാൻ കഴിഞ്ഞില്ല. അവർ താങ്കൾ പറഞ്ഞ പട്ടണത്തിലൂടെ കാറോടിക്കുമ്പോൾ റെയിൽവേ ട്രാക്കിൽ വച്ചു അപകടത്തിൽപ്പെട്ടു. ആ രാത്രിയിൽ എൻ്റെ കുടുംബവും എൻ്റെ പ്രിയപ്പെട്ടവരും എനിക്കു നഷ്ടപ്പെട്ടു.”
അടുത്ത വാക്കുകൾ രോഗിയായ ആ മനുഷ്യൻ്റെ മുഖത്തു നോക്കിയാണ് കൊച്ചച്ചൻ പറഞ്ഞത്: “എൻ്റെ സഹോദരാ, ദൈവം താങ്കളോട് ക്ഷമിക്കുന്നു. ദൈവം മാത്രമല്ല , ഞാനും താങ്കളോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നു.
ദൈവത്തിൻ്റെ കാരുണ്യം തനിക്കുണ്ടെന്ന് മനുഷ്യൻ ആ അവസരത്തിൽ തിരിച്ചറിഞ്ഞു. അയാൾ ഹൃദയം പൊട്ടിക്കരഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ ആ മനുഷ്യനോടു ചോദിച്ചു.
“താങ്കളുടെ കുമ്പസാരം കേൾക്കാനും കുർബാന നൽകാനും എന്നെ അനുവദിക്കുമോ?”
നിറമിഴികളോടെ സമ്മതം മൂളിയ ആ വൃദ്ധനേ വൈദീകൻ കുമ്പസാരിപ്പിക്കുകയും വിശുദ്ധ കുർബാന കൊടുക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ആ രോഗി മരിച്ചു. ദൈവ കരുണ വിജയം വരിച്ചു.
കഥ ഇവിടെ തീരുന്നില്ല. രോഗിക്ക് വിശുദ്ധ കുർബാന നൽകിയ ശേഷം, കൊച്ചച്ചൻ തന്നെ റൂമിലേക്കു പറഞ്ഞു വിട്ട കന്യാസ്ത്രീയെ അവിടെയെല്ലാം അന്വേഷിച്ചു. പക്ഷേ അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ആശുപത്രി അധികൃതരോടു കന്യാസ്ത്രിയെപ്പറ്റി ചോദിച്ചപ്പോൾ “ഞങ്ങൾ ഈ ആശുപത്രിയിൽ കന്യാസ്ത്രീകളെ ജോലിക്കായി നിയമിക്കുന്നില്ല” എന്നായിരുന്നു മറുപടി.
വർഷങ്ങൾ കന്യാസ്ത്രീയെ തിരഞ്ഞെങ്കിലും ആ വൈദികന് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരിക്കൽ അദ്ദേഹം വിശുദ്ധ ഫൗസ്റ്റീന താമസിച്ചിരുന്ന വിൽനിയസ് പട്ടണത്തിലെത്തി. അവിടെയുള്ള കന്യാസ്ത്രി മഠത്തിൽ കുർബാന അർപ്പിക്കാൻ പോയപ്പോൾ ചുവരിൽ സി. ഫൗസ്റ്റീനയുടെ ചിത്രം കണ്ട് ഈ സിസ്റ്ററിനെ ഞാൻ കണ്ടിട്ടുണ്ടെന്നും വർഷങ്ങളായി അവരെ അന്വേഷിച്ചു നടക്കുകയാണെന്നും പുരോഹിതൻ പറഞ്ഞു.
”അച്ചനു ആളു മാറിയതായിരിക്കും ഇത് ഞങ്ങളുടെ സിസ്റ്റർ ഫൗസ്റ്റീനയാണ് അവൾ 1938 ൽ ഈശോയുടെ സന്നിധിയിലേക്ക് പോയതാണ്.” മദർ സുപ്പീരിയർ അച്ചനോടു പറഞ്ഞു.
ഇതിനിടയിൽ രോഗിയുടെ മുറിയിലേക്ക് പോകാൻ പറഞ്ഞതും
ദൈവകരുണ കൊടുക്കാൻ തന്നെ ഉപകരണമാക്കിയതും സിസ്റ്റർ ഫൗസ്റ്റീനയാണെന്ന് ആ കൊച്ചച്ചൻ തിരിച്ചറിഞ്ഞിരുന്നു.
ദിവകാരുണ്യത്തിന്റെ മഹാ വിസ്‌മയത്തിനു മുമ്പിൽ നമ്രശിരസ്സനാകാനേ ആ പുരോഹിതനാകുമായിരുന്നുള്ളു.


ഫാ. ജയ്സൺ കുന്നേൽ mcbs


കടപ്പാട് : നെൽസൺ mcbs, വെബ്സൈറ്റ്

Share this :

Leave a comment

Your email address will not be published. Required fields are marked *