December 22, 2024
#History

വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും

      ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുർബാനയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പഠിപ്പിക്കുന്നു (തിരുസഭ 11). വിശ്വാസികളുടെ സമൂഹത്തിന്റെ കേന്ദ്രമാണ് വിശുദ്ധ കുർബാന (വൈദികർ 5). സഭയുടെ ജീവിതത്തിന്റെ ഉറവിടവും ഭാവിമഹത്വത്തിന്റെ അച്ചാരവുമാണത് (സഭൈക്യം 15). സഭ, സഭയായി രൂപംകൊള്ളുന്നതുതന്നെ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിലാണ് (1 കോറി 11, 18). സഭ പടുത്തുയർത്തപ്പെടുന്നതും വളരുന്നതും വിശുദ്ധ കുർബാനയിലാണെന്ന് സഭൈക്യത്തെക്കുറിച്ചുള്ള ഡിക്രിയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (സഭൈക്യം 15). വിശുദ്ധ കുർബാനയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയസമൂഹം കെട്ടിപ്പടുക്കുക സാധ്യമല്ല (വൈദികർ 6).

      ഇസ്രയേലിന്റെ വിമോചനാനുഭവത്തിന്റെ അനുസ്മരണമായ പെസഹാ ഭക്ഷണത്തിന്റെ സന്ദർഭത്തിലാണ് ഈശോമിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ചത്. ഓരോ വർഷവും പെസഹായ്ക്ക് ഇസ്രായേൽ ജനം ഭക്ഷിക്കുന്ന കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും ഈജിപ്തിൽ നിന്നുള്ള അവരുടെ വിമോചനത്തെയും പുറപ്പാടിനെയും അനുസ്മരിപ്പിച്ചു (പുറ 12). പെസഹാ ഭക്ഷണത്തിന്റെ അവസാനഭാഗത്തുള്ള അപ്പത്തിന്റെയും കാസയുടെയും ആശീർവാദത്തിന് നവീനവും സുനിശ്ചിതവുമായ അർത്ഥം നല്കിയാണ് ഈശോ സെഹിയോൻ ഊട്ടുശാലയിൽ വച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത്. (മത്താ 26: 26-28; മർക്കോ 14: 22-25; ലൂക്കാ 22: 14-21).

       പെസഹായോടനുബന്ധിച്ച് ബലിയർപ്പിച്ചിരുന്ന കുഞ്ഞാടിനെക്കുറിച്ചുള്ള സൂചനയും വിശുദ്ധ കുർബാന സ്ഥാപനത്തോടു ചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ വിമോചനത്തിനായി ബലിയർപ്പിക്കപ്പെട്ട ബലിവസ്തുവായ കുഞ്ഞാടിന്റെ സ്ഥാനത്ത് ഈശോ ആകുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ 1:29) ബലിയർപ്പിക്കപ്പെട്ടു. ഈശോ നമുക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിച്ചു എന്ന അർത്ഥത്തിലാണ് “ഇതു നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്…. ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് “(ലൂക്കാ 22:19-20) എന്ന ഈശോയുടെ വാക്കുകളെ മനസ്സിലാക്കേണ്ടത്. യഹൂദപെസഹാ ഭക്ഷണത്തിന്റെ ഭാഗമായി അപ്പവും വീഞ്ഞുമെടുത്ത് ആശീർവദിച്ച്, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോൾ പഴയനിയമകാല മെസയാനികപ്രതീക്ഷയോട് ബന്ധപ്പെടുത്തിക്കൊണ്ട്, പുതിയ ഇസ്രായേലായ ദൈവജനത്തിന്റെ വിമോചനത്തിനായുള്ള മിശിഹായുടെ ആത്മബലി കൗദാശികമായി അവതരിപ്പിക്കപ്പെട്ടു.

       വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിലെ ആശീർവാദ പ്രാർത്ഥന യഹൂദപാരമ്പര്യത്തിലുള്ളതാണ്. പെസഹാഭക്ഷണവേളയിൽ യഹൂദർ ഉപയോഗിച്ചിരുന്ന ആശീർവാദപ്രാർത്ഥനയായ “ബെറാക്കാ’യാണ് ഈശോ ഉപയോഗിച്ചത്. സൃഷ്ടികർമ്മത്ത പ്രതിയും, ഈജിപ്തിൽ നിന്ന് വിമോചിപ്പിച്ച്, നിയമം നല്കി, ഒരു ജനതയാക്കി, വാഗ്ദത്തനാട് നല്കിയ രക്ഷാകർമ്മത്തെ പ്രതിയും, ദൈവത്തിനർപ്പിക്കുന്ന സ്തുതിയും കൃതജ്ഞതയുമാണ് ഈ പ്രാർത്ഥനയിലെ ഒരു പ്രധാനഘടകം. ഇസ്രായേലിന്റെ വിമോചനത്തിനുവേണ്ടിയുള്ള അപേക്ഷയാണ് ഈ ആശീർവാദപ്രാർത്ഥനയിലെ മറ്റൊരു പ്രധാനഘടകം. ഈ ആശീർവാദപ്രാർത്ഥനയാണ് വിശുദ്ധ കുർബാനയുടെ സ്ഥാപനവാക്യങ്ങൾ ചേർത്ത് ഈശോ പെസഹാഭക്ഷണവേളയിൽ നിർവഹിച്ചത്. ‘എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ’ (ലൂക്കാ 22:19) എന്നു കല്പിച്ച് താൻ നിർവഹിക്കുന്ന ബലിയുടെ കൗദാശികാനുഷ്ഠാനം തുടരാൻ ഈശോ ശ്ലീഹന്മാരോട് കല്പിച്ചു.

        ഈശോയുടെ കല്പനയനുസരിച്ച് ആദിമസഭാസമൂഹം അവടുത്തെ നാമത്തിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ അപ്പം മുറിക്കൽ ശുശ്രൂഷ നിർവഹിച്ചുപോന്നു (അപ്പ 2:42,46; 20: 7,11; 27:35). കേവലം പെസഹാഭക്ഷണാചരണത്തിന്റെ ആഘോഷം എന്നതിനെക്കാൾ കർത്താവിന്റെ മരണത്തിലൂടെ പൂർത്തിയായ ബലിയാണ് അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെ നിർവഹിച്ചു പോന്നതെന്ന് ആദിമസഭയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. കോറിന്തോസകാർക്കുള്ള ഒന്നാം ലേഖനത്തിൽ സഭയുടെ ഈ ദൃഢബോധ്യം പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). അപ്പം മുറിക്കൽ ശുശ്രൂഷ ആദിമ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ പങ്കുവയ്ക്കലുമായിരുന്നു. കൂട്ടായ്മയിൽ വളരാൻ ഈ ശുശ്രൂഷ അവരെ സഹായിച്ചു. വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന കൂട്ടായ്മയെക്കുറിച്ച് വിശുദ്ധപൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ട്: അപ്പം ഒന്നേയുള്ളു, അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ് (1 കോറി 10:17)

 വിശുദ്ധ ഗ്രന്ഥത്തിനുപുറമേ, കുർബാനയർപ്പണത്തെക്കുറിച്ച് സൂചനകൾ നല്കുന്ന ഏതാനും രേഖകൾ ആദ്യനൂറ്റാണ്ടുകളിൽനിന്ന് ലഭ്യമാണ്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സിറിയയിൽ വിരചിതമായ ഡിഡാക്കേ എന്ന കൃതിയാണ്. കർത്താവിന്റെ ദിവസം അഥവാ ഞായറാഴ്ച അപ്പം മുറിക്കലിനും കൃതജ്ഞതാ പ്രകാശനത്തിനുമായി വിശ്വാസികൾ ഒരുമിച്ചുകൂടിയിരുന്നതിനെക്കുറിച്ച് ഡിഡാക്കേ പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കുചേർന്നിരുന്നവർ അവരുടെ പാപങ്ങളേറ്റുപറഞ്ഞ് നിർമ്മലമായ ഒരു ബലിയാണ് അർപ്പിച്ചിരുന്നതെന്ന് ഡിഡാക്കേ പറയുന്നു. സഹോദരരോടുള്ള അനുരഞ്ജനം വിശുദ്ധ കുർബാനയർപ്പണത്തിനുള്ള അനിവാര്യവ്യവസ്ഥയായി ഈ കൃതി പഠിപ്പിക്കുന്നു. ഏറെക്കുറെ ഡിഡാക്കേയുടെ കാലയളവിൽത്തന്നെ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് കുർബാനയെക്കുറിച്ച് എഴുതുമ്പോൾ, മെത്രാനാണ് ദിവ്യകാരുണ്യസമൂഹത്തിന്റെ അദ്ധ്യക്ഷൻ എന്ന കാര്യം ഊന്നിപ്പറയുന്നു. രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ ക്രിസ്ത്യാനികളുടെ വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ച്, വിശേഷിച്ച് ഞായാറാഴ്ചയിലെ കുർബാനയർപ്പണത്തെക്കുറിച്ച്, അന്തോണിയസ് പയസ് ചക്രവർത്തിക്ക് (എ.ഡി. 138-165) എഴുതുന്നുണ്ട്. ശ്ലീഹന്മാരുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള വായന, പ്രവാചകഗ്രന്ഥങ്ങളിൽനിന്നുള്ള വായന, കാർമ്മികൻ നല്കുന്ന പ്രബോധനം, സമൂഹത്തിന്റെ പൊതുവായ പ്രാർത്ഥനകൾ, അപ്പവും വീഞ്ഞും വെള്ളവും തയ്യാറാക്കികൊണ്ടുവരവ്, കാർമ്മികൻ ദൈവപിതാവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട് നടത്തുന്ന കൃതജ്ഞതാസ്തോത്രപ്രാർത്ഥന, സമൂഹം സമ്മതമരുളിപറയുന്ന ‘ആമേൻ’, വിശുദ്ധ കുർബാന സ്വീകരണം, രോഗികൾക്കുള്ള കുർബാന, ഡീക്കന്മാരുടെ കൈയിൽ കൊടുത്തുവിടൽ എന്നിവയാണ് ജസ്റ്റിന്റെ വിവരണത്തിൽ നിന്ന് രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കുർബാനയുടെ ഘടനയെക്കുറിച്ച് നമുക്കു ലഭിക്കുന്ന വിവരങ്ങൾ.

അവലംബം

സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം  

 വിശുദ്ധ കുർബാനയുടെ അപ്പോസ്തോലിക കാലവും, ആദ്യമേ നൂറ്റാണ്ടും

                 യേശുക്രിസ്തുവിന്റെ ബലിയർപ്പണം പാശ്ചാത്യ സഭകളിലും, പൗരസ്ത്യ സഭകളിലും വ്യത്യസ്ത രീതിയിലാണ് അനുഷ്ഠിച്ചു പോരുന്നത്. ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളുടെ ആചരണം വ്യത്യസ്ത സംസ്കാരങ്ങളിലൂടെ വിവിധ ദേശങ്ങളിലൂടെ കടന്നുപോയതിനാലാണ് ഇന്ന് നമുക്ക് കാണുന്ന രീതിയിലുള്ള വ്യത്യസ്ത ആരാധനക്രമങ്ങൾ നിലവിലുള്ളത്.

അപ്പം മുറിക്കൽ ശുശ്രൂഷ

              വിശുദ്ധ ബലിയർപ്പണത്തെ ഒരു ആരാധനാക്രമമായി  മാറ്റിയെടുത്തത് പ്രധാനമായും നാല് കാരണങ്ങളാണ്. ഒന്നാമതായി, അന്ത്യത്താഴ വേളയിൽ യേശുക്രിസ്തു നൽകിയ ആഹ്വാനം, ക്രിസ്തുവിന്റെ ഓർമ്മയ്ക്കായി ബലിയർപ്പണം തുടരുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. രണ്ടാമതായി, നമുക്ക് മനസ്സിലാക്കാൻ സാധിക്കും യേശുക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച് ആദിമ ക്രൈസ്തവർ അവരുടെ സമ്മേളനങ്ങളിൽ ഒന്നിച്ചു കൂടിയിരുന്നത് ക്രിസ്തുവിന്റെ ഈ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കുവാൻ വേണ്ടിയായിരുന്നു, അതായത് അപ്പോസ്തോലന്മാരുടെ കാലം തൊട്ടുള്ള ആദ്യമ ക്രൈസ്തവ സമൂഹത്തിൽ അപ്പം മുറിക്കൽ ഒരു പ്രധാന ശുശ്രൂഷയായി നിലനിന്നിരുന്നു, അത് വിശുദ്ധ കുർബാനയുടെ ഒരു ആദ്യകാല രൂപമാണ്.  പിന്നീട് അപ്പോസ്തോലന്മാരുടെ കാലങ്ങൾക്ക് ശേഷവും ആദിമ ക്രൈസ്തവർ അപ്പം മുറിക്കൽ അവരുടെ പ്രധാന ശുശ്രൂഷയായി തുടർന്നു. അങ്ങനെ ക്രൈസ്തവ പാരമ്പര്യത്തിൽ, ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കൽ ശുശ്രൂഷ അവരുടെ ജീവിതത്തിൻറെ ഭാഗമായി മാറി. പിന്നീട് ക്രിസ്തുവിന്റെ സഭ വ്യത്യസ്ത ദേശങ്ങളിലേക്കും വ്യത്യസ്ത ഭാഷകളിലേക്കും വ്യത്യസ്ത സാമ്രാജ്യങ്ങളിലേക്കും വ്യാപിച്ചപ്പോൾ, അപ്പം മുറിക്കൽ ശുശ്രൂഷയ്ക്കും, അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കും വചന വായനകൾക്കും സാംസ്കാരികവും സാമൂഹികവുമായ രൂപഭേദങ്ങൾ വന്നു തുടങ്ങി. ക്രമേണ വ്യത്യസ്ത സഭകളിൽ വ്യത്യസ്ത ആരാധന ക്രമങ്ങളായി അവ രൂപപ്പെട്ടു.

ക്രിസ്തുവിന്റെ  അന്ത്യത്താഴം

                വളരെ സവിശേഷകമായ ഒരു വിരുന്നായിരുന്നു യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കായി ഒരുക്കിയിരുന്നത്. യഹൂദരുടെ പെസഹായുടെയും ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും പശ്ചാത്തലത്തിൽ നമ്മൾ അന്ത്യത്താഴത്തെ മനസ്സിലാക്കുമ്പോൾ, പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും കേന്ദ്രമായി നമുക്ക് ഈ അന്ത്യത്താഴത്തെ മനസ്സിലാക്കാൻ സാധിക്കും. ഒരു സാധാരണ വിരുന്നിനെക്കാൾ ഉപരിയായി യഹൂദർ പെസഹ ആചരിക്കുന്ന രീതിയിൽ തന്നെയായിരുന്നു യേശുക്രിസ്തുവിന്റെ അന്ത്യത്താഴം. ആമുഖ പ്രാർത്ഥനകളും, അപ്പം മുറിക്കലും, കൃതജ്ഞത സ്തോത്രങ്ങളും ഉള്ള ഈ ബലിയർപ്പണം തന്റെ  ഓർമ്മയ്ക്കായി തുടർന്നും അനുഷ്ഠിക്കേണ്ട ഒരു കർമ്മമായി ഗുരു ശിഷ്യരെ അനുശാസിക്കുന്നു. ഈ സവിശേഷകമായ പെസഹാ ആചരണത്തിന്റെ ഓർമ്മയായി, ഈശോയുടെ ശിഷ്യന്മാർ അപ്പം മുറിക്കൽ ശുശ്രൂഷയെ കാണുകയും ഈ ശ്രേഷ്ഠമായ ശുശ്രൂഷ ആദ്യ ക്രൈസ്തവ സമൂഹങ്ങളിലേക്ക് കൈമാറുകയും ചെയ്തു.

 അപ്പസ്തോലന്മാരുടെ കാലഘട്ടത്തിലെ വിശുദ്ധ കുർബാന അർപ്പണം

   അപ്പം മുറിക്കൽ ശുശ്രൂഷയെ കുറിച്ച് അപ്പോസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഒരുപാട് പരാമർശങ്ങൾ ഉണ്ട്. അപ്പം മുറിക്കൽ ശുശ്രൂഷ എപ്രകാരമായിരിക്കണം എന്ന് യേശുക്രിസ്തുവിന്റെ പെസഹാ ആചരണത്തെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ആദ്യമ ക്രൈസ്തവ സമൂഹത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്.  യഹൂദരുടെ പാരമ്പര്യം അനുസരിച്ച് പെസഹായിക്കും മറ്റ് തിരുനാളുകളിലും അപ്പം മുറിക്കുന്നതിനോട് അനുബന്ധിച്ച് പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥ പാരായണങ്ങളും ഉണ്ടായിരുന്നു. ആദിമ ക്രൈസ്തവരിൽ മഹാഭൂരിപക്ഷവും യഹൂദർ ആയിരുന്നതിനാൽ തന്നെ ആദിമ ക്രൈസ്തവർ അവരുടെ കൂട്ടായ്മകളിൽ ഈ പെസഹായുടെ ഓർമ്മയാചരണം പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥ വായനകളും ഉൾചേർത്തുകൊണ്ട് തുടർന്നുപോന്നു. ഈ കാലഘട്ടത്തിൽ പെസഹ ആചരണം എന്നത് ഒരേസമയം വിരുന്നും, ബലിയർപ്പണവും ആയിരുന്നു.  ക്രിസ്തുവിനെക്കുറിച്ചുള്ള  അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങളും, കൂട്ടായ്മയിൽ ഉള്ള പ്രാർത്ഥനയും, അപ്പം മുറിക്കലും ആദ്യമ ക്രൈസ്തവ സമൂഹത്തിന്റെ  പ്രധാന സവിശേഷതയായി നിലനിന്നിരുന്നു. ക്രിസ്തു മാർഗം സ്വീകരിച്ച യഹൂദർ, ക്രിസ്ത്യാനികൾ എന്ന പേര് അതുവരെയും സ്വീകരിച്ചിരുന്നില്ല, അതിനാൽ യഹൂദ മതത്തിന്റെ ഭാഗമായിത്തന്നെ അവർ തുടർന്നുപോന്നു.

ആദ്യ നൂറ്റാണ്ടുകളിലെ പെസഹ ആചരണത്തിന്റെ സവിശേഷതകൾ

        ഒരേസമയം വിരുന്നും ബലിയർപ്പണവുമായിരുന്ന വിശുദ്ധ കുർബാന എപ്പോഴാണ് പൂർണ്ണമായും ആരാധനാക്രമ രീതിയിലുള്ള ഒരു ബലിയർപ്പണമായി രൂപപ്പെട്ടത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സഭാ പിതാവായ വിശുദ്ധ ജസ്റ്റിന്റെ പരാമർശത്തിൽ നിന്നും യഹൂദരുടെ സിനഗോഗ്കളിലെ പ്രാർത്ഥനാ രീതിയോട് സമമായ ഒരു പ്രാർത്ഥന രീതിയായിരുന്നു ക്രിസ്ത്യാനികൾ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ അവലംബിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ കാലഘട്ടങ്ങളിൽ എല്ലാം കർത്താവിന്റെ  ദിവസം എന്ന് അറിയപ്പെട്ടിരുന്ന ആഴ്ചയുടെ ആദ്യ ദിനത്തിൽ ആയിരുന്നു ക്രൈസ്തവർ ഒരുമിച്ച് കൂടിയിരുന്നതും പ്രാർത്ഥിച്ചിരുന്നതും. ഈ കാലഘട്ടങ്ങളിലെ ബലിയർപ്പണ രീതികളുടെ സവിശേഷതകൾ താഴെ പറയുന്നവയാണ്:

സുവിശേഷങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും ഉള്ള വായനകൾ

വായനകളെഅടിസ്ഥാനപ്പെടുത്തിയുള്ള വചനപ്രസംഗങ്ങൾ

മധ്യസ്ഥ പ്രാർത്ഥനകൾ

സമാധാനാശംസ

പ്രാർത്ഥനയോടും കൃതജ്ഞത സ്തോത്രത്തോടും കൂടിയുള്ള സ്ഥാപന വാക്യങ്ങൾ

ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളിൽ ഉള്ള ജനങ്ങളുടെ പങ്കാളിത്തം

ദരിദ്രരെ സഹായിക്കാനുള്ള നേർച്ച ശേഖരിക്കൽ

       ആ കാലഘട്ടങ്ങളിൽ ബലിയർപ്പണത്തിനോട് ചേർന്ന് വിരുന്ന് ഉണ്ടായിരുന്നില്ല. ക്രിസ്തുവിൻന്റെ സഭയിൽ അംഗബലം കൂടിയതിനാൽ അവ ഒരുപക്ഷേ പ്രായോഗികമല്ലാതായിരുന്നത് ആയിരിക്കാം കാരണം. അതിനാൽ തന്നെ ഒരൊറ്റ ബലിപീഠത്തിലും കാർമ്മികനിലും കേന്ദ്രീകരിച്ചിട്ടുള്ള ബലിയർപ്പണ രീതി ക്രമേണ നിലവിൽ വന്നു. പെസഹായെ അനുസ്മരിക്കാൻ ക്രിസ്തുവിന്റെ സ്ഥാപനവാക്യങ്ങൾ ഉരുവിടുന്നതിന് പ്രാധാന്യം  ലഭിച്ചു.

        ഹിപ്പോളിറ്റസിന്റെ അപ്പസ്തോലിക പാരമ്പര്യമാണ് ദിവ്യകാരുണ്യ ആരാധനാക്രമത്തെ കുറിച്ചുള്ള ആദ്യത്തെ പൂർണ്ണമായ പതിപ്പ്. അത് പ്രകാരം സ്ഥാപനവാക്യങ്ങളും യഹൂദ ആരാധനാക്രമ രീതികളും ക്രിസ്തുവിന്റെ  രക്ഷാകര രഹസ്യങ്ങളെ കുറിച്ചുള്ള ധ്യാനങ്ങളും, ആദ്യ ക്രൈസ്തവ സമൂഹങ്ങളിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഈ കാലഘട്ടത്തിൽ വിരുന്ന് പ്രായോഗികം അല്ലായിരുന്നു എങ്കിലും പ്രതീകാത്മകമായി ഒരു വിരുന്നായിട്ടാണ് ബലിയർപ്പണത്തെ കണ്ടിരുന്നത്.

 ആരാധനാക്രമങ്ങളുടെ രൂപീകരണം

   ക്രിസ്തുമതം യഹൂദ മതത്തിൽ നിന്ന് രൂപപ്പെട്ടത് ആയിരുന്നുവെങ്കിലും വളരെ പെട്ടെന്ന് അത് റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ലോകത്തിന്റെ  മറ്റ് ഇടങ്ങളിലേക്കും വ്യാപിച്ചു. അതിനാൽ തന്നെ യഹൂദ പാരമ്പര്യത്തിന്റെയും പ്രാർത്ഥന രീതികളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന പെസഹാ ആചരണ രീതികൾക്ക് സാംസ്കാരികമായ മാറ്റങ്ങൾ പിന്നീടുള്ള കാലഘട്ടങ്ങളിൽ ഉണ്ടായി. എഡി 313 -ലെ മിലാൻ വിളംബരത്തോടുകൂടി ക്രിസ്ത്യാനികൾക്ക് റോമാസാമ്രാജ്യത്തിൽ മുഴുവൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി. ഇത് ക്രിസ്തുമതത്തിന്റെ മുഖച്ഛായ മാറുന്നതിന് ഇടയായി.  അതോടെ ഒരുപാട് പേർ ക്രിസ്തുമതം സ്വീകരിക്കുന്നതിന് കാരണമായി.

      സഭാ പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് പെസഹാരഹസ്യങ്ങൾക്ക് ബലിയർപ്പണത്തിന്റെ രീതിയാണ് അവലംബിച്ചിട്ടുള്ളത്. അതിനാൽ ജനങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ പുരോഹിതൻ ദൈവ തിരുസന്നിധിയിൽ ബലി അർപ്പിക്കുന്ന രീതിയായി വിശുദ്ധ കുർബാന മനസ്സിലാക്കപ്പെട്ടു തുടങ്ങി. ക്രിസ്തുവിന്റെ  ദൈവത്വത്തെ സംശയിച്ച ആര്യനിസം അടക്കമുള്ള പാണ്ഡതകളുടെ ആവിർഭാവത്തോടെ കൂടി സഭ വിശുദ്ധ ബലി പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമൻ ആയിട്ടുള്ള ദൈവം തന്നെയായ യേശുക്രിസ്തുവിന്റെ ബലിയർപ്പണമാണ് എന്ന് പഠിപ്പിച്ചു. അതിനാൽ തന്നെ പെസഹാ രഹസ്യങ്ങളിലെ ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളെ ഒത്തിരി ആദരവോടും ഭക്തിയോടും കൂടെ ദൈവജനം മനസ്സിലാക്കിയും ബഹുമാനിച്ചും തുടങ്ങി.  സഭയുടെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭയിൽ വിശുദ്ധ ജോൺ ക്രിസോസ്ത്തവും പശ്ചാത്യ സഭയിൽ വിശുദ്ധ അംബ്രോസും കൂടെകൂടെ ഉള്ള ബലിയർപ്പണത്തിൽ ഉള്ള പങ്കാളിത്തം നല്ലതാണ് എന്ന് പഠിപ്പിച്ചു. അങ്ങനെ ക്രമേണ ഞായറാഴ്ചകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിശുദ്ധ ബലിയർപ്പണ രീതി അനുദിന ബലിയർപ്പണ രീതികളിലേക്ക് മാറി. ക്രമേണ പാശ്ചാത്യ സഭകളിലും പൗരസ്ത്യ സഭകളിലും വിശുദ്ധ കുർബാന എന്നത് ക്രിസ്തു മതത്തിൻന്റെ  ഔദ്യോഗികമായ ആരാധനയായി മനസ്സിലാക്കി തുടങ്ങി.

        വിശുദ്ധ കുർബാനയുടെ ചരിത്രം അത് ക്രിസ്തു മതത്തിന്റെ  മുഴുവൻ ചരിത്രത്തിന്റെ  ഭാഗമാണ്. ക്രിസ്തീയ വിശ്വാസികളെ പെന്തക്കുസ്താ മുതൽ ഇന്നോളം ഒരുമിച്ച് നിർത്തുന്നത് വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തമാണ്. പെസഹായുടെ ഓർമ്മയാചരണത്തെ യേശുക്രിസ്തു പഠിപ്പിച്ചതുപോലെ നമ്മൾ ബലിയും വിരുന്നുമായി ആഘോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു. ഇത് എന്റെ  ശരീരവും രക്തവും ആണ് എന്ന് പറഞ്ഞുകൊണ്ട് പെസഹാ തിരുനാളിൽ തന്റെ കുരിശു മരണത്തിന് മുൻപ് യേശുക്രിസ്തു സ്വയം പങ്കുവെച്ച് നൽകിയ ആ ദിവ്യ വിരുന്നിനെ അത്രമാത്രം ശ്രേഷ്ഠവും പവിത്രവും ഭയഭക്തി ജനകവുമായി ആദ്യമാ ക്രൈസ്തവർ കണ്ടിരുന്നു.

 ഡീക്കൻ അഗസ്റ്റിൻ പറമ്പുമുറിയിൽ

Share this :

Leave a comment

Your email address will not be published. Required fields are marked *