April 16, 2025
#Catechism #Church #Cover Story #Editorial #News

പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ പഠനങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ചില അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയ്ക്കു വഴി തുറന്നിരിക്കുന്നത്. സഭാചരിത്രത്തിലുടനീളം അനേകം വിശുദ്ധരും, പാപ്പമാരും തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യ നാഥനോടുള്ള തങ്ങളുടെ അഗാധമായ ഭക്തിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് പറഞ്ഞിട്ടുള്ളത് ദിവ്യകാരുണ്യ നാഥനായ യേശുവിനെ എത്രകുറച്ച് ആരാധിക്കുന്നുവോ അത്രത്തോളം സാത്താന്‍ ശക്തനാകുന്നു എന്നാണ്.
കഴിഞ്ഞ 30 വര്‍ഷമായി ഫിലാഡെല്‍ഫിയായിലെ അല്ലെന്‍ടൗണില്‍ പതിവായി ദിവ്യകാരുണ്യ ആരാധനകള്‍ നടത്തിവരുന്ന മോണ്‍. അന്തോണി വാസല്‍, വിശുദ്ധന്റെ വാക്കുകളെ ശരിവെക്കുന്നു. 1960-ന്റെ അവസാനത്തിലും 1970- ന്റെ ആരംഭത്തിലും ദിവ്യകാരുണ്യ ആരാധനയില്‍ കുറവ് വന്ന സമയത്ത് തെരുവുകളിലും സ്കൂളുകളില്‍ പോലും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് മോണ്‍. വാസല്‍ പറഞ്ഞു. അക്കാലഘട്ടത്തില്‍ നിരവധി കുട്ടികള്‍ സ്കൂളുകളില്‍ വെടിയേറ്റ്‌ മരിച്ചതും, ഗര്‍ഭഛിദ്രത്തിലൂടെ നിരവധി കുരുന്നു ജീവനുകള്‍ ഇല്ലാതായതും ചൂണ്ടിക്കാട്ടികൊണ്ടായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ സമയത്താണ് സുപ്രീം കോടതി സ്കൂളുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചത്.

ബെയ്ലോര്‍ സര്‍വ്വകലാശാല 18നും 28നും ഇടയില്‍ പ്രായത്തിലുള്ള പതിനയ്യായിരത്തിലധികം പേരില്‍ നടത്തിയ പഠനഫലം സൂചിപ്പിക്കുന്നതും മതവിശ്വാസമുള്ളവരില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണെന്നാണ്. ഇതുതന്നെയാണ് അമേരിക്കയിലെ മൂന്നു സംസ്ഥാനങ്ങളിലെ 182 കൌണ്ടികളില്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി നടത്തിയ സര്‍വ്വേ ഫലവും പറയുന്നത്. 2008-2010 കാലഘട്ടത്തിലെ സിയുഡാഡ് ജുവാരെസ് എന്ന മെക്സിക്കന്‍ സിറ്റി ദിവ്യകാരുണ്യ ആരാധനയിലെ കുറവ് സമൂഹത്തെ നശിപ്പിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നും, ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടവും, കൊലപാതകങ്ങളും ഈ നഗരത്തിന് ലോകത്തെ ഏറ്റവും അപകടമേറിയ നഗരങ്ങളിലൊന്നെന്ന കുപ്രസിദ്ധി നേടിക്കൊടുത്തു. എന്നാല്‍ 2013-ല്‍ ഇവിടെ ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമിടുകയും അതിനായി പ്രത്യേക ചാപ്പല്‍ തുറക്കുകയും ചെയ്തതോടെ അമേരിക്കയിലെ നിരവധി പട്ടണങ്ങളേക്കാള്‍ സുരക്ഷിതമായ നഗരമായി മാറിക്കഴിഞ്ഞു. ദിവ്യകാരുണ്യ ആരാധനയാണ് ഈ നാടകീയമാറ്റത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂയോര്‍ക്കിലെ പ്രമുഖ അബോര്‍ഷനിസ്റ്റും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്ത ഡോ. ബെര്‍ണാഡ് നാഥാന്‍സണ്‍ ഗര്‍ഭഛിദ്രത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ദിവ്യകാരുണ്യത്തിനോടുള്ള വിശ്വാസമില്ലായ്മയാണ്. എന്താണെങ്കിലും സമൂഹത്തിലെ അധാര്‍മ്മിക പ്രവര്‍ത്തികള്‍ കുറയ്ക്കുന്നതിന് കാരണമായി ദിവ്യകാരുണ്യ ഭക്തി ഏറെ ഫലം ചെയ്യുമെന്നാണ് പഠനഫലവും അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള പ്രമുഖരുടെ പ്രസ്താവനകളും സൂചിപ്പിക്കുന്നത്.

Share this :

Leave a comment

Your email address will not be published. Required fields are marked *