വിശുദ്ധ കുർബാന: ജീവിക്കേണ്ട രഹസ്യം

വിശുദ്ധ കുർബാനയിലെ ഭാഗഭാഗിത്വം അർത്ഥപൂർണ്ണമാകണമെങ്കിൽ നാം കുർബാനാനന്തരബലി അർപ്പിക്കുന്നവരാകണം. കാരണം, കുർബാന ജീവിക്കേണ്ട രഹസ്യമാണ് (സ്നേഹത്തിന്റെ കൂദാശ മൂന്നാം ഭാഗം). ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും (യോഹ 6:51). കുർബാനയാകുന്ന ദാനംമൂലം നമ്മിലുണ്ടാകുന്ന രൂപാന്തരീകരണത്തിന്റെ സഹായത്താലാണ് അതു സംഭവിക്കുന്നത് (സ്നേഹത്തിന്റെ കൂദാശ 70). ഈ ലോകജീവിതത്തിൽ പടിപടിയായി സംഭവിക്കേണ്ട പ്രക്രിയയാണത്. പുതിയ നിയമത്തിലെ ബലിയർപ്പണത്തെ വ്യതിരിക്തമാക്കുന്നതാണ് അതിന്റെ സ്വയം സമർപ്പണഭാവവും നമ്മിൽ സംഭവിക്കുന്ന രൂപാന്തരീകരണവും. വിശുദ്ധ പൗലോസ് റോമായിലെ സഭാംഗങ്ങളെ ഇതേപ്പറ്റി അനുസ്മരിപ്പിക്കുന്നതിങ്ങനെയാണ്: “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതീകരവുമായ സജീവബലിയായി സമർപ്പിക്കുവിൻ, ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന” (റോമ 12:1). അപ്പസ്തോലിക സഭയിലെ വിശ്വാസികൾ ഒരു ഹൃദയവും ഒരു ആത്മാവുമായി (അപ്പ 4:32) പരസ്പരം പങ്കുവച്ചു ജീവിക്കുന്നതിന് ശക്തി സംഭരിച്ചിരുന്നത്, ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന (അപ്പ 2:42) എന്നിവയിൽ താത്പര്യപൂർവ്വം പങ്കുചേർന്നു കൊണ്ടാണ്. പരസ്പരസ്നേഹത്തിലൂടെയും, വിശിഷ്യാ, സഹായമർഹിക്കുന്നവരോടുള്ള സഹാനുഭൂതിയിലൂടെയും ഈശോയുടെ യഥാർത്ഥശിഷ്യരായി നമ്മെ തിരിച്ചറിയുമ്പോഴാണ് കുർബാനയർപ്പണത്തിന്റെ സാമൂഹികമാനം നിർണ്ണയിക്കപ്പെടുന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2004-ൽ പ്രസിദ്ധീകരിച്ച നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും (Mane nobiscum Domine) എന്ന ശ്ലൈഹികലേഖനത്തിൽ പ്രതിപാദിക്കുന്നു. (നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും 28) ദൈവവുമായി നമ്മെ ഒന്നിപ്പിക്കുന്നതോടൊപ്പം, സഹോദരങ്ങളുമായി കൂട്ടായ്മയിൽ ജീവിക്കുവാൻ കുർബാന നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടാണ് വിശുദ്ധ കുർബാനയെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂദാശയെന്നു വിളിക്കുന്നത് (ആരാധനക്രമം 47)
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം






















































































































































































































































































































































