വിശുദ്ധ കുർബാന സ്വർഗീയ ആരാധനയുടെ അനുഭവം
വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവർ സ്വർഗീയാരാധനയുടെ മുന്നനുഭവത്തിലാണ് പങ്കുചേരുന്നതെന്ന് സഭ പഠിപ്പിക്കുന്നു (ആരാധനക്രമം 8). നിത്യജീവൻ പ്രാപിച്ച് സ്വർഗസൗഭാഗ്യത്തിൽ എത്തിച്ചേരാൻ വിശുദ്ധ കുർബാന നമ്മെ സജ്ജരാക്കുന്നു. സ്വർഗീയസൗഭാഗ്യത്തിൽ എത്തിച്ചേരുകയാണ് വിശുദ്ധ കുർബാനർപ്പണത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് വിശുദ്ധകുർബാനയിലെ പ്രാർത്ഥനകൾ വ്യക്തമാക്കുന്നുണ്ട്. റൂഹാക്ഷണപ്രാർത്ഥന ഈ ലക്ഷ്യം സ്പഷ്ടമായി പ്രതിപാദിക്കുന്നു. “ഇതു ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടുമൊന്നിച്ച് സ്വർഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ”. ഇതേ പ്രാർത്ഥന വിഭജനശുശ്രൂഷയിലും വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞുള്ള കാർമ്മികന്റെ കൃതജ്ഞതാപ്രകാശനപ്രാർത്ഥനയിലും ആവർത്തിക്കുന്നുണ്ട്.
വിശുദ്ധ കുർബാനയിലെ അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും മാത്രമല്ല, ദേവാലയഘടനതന്നെയും സ്വർഗീയാനുഭവത്തിന്റെ മൂന്നാസ്വാദനത്തിലേക്ക് സൂചനകൾ തരുന്നവയാണ്. ദേവാലയം സ്വർഗത്തിന്റെയും ഭൂമിയുടെയും സംഗമസ്ഥാനമാണെന്ന് ദേവാലയഘടനയുടെ പ്രതീകാത്മകത വ്യക്തമാക്കുന്നു. സ്വർഗത്തിന്റെയും ഭൂമിയുടെയും സംഗമമാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത്. വിശുദ്ധകുർബാനയിൽ നമ്മൾ സ്വർഗവാസികളോടുമൊത്തുചേരുന്നു.
പരിശുദ്ധകന്യകാമറിയത്തോടും മാലാഖമാരോടും ശ്ലീഹന്മാരോടും സകല വിശുദ്ധരോടും ചേർന്നാണ് നമ്മൾ വിശുദ്ധകുർബാന അർപ്പിക്കുന്നത്. നമ്മുടെ കുർബാന സ്വർഗീയാരാധനയുമായി ഒന്നായിത്തീരുന്നു. വിശുദ്ധ കുർബാനയുടെ സ്വർഗീയാനുഭവമാനത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭ വിശുദ്ധ കുർബാനയിൽ നിന്ന് (Ecclesia de Eucharistia, 2003) എന്ന ചാക്രികലേഖനത്തിൽ സ്പഷ്ടമായി പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ കുർബാന ഭൂമിയിൽ പ്രത്യക്ഷമാകുന്ന സ്വർഗീയാരാധനയുടെ മൂന്നാസ്വാദനമാണ്. സ്വർഗീയ ജറുസലേമിലേക്കുള്ള നമ്മുടെ യാത്രയെ പ്രകാശപൂരിതമാക്കുന്ന മഹത്ത്വപൂർണ്ണമായ സ്വർഗ്ഗീയ കിരണമാണിത്. (സഭ വിശുദ്ധ കുർബാനയിൽ നിന്ന് 19).