പരിശുദ്ധ കുർബാന സമവീക്ഷണ സുവിശേഷങ്ങളിലും അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിലും
വിശുദ്ധ മത്തായി, വിശുദ്ധ മർക്കോസ്, വിശുദ്ധ ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളെയാണ് സമവീക്ഷണ സുവിശേഷങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സുവിശേഷങ്ങളിലെയും അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിലെയും പരിശുദ്ധ കുർബാനയുടെ ആശയങ്ങളെയാണ് നാം വിലയിരുത്തുന്നത്
1. വിശുദ്ധ കുർബാന ആദിമസഭാ സമൂഹത്തിൽ
പന്തക്കുസ്താ ദിനത്തിൽ രൂപംകൊണ്ട തിരുസഭയുടെ മുഖ്യഘടകങ്ങളിൽ ഒന്ന് അപ്പം മുറിക്കൽ ശുശ്രൂഷ ആയിരുന്നു. അപ്പസ്തോല പ്രവർത്തനങ്ങൾ രണ്ടാം അധ്യായം 42 -ൽ തിരുവചനം ഇപ്രകാരം പറയുന്നു, “അവർ ശ്ലീഹൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ എന്നിവയിൽ സദാ താല്പര്യപൂർവ്വം പങ്കുചേർന്നു.” കർത്താവ് ഉത്ഥാനം ചെയ്ത ആഴ്ചയുടെ ആദ്യ ദിനമായ ഞായറാഴ്ചയാണ് സാധാരണയായി അപ്പം മുറിക്കാൻ വിശ്വാസികൾ ഒരുമിച്ചു കൂടിയിരുന്നത്. ഇന്നത്തെ വിശുദ്ധ കുർബാന അർപ്പണത്തിന് ആദിമസഭയിൽ പറഞ്ഞ പേരാണ് അപ്പം മുറിക്കൽ ശുശ്രൂഷ.
2. ഈശോയുടെ പരസ്യ ജീവിതകാലത്തെ അപ്പം മുറിക്കലുകൾ
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോയെ നാം കണ്ടെത്തുക ഭക്ഷണമേശയിലോ അല്ലെങ്കിൽ അവിടെക്കുള്ള വഴിയിലോ ആണ്. ഈശോ അപ്പം വർദ്ധിപ്പിക്കുന്ന രംഗങ്ങൾ സമവീക്ഷണ സുവിശേഷങ്ങളിൽ ശ്രദ്ധേയമാണ്. പരസ്യ ജീവിതത്തിനിടയിൽ ഈശോ അപ്പം വർദ്ധിപ്പിക്കുന്ന സംഭവം നാല് സുവിശേഷകന്മാരും രേഖപ്പെടുത്തുന്നുണ്ട്. തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജനത്തിന് അത്ഭുതകരമായി അപ്പം വർദ്ധിപ്പിച്ചു നൽകുന്ന ഈശോയെ നാം ഇവിടെ കണ്ടുമുട്ടുന്നു. വിശുദ്ധ മത്തായിയുടെയും വിശുദ്ധ മർക്കോസിന്റെയും സുവിശേഷത്തിൽ രണ്ടാമതൊരു പ്രാവശ്യം കൂടി ഈശോ അപ്പം വർദ്ധിപ്പിക്കുന്നതായി നമുക്ക് കാണാം.
3.യഹൂദ പെസഹ ആഘോഷം
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്ന് അറിയപ്പെട്ടിരുന്ന പെസഹായുടെ ദിവസമാണ് ഈശോ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം പങ്കിട്ടത്. മൂന്ന് സമവീക്ഷണ സുവിശേഷങ്ങളിലും നമുക്ക് ഇത് കണ്ടെത്താൻ സാധിക്കും. പെസഹാ ആഘോഷത്തിന് തന്റെ സഹന മരണ ഉത്ഥാനങ്ങളുമായി ബന്ധിപ്പിച്ച് ഈശോ പുതിയ അർത്ഥം നൽകുന്നു. വർഷംതോറും നടത്തിയിരുന്ന ഈ പെസഹാ ഭക്ഷണം ഈജിപ്തിൽ നിന്നുള്ള വിമോചനത്തിന്റെ പുനരവതരണം ആയിരുന്നു. പുളിപ്പില്ലാത്ത അപ്പം ഈജിപ്തിൽ അവർ അനുഭവിച്ച ദുരിതങ്ങളുടെയും വേദനകളുടെയും അവിടെ നിന്നുള്ള വിമോചനത്തിന്റെയും പ്രതീകമായും നിലകൊള്ളുന്നു. ഈ അപ്പമാണ് തന്റെ ശരീരമായി ഈശോ ശിഷ്യർക്കു നൽകിയത് എന്നാൽ അത് പൂർത്തിയായത് കാൽവരിയിലെ കുരിശിലും ആണ്. അപ്പം മുറിക്കലിലൂടെ വിശ്വാസികൾ അനുസ്മരിച്ചിരുന്നത് അന്ത്യത്താഴവേളയിലെ സംഭവങ്ങളും കാൽവരിയിലെ അവയുടെ പൂർത്തീകരണവും ആയിരുന്നു. വാസ്തവത്തിൽ മിശിഹാ രഹസ്യത്തിന്റെ മുഴുവൻ അനുസ്മരണവും ആഘോഷവും ആയിരുന്നു അപ്പം മുറിക്കൽ ശുശ്രൂഷകൾ; അതിന്റെ വികസിത രൂപമാണ് ഇന്നത്തെ പരിശുദ്ധ കുർബാന. നിങ്ങൾ എന്റെ ഒർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് ഈശോ ആവശ്യപ്പെടുമ്പോൾ നമ്മൾ അവിടുത്തെ അനുസ്മരിക്കാനായി ഇത് ചെയ്യണമെന്നല്ല, പിതാവായ ദൈവം, മിശിഹായെ ഓർമ്മിക്കാനായി ഇത് ആവർത്തിക്കണമെന്നാണ് ഈശോ അർത്ഥമാക്കുന്നത്.
4.അപ്പം മുറിക്കൽ ഉത്ഥിതനായ ഈശോയോട് കൂടെ
ആദിമ സഭാ സമ്മേളനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷകളിൽ എന്താണ് സംഭവിച്ചത് എന്ന് സുവിശേഷത്തിൽ വിശുദ്ധ ലൂക്കാ വിവരിക്കുന്നുണ്ട് (ലൂക്ക: 24). എമ്മാവൂസിലേക്ക് പോയ ശിഷ്യർ ഇവരുടെ പ്രതിനിധികളാണ്. അവരുടെ കൂടെ സഞ്ചരിച്ച ഉത്ഥാനം ചെയ്ത ക്രിസ്തുവിനെ അവർ തിരിച്ചറിയുന്നത് അപ്പം മുറിക്കൽ ശുശ്രൂഷയുടെ അവസരത്തിൽ ആയിരുന്നു. പ്രതീക്ഷകൾ നഷ്ടപ്പെട്ട ശിഷ്യരുടെ ദുഃഖം സന്തോഷമായി മാറിയതും ജെറുസലേം ഉപേക്ഷിച്ചു പോയ അവർ വലിയ തീഷ്ണതയോടെ അവിടേക്ക് തിരിച്ചു വന്നതും അപ്പം മുറിക്കലിൽ അവർ കർത്താവിനെ തിരിച്ചറിഞ്ഞപ്പോൾ ആയിരുന്നു. ഇത്തരത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷകൾ കർത്താവ് കൂടെ ഉണ്ടെന്നുള്ള ബോധ്യം അവർക്ക് പകരുന്നതായിരുന്നു. ഇന്നത്തെ അപ്പം മുറിക്കൽ ശുശ്രൂഷയായ പരിശുദ്ധ കുർബാനയിലും സംഭവിക്കേണ്ടത് ഇതുതന്നെയാണ്. ഈശോയെ കണ്ടുമുട്ടാനുള്ള ഒരു വേദിയായി ഒരോ വിശുദ്ധ ബലിയർപ്പണവും മാറണം.
ബ്രദർ ആർവിൻ റോയ്