അരുമത്തിയക്കാരൻ ജോസഫ് സൂക്ഷിച്ച തിരുവസ്ത്രം
അരുമത്തിയക്കാരൻ ജോസഫ് എടുത്തു സൂക്ഷിച്ച നമ്മുടെ കർത്താവിന്റെ തിരുരക്തവും, തിരുവസ്ത്രവും ബെൽജിയത്തിലെ ബ്രൂഗസിൽ തിരു രക്തത്തിന്റെ ബസിലിക്കയിൽ ആരാധിച്ചു വരുന്നു. പാരമ്പര്യം ഇപ്രകാരമാണ്, യേശുക്രിസ്തുവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ച അരുമത്തിയക്കാരൻ ജോസഫ്, യേശു അന്ത്യ അത്താഴത്തിനു ഉപയോഗിച്ച കാസയിൽ ഏതാനം രക്തം എടുത്ത് സൂക്ഷിച്ചതായും, ഈശോയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുൻപായി മൃതദേഹം കഴുകിത്തുടച്ച തുണിയെടുത്ത് സൂക്ഷിച്ചതായും ഒരു വിശ്വാസ പാരമ്പര്യമുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും രക്തശേഖരണത്തെക്കുറിച്ച് പറയുന്നില്ലെങ്കിലും സഭയുടെ വിവിധ പാരമ്പര്യങ്ങളിൽ ഇത് കാണാനായി സാധിക്കും. യേശുവിന്റെ സംസ്കാരത്തിനു മുൻപ് ജോസഫ് യേശുവിന്റെ ശരീരമാസകലമുണ്ടായിരുന്ന മുറിവുകൾ ഒരു തുണികൊണ്ട് നന്നായി തുടച്ചെടുത്തു. എല്ലാം മുറിവുകളിലും രക്തം കട്ടപിടിച്ചിരുന്നു. തുടർന്ന് ഈശോയുടെ ശരീരം കഴുകിത്തുടച്ചു. ജോസഫ് യേശുവിന്റെ ശരീരത്തിലെ മുറിവുകൾ തുടച്ചെടുത്ത, യേശുവിന്റെ രക്തത്തിൽ മുങ്ങിയ തുണിയാണ് ബെൽജിയത്തിലെ ബ്രൂഗസിൽ തിരു രക്തത്തിന്റെ ബസിലിക്കയിൽ ആരാധിച്ചു വരുന്നത്.