വിവാഹ വിരുന്നിൽ ക്രിസ്തുവും; വിശുദ്ധ കുർബാനയും
സ്വർഗ്ഗരാജ്യം ക്രിസ്തുവിന്റെ വിവാഹവിരുന്നിലുള്ള പങ്കാളിത്തമാണ്. ദൈവം ഒരുക്കുന്ന വിരുന്നിനെക്കുറിച്ചു ഏശയ്യാ മുൻകൂട്ടി അറിയിച്ചു. നിത്യഭാഗ്യത്തെ, വിരുന്നിലുള്ള പങ്കു ചേരലിനോട് ക്രിസ്തു നാഥൻ പലതവണ ഉപമിക്കുകയുണ്ടായി. യേശു തന്റെ ഐഹിക ജീവിതകാലത്തു നടത്തിയ അനേകം വിരുന്നുകളും, സർവോപരി, അന്ത്യത്താഴവും ഈ നിത്യവിരുന്നിന്റെ മുന്നാസ്വാദനമാണ് നൽകിയത്. മാത്രമല്ല, ഗാഢ ഹൃദയ ഐക്യത്തിന്റെ പ്രതീകമാണ് ഒരുമിച്ചുള്ള അത്താഴം. ക്രിസ്തുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ അഗാധ സ്നേഹത്തെ പ്രകടമാക്കാൻ വേണ്ടിയാണ് ഞാൻ അവനോടൊത്തും, അവൻ എന്നോടൊത്തും അത്താഴം കഴിക്കുമെന്ന് പറയുന്നത്. ഊട്ടുമേശയിലെ കൂട്ടായ്മയിലൂടെ യേശു തന്റെ സ്നേഹം പങ്കുവെച്ച എത്രയോ സംഭവങ്ങൾ സുവിശേഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.