ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രിയ വിശകലനം; തിരുവോസ്തിയുടെ നടുക്കുള്ള ഭാഗം, തിരുവോസ്തിയിൽ നിന്ന് വേർതിരിക്കാൻ ആവാത്ത വിധത്തിൽ മനുഷ്യന്റെ ഹൃദയപേശി കോശങ്ങളായി പരിണമിച്ചിരിക്കുന്നു !!

2008 ഒക്ടോബർ 12ന് പോളണ്ടിലെ സൊക്കോൾക്കയിലുള്ള സെന്റ് ആന്റണി ദേവാലയത്തിൽ ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേ, അൾത്താരയിലേക്കുള്ള നടയിൽ ഒരു തിരുവോസ്തി വീണുകിടക്കുന്നത് വിശ്വാസികളിൽ ഒരുവൾ ശ്രദ്ധിക്കുകയും ഫാദർ ഫിലിപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹം ആ തിരുവോസ്തി പ്രാർത്ഥനാപൂർവ്വം എടുത്ത് അൾത്താരയിൽ വെച്ച ശേഷം സഭയുടെ ആചാരപ്രകാരം തിരുവോസ്തി ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ടുവെച്ചു. (നിലത്തുവീണ തിരുവോസ്തി നന്നായി അലിഞ്ഞ് വെള്ളത്തിൽ ചേരുമ്പോൾ, ആരും ചവിട്ടാത്ത വിധം അത് ഒഴുക്കി കളയുകയാണ് പതിവ്) ദേവാലയ ശുശ്രൂഷകളുടെ ചുമതലയുള്ള സിസ്റ്റർ ജൂലിയ തിരുവോസ്തി വെള്ളത്തിൽ ഇട്ടുവെച്ച പാത്രം ഒരു അലമാരയിൽ വെച്ച് പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം ഒക്ടോബർ 19 -ന് അലമാര തുറന്നു നോക്കിയ സിസ്റ്റർ ജൂലിയ കണ്ടത് തിരുവോസ്തിയുടെ നടുവിൽ ചുവന്ന നിറത്തിൽ തടിച്ചിരിക്കുന്നതായ കാഴ്ചയായിരുന്നു. ഉടനെ സിസ്റ്റർ വൈദികരെ സംഭവം വിളിച്ചു കാണിക്കുകയും, വൈദികർ മനുഷ്യമാംസം പോലുള്ള തിരുവോസ്തിയുടെ ഭാഗം കണ്ട് അത്ഭുതപ്പെടുകയും, ഉടൻ തന്നെ മെത്രാപോലിത്തൻ കൂരിയുമായി സംഭവത്തെപ്പറ്റി ആശയവിനിമയം നടത്തുകയും ചെയ്തു. 2009 ജനുവരി ഏഴിന് അതിരൂപത നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ബിലീസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞരുടെയും, പത്തോളജിക്കൽ, അനാറ്റമി വിദഗ്ധരുടെയും സംഘം രക്തസാമ്പിളിൽ പരിശോധന നടത്തി. അപ്പോഴേക്കും രക്തം കട്ടപിടിച്ചിരുന്നു. ഹിസ്റ്റോപത്തോളജിസ്റ്റുകളായ പ്രൊഫസർ സ്റ്റാനിസ് ലാബ് സുൽക്കോബ്സ്കിയും, പ്രൊഫസർ മരിയ സൊബാനിക് ലൊട്ടോസ്കിയും പരസ്പരം ഗവേഷണ വിവരങ്ങൾ പങ്കുവെക്കാതെ സ്വതന്ത്രമായി വ്യത്യസ്ത വിശകലനങ്ങൾ ആരംഭിച്ചു. വിശദമായ പഠനഫലങ്ങളും, ഫോട്ടോഗ്രാഫുകളും ഇരുവരും ബിലീ സ്റ്റോക്ക് മെട്രോപൊളിറ്റൻ കൂരിയക്ക് കൈമാറി. വെവ്വേറെ നടത്തിയ ഇരുവരുടെയും പഠന റിപ്പോർട്ടിലെ കണ്ടുപിടുത്തങ്ങൾ സമാനമായിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ
ഇവയായിരുന്നു; മരണത്തോളം എത്തിയ ജീവനുള്ള മനുഷ്യന്റെ ഹൃദയപേശികളാണ് രക്തസാമ്പിളിൽ ഉള്ളത്. തിരുവോസ്തിയുടെ നടുക്കുള്ള ഭാഗം, തിരുവോസ്തിയിൽ നിന്ന് വേർതിരിക്കാൻ ആവാത്ത വിധത്തിൽ മനുഷ്യന്റെ ഹൃദയപേശി കോശങ്ങളായി പരിണമിക്കുകയായിരുന്നു. ഗോതമ്പപ്പവും, മനുഷ്യ ഹൃദയപേശികളും ശാസ്ത്രീയമായി തമ്മിൽ കൂട്ടിച്ചേർക്കാൻ ആവില്ല. ഇത് എങ്ങനെ സംഭവിക്കും എന്നത്, ശാസ്ത്രത്തിന് അജ്ഞാതമാണ്. കൃത്രിമ മാനുഷിക ഇടപെടലുകൾ പ്രസ്തുത സംഭവത്തിൽ നടന്നിട്ടില്ല.






















































































































































































































































































































































