തിരുവോസ്തി നിലത്തു വീണപ്പോൾ വിശുദ്ധർ ചെയ്തത്; നമ്മൾ ചെയ്യുന്നത്!!

ഒരിക്കൽ വിശുദ്ധ ചാൾസ് ബറോമിയ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ശ്രദ്ധക്കുറവ് കൊണ്ട് അതിൽ ഒരെണ്ണം താഴെ വീഴുന്നതിനിടയായി. യേശുവിനോട് കാണിച്ച വലിയ അനാദരവായി അദ്ദേഹം ആ തെറ്റിനെ കരുതുകയും, ആ പശ്ചാത്താപം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി, നാല് ദിവസത്തോളം വിശുദ്ധ ബലിയർപ്പിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. അതിനു പരിഹാരമായി എട്ടു ദിവസം ഉപവാസം അദ്ദേഹം അനുഷ്ഠിക്കുകയുണ്ടായി. വിശുദ്ധ പാദ്രേ പിയോ, അൾത്താരയുടെ മുൻപിൽ നിന്നുകൊണ്ട് പൂജാ പാത്രങ്ങൾ വിശുദ്ധ ബലിയർപ്പണത്തിന് ശേഷം വീണ്ടും തുടച്ച് വൃത്തിയാക്കുമായിരുന്നു. ഓരോ കണികയിലും കർത്താവിൻ്റെ സാന്നിധ്യം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ വിശുദ്ധൻ. ഒരിക്കൽ വിശുദ്ധ മാർഗ്ഗരേറ്റ് മേരി തിരുവോസ്തിയുടെ ഒരു ഭാഗം നിലത്ത് കിടക്കുന്നത് കണ്ടപ്പോൾ യേശുവിനോട് കാണിച്ച അനാദരവ് ഓർത്ത് പൊട്ടിക്കരഞ്ഞ് മുട്ടുകുത്തി ആരാധിച്ചുകൊണ്ട് ഒരു വൈദികൻ വരുന്നതുവരെ അവിടെത്തന്നെ നിന്നു.