ക്ഷമയുടെ കുരിശു രൂപവും; കുമ്പസാരവും
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ പേരും ഈ പ്രത്യേക രൂപവും ലഭിച്ചതിന് പിന്നില് ഒരു ചരിത്രമുണ്ട്. പല കുമ്പസാരത്തിലും ഏറ്റുപറഞ്ഞ ഗൗരവമായ ഒരു പാപം ഒരു മനുഷ്യന് വീണ്ടും വീണ്ടും ആവർത്തിക്കുന്നതായി മനസിലാക്കിയ വൈദികന് ദൈവത്തിന്റെ കരുണയെ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനായി ഇനിയും ഈ പാപം ആവര്ത്തിച്ചാൽ താൻ പാപമോചനം നല്കില്ലെന്ന മുന്നറിയിപ്പ് നല്കി. എന്നാല് ആ വ്യക്തി വീണ്ടും അതേ പാപത്തില് വീഴുകയും പാപമോചനം തേടി വീണ്ടും കുമ്പസാരത്തിനണയുകയും ചെയ്തു. മുമ്പ് പറഞ്ഞതുപോലെ പാപമോചനം നല്കാന് വൈദികന് വിസമ്മതിച്ചു. ആ സമയം അള്ത്താരയില് നിന്ന് അസ്വഭാവികമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഇരുവരും അത്ഭുതാവഹമായ ഒരു കാഴ്ച കണ്ടു. ക്രൂശിതരൂപത്തിലെ യേശുവിന്റെ തിരുസ്വരൂപത്തിന്റെ വലതു കൈ കുരിശില് നിന്ന് വിടുവിക്കപ്പെട്ട് ഈ മനുഷ്യന് പാപമോചനം നല്കുന്ന കാഴ്ച. ഈശോ ഇപ്രകാരം പറയുന്നതായും അവര് കേട്ടു: ”എന്റെ ഈ മകന്റെ പാപങ്ങള് മോചിക്കുന്നതിനുവേണ്ടി രക്തം ചിന്തിയത് നീയല്ല, ഞാനാണ്.”
അവലംബം ശാലോം