വെളിപാട് ഗ്രന്ഥം; വിശുദ്ധ ബലിയർപ്പണത്തിന്റെ വെളിപ്പെടുത്തലാണ്
മനുഷ്യ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും വിധി പ്രസ്താവവും സൂചിപ്പിക്കാൻ പഴയനിയമത്തിൽ ആവർത്തിച്ചിരിക്കുന്ന പ്രയോഗമാണ് ‘കർത്താവിന്റെ ദിനം.’ പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദ്യ നൂറ്റാണ്ടുകളിൽ ആവർത്തിക്കപ്പെട്ടിരുന്നത്. ആദിമസഭ ഞായറാഴ്ചകളിൽ ഒരുമിച്ചു കൂടി യേശുവിന്റെ കുരിശുമരണോത്ഥാനങ്ങൾ അനുസ്മരിക്കുന്ന അപ്പം മുറിക്കൽ ശുശ്രൂഷ ആചരിച്ചിരുന്നു. സാബത്തുദിനാചരണം, യഹൂദ ജനത്തിന്റെ പ്രത്യേകതയായിരുന്നതുപോലെ, ഞായറാഴ്ചയിലെ അപ്പം മുറിക്കൽ ശുശ്രൂഷ ക്രൈസ്തവ സമൂഹത്തിന്റെ മുഖ മുദ്രയായി മാറി. ആദിമ സഭയിലെ അപ്പം മുറിക്കൽ ശുശ്രൂഷയെ സൂചിപ്പിക്കാനാണ് പൗലോസ് ശ്ലീഹാ ‘ക്യുറിയാക്കോൻ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദം തന്നെയാണ് യോഹന്നാൻ ശ്ലീഹാ തന്റെ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവരുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദിമനൂറ്റാണ്ടിൽ ആവർത്തിച്ചിരുന്നത്. കർതൃദിനത്തിൽ യോഹന്നാന് ദർശനം ലഭിച്ചു എന്നു പറയുമ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ ജീവ സ്രോതസായ അപ്പം മുറിക്കൽ ശുശ്രൂഷയിൽ പങ്കു ചേരുന്ന യോഹന്നാന് ലഭിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അനുഭവമാണ് വെളിപാടിലെ ദർശനങ്ങളുടെ കാതലെന്നു സംശയലേശയമെന്യേ പറയാൻ കഴിയും.