December 22, 2024
#Book Reviews #Media

പരിശുദ്ധ കുർബാന കരുണയും കരുതലും’ എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട  ഡോ. അഗസ്റ്റിൻ  ചേന്നാട്ട്  എഡിറ്റർ

മംഗലപ്പുഴ സെമിനാരിയുടെ ശതാബ്ദി ഒരുക്ക പുസ്തക പരമ്പരയുടെ രണ്ടാമത്തെ രചനയാണ്,  ‘പരിശുദ്ധ കുർബാന കരുണയും കരുതലും’ എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട  ഡോ. അഗസ്റ്റിൻ  ചേന്നാട്ട്  എഡിറ്റർ ആയിരിക്കുന്ന ഈ പുസ്തക രചനയിൽ ഇരുപത്തിയൊന്ന്  വ്യക്തികളാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.  എല്ലാ ലേഖനങ്ങളും വിശുദ്ധ കുർബാനയുടെ വിവിധ തലങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്; ദൈവശാസ്ത്രവും,  ആത്മീയ ശാസ്ത്രവും,  ബൈബിൾ പഠനങ്ങളും, സഭാപിതാക്കൻമാരുടെ രചനകളും, സഭയുടെ ഔദ്യോഗിക ദിവ്യകാരുണ്യ പഠനങ്ങളും,  സാമൂഹിക തലങ്ങളും  ഉൾച്ചേർന്നിട്ടുള്ള ഒരു പുസ്തകമാണ് പരിശുദ്ധ കുർബാന; കരുണയും കരുതലും.

 ഒന്നാമത്തെ ലേഖനം എഴുതിയിരിക്കുന്നത് ഡോ. ലൂക്ക്. അദ്ദേഹം,  ആ ലേഖനത്തിൽ കുറിക്കുന്നത്; ഇസഹാക്കും, അബ്രാഹവും എങ്ങനെയാണ് വിശുദ്ധ കുർബാനയുടെ പ്രതീകങ്ങളായിട്ട് മാറുന്നത്,  മലമുകളിൽ കാണപ്പെട്ട മുള്ളിനിടയിൽ കുടുങ്ങിക്കിടക്കുന്ന കുഞ്ഞാട് വിശുദ്ധ കുർബാനയുടെ കുരിശിൽ ബലിയായ ഈശോയുടെ പ്രതീകമായി മാറുന്നതെങ്ങെനെയാണെന്ന് അദ്ദേഹത്തിന്റെ ലേഖനത്തിൽ രചിച്ചു വച്ചിരിക്കുന്നു.  രണ്ടാമത്തെ ലേഖനമെഴുതിയിരിക്കുന്നത് ഡോ. ജോഷി മയ്യാറ്റിൽ, തലക്കെട്ട്,  ‘കർത്താവിൻ്റെ രുചി സങ്കീർത്തനങ്ങളിൽ’ ഈ ലേഖന രചനയിൽ ബഹുമാനപ്പെട്ട ജോഷി മയ്യാറ്റിൻ അച്ചൻ വിവിധ സങ്കീർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ആ സങ്കീർത്തനങ്ങൾ എങ്ങനെ വിശുദ്ധ ബലിയർപ്പണവുമായി ബന്ധപ്പെട്ടിരിക്കുന്നു,  സങ്കീർത്തനങ്ങളിൽ ഉള്ള ഭക്ഷണ മേശകൾ എങ്ങനെ ബലിപീഠവുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നതിനെയൊക്കെ ആസ്പദമാക്കി രചിക്കപ്പെട്ട വ്യത്യസ്തമായിട്ടുള്ള ഒരു ലേഖനമാണ് കർത്താവിൻ്റെ രുചി സങ്കീർത്തനങ്ങളിൽ;  ഇതിനായിട്ട് അദ്ദേഹം പരിചയപ്പെടുത്തുന്നത് സങ്കീർത്തനങ്ങൾ 22, 116, 14, 81, 23  ആണ്.  വിശുദ്ധ കുർബാനയുടെ ഒരു നിഴൽ ഈ സങ്കീർത്തങ്ങളിൽ കാണാം.ഭക്ഷണ മേശകൾ എങ്ങനെ വിശുദ്ധ കുർബാനയുടെ തലത്തിലേക്ക് നയിക്കുന്നുവെന്നത് ലേഖന രചനയിൽ വിശദീകരിച്ചിട്ടുണ്ട്. 

മൂന്നാമത്തെ ലേഖനം,  സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം: പ്രതീകവും യാഥാർത്ഥ്യവും  ഡോ. ജോസഫ് നാൽപതിൽ ചിറയച്ചനാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഈ ലേഖന രചനയിൽ അദ്ദേഹം ശ്രമിക്കുന്നത് യോഹന്നാൻ്റെ സുവിശേഷം ആറാം അധ്യായത്തെ വിവരിക്കാനാണ്.  വിശുദ്ധ കുർബാനയെയും,  കുർബാനയിലുള്ള ഈശോയുടെ സജീവസാന്നിധ്യത്തെയും  ബന്ധിപ്പിക്കുന്ന സ്വർണ നൂലായിട്ടാണ് ഈ സുവിശേഷ ഭാഗത്തെ വിശേഷിപ്പിക്കുന്നത്.   വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രമാണ് ഈ അധ്യായത്തിലൂടെ വിശുദ്ധ യോഹന്നാൻ വിവരിക്കുന്നത്.  അങ്ങനെ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തെ മനോഹരമായി വിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ഒരു ലേഖന ഭാഗമാണ് സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം: പ്രതീകവും യാഥാർത്ഥ്യവും.  നാലാമത്തെ ലേഖനം,  പാദക്ഷാളനം;  വിരുന്നു മേശയിലെ പരിപൂർണ്ണ സ്നേഹം. ഡോ. ബിൻസി മാത്യു എസ് എച്ച്. തയ്യാറാക്കിയ  ലേഖനമാണിത്.  ഈ ലേഖനത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത്,  യോഹന്നാന്റെ സുവിശേഷത്തിലെ പതിമൂന്നാം അധ്യായമാണ്.  എങ്ങനെയാണ് കാൽകഴുകൽ  ശുശ്രൂഷ വിശുദ്ധ കുർബാനയുടെ  ചൈതന്യമായി  മാറുന്നത് എന്നതിനെക്കുറിച്ച് വളരെ വിശദമായിട്ടുള്ള ലേഖനമാണിത്.  പാദക്ഷാളനം വി.കുർബാനയുടെ പ്രതീകമായി കാണാനായിട്ട് സാധ്യമല്ലെങ്കിലും,  വിശുദ്ധ കുർബാനയും പാദ ക്ഷാളനവും  തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന് സിസ്റ്റർ ഈ ലേഖനത്തിലൂടെ രേഖപ്പെടുത്തുന്നു. ഏഴ് വിവിധങ്ങളായ ആശയങ്ങളിലൂടെയാണ് ലേഖനകർത്താവ് ഈ കാര്യം സമർത്ഥിക്കുന്നത്.

അഞ്ചാമത്തെ ലേഖനം പൗലോസ് ശ്ലീഹായുടെ ദിവ്യകാരുണ്യ ദർശനം; തയ്യാറാക്കിയിരിക്കുന്നത്,  ഡോ.  ജോസഫ് മലേപറമ്പിലാണ്.  പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ  ആസ്പദമാക്കി പ്രത്യേകിച്ച്,  പൗലോസ് ശ്ലീഹാ കോറിന്തോസിലെ  സഭയ്ക്കെഴുതിയ  ഒന്നാം ലേഖനത്തെ ആസ്പദമാക്കിയാണ് ഈ ലേഖനം രചിക്കപ്പെട്ടിരിക്കുന്നത്.  പൗലോസ് ശ്ലീഹായുടെ വിശുദ്ധ കുർബാന ദർശനങ്ങൾ  വ്യക്തമായി അപഗ്രഥിക്കാൻ  ഈ  ലേഖനം നമ്മളെ സഹായിക്കും.  ആറാമത്തെ ലേഖനം തയ്യാറാക്കിയിരിക്കുന്നത് പരിശുദ്ധ കുർബാന :  പൗരസ്ത്യ സഭാ പിതാക്കന്മാരുടെ ദർശനങ്ങളിൽ. ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത് ഡോ. ആൻ്റണി തട്ടാശ്ശേരിയച്ചനാണ്.  പൗരസ്ത്യ സുറിയാനി സഭാ പിതാക്കന്മാരായ മാർ അഫ്രഹാത്ത്, മാർ അപ്രേം എന്നിവരുടെ  വിശുദ്ധ കുർബാന ദർശനങ്ങളാണ് ഈ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  പഴയനിയമ ഗ്രന്ഥത്തിലെ പ്രത്യേകിച്ച് ജീവൻ്റെ വൃക്ഷവും, ഫലവും, ഏദൻ തോട്ടവുമെല്ലാം വി. കുർബ്ബാന ദർശനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ചിട്ടുണ്ട്.  മാമ്മോദീസയും വി. ബലിയർപ്പണവും എത്രമാത്രം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും കർത്താവിൻ്റെ വിലാപ്പുറം എങ്ങനെ സഭയുടെ ആരംഭവും പ്രവേശന കൂദാശകളുടെ ഉത്ഭവസ്ഥാനവുമായി മാറുന്നുവെന്ന് മനോഹരമായി പൗരസ്ത്യ പിതാക്കൻമാരുടെ കാഴ്ചപ്പാടിലൂടെ ലേഖനകർത്താവവതരിപ്പിക്കുന്നു.  ഏഴാമത്തെ ലേഖനം,  വിശുദ്ധ കുർബാന:  ഗ്രീക്ക്- ലാറ്റിൻ സഭാ പിതാക്കന്മാരുടെ  വീക്ഷണത്തിൽ. ഡോ. ബിനു മാത്യു കുളത്തിങ്കലാണ്  ലേഖന രചയിതാവ്. ഈ ലേഖനത്തിൽ സിഡാക്കേ മുതൽ വി. ഇരണേവൂസ്, ജസ്റ്റിൻ, ക്രിസോസ്തോം,  ഒറിജിൻ,  വിശുദ്ധ ഇഗ്നീഷ്യ സ്,  ജെറുസലേമിലെ വിശുദ്ധ സിറിൽ അങ്ങനെ ആദിമ ഗ്രീക്ക് ലാറ്റിൻ സഭാ പിതാക്കന്മാർ എങ്ങനെയാണ് വിശുദ്ധ കുർബാനയെ കണ്ടത് എന്ന് വ്യക്തമാക്കുന്ന ലേഖനമാണിത്.

 എട്ടാമത്തെ ലേഖനം വിശുദ്ധ കുർബാന കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ;  ഡോ.  സിൻ്റോ ചിറ്റിലപ്പള്ളിയാണ് ഈ ലേഖനത്തിന്റെ രചയിതാവ്.  രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെയും, അതുപോലെതന്നെ മതബോധന ഗ്രന്ഥത്തിന്റെയും വെളിച്ചത്തിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ദർശനങ്ങൾ മുഴുവൻ ക്രോഡീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്.  ഈ ലേഖനം വായിക്കുമ്പോഴും പഠിക്കുമ്പോഴും സഭയുടെ പഠനങ്ങളെക്കുറിച്ച് വ്യക്തവും കൃത്യമായി മനസ്സിലാക്കാൻ പ്രത്യേകിച്ച് സഭയുടെ മതബോധന ഗ്രന്ഥത്തിൻ്റെ  വെളിച്ചത്തിൽ ഈ ലേഖനം നമ്മളെ സഹായിക്കുന്നു. ഒമ്പതാമത്തെ ലേഖനം തയ്യാറാക്കിയിരിക്കുന്നത് ഡോ. ജിജോ നെല്ലിക്കാക്കണ്ടത്തിലാണ്;  അദ്ദേഹം എഴുതിയിരിക്കുന്നത്,  സീറോ മലബാർ സഭയുടെ കുർബാനയും ദൈവശാസ്ത്ര ആഭിമുഖ്യങ്ങളും; എന്ന ലേഖനമാണ്.  സിറോമലബാർ കുർബാനയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഇതിൽ നിന്ന് വ്യക്തമായിട്ട് മനസ്സിലാക്കാനായിട്ട് സാധിക്കും. ഓരോ ഭാഗങ്ങളും കൃത്യമായി, വിവരിച്ച്, ആശയങ്ങളും, പ്രതീകങ്ങളും പരിചയപ്പെടുത്തി അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആമുഖശുശ്രൂഷയിലെ പുഖ്ദാകോനിൽ ആരംഭിച്ച്,  സമാപന ശുശ്രൂഷയിൽ അവസാനിക്കുന്ന;  വിടവാങ്ങൽ പ്രാർത്ഥനയോടെ അവസാനിക്കുന്ന തരത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയെക്കുറിച്ച് വ്യക്തമായിട്ട് മനസ്സിലാക്കാൻ  ഈ ലേഖനം നന്മെ  സഹായിക്കും.  തുടർന്നുവരുന്ന രണ്ട് ലേഖനങ്ങളും രണ്ട് ദൈവശാസ്ത്ര ചിന്തകന്മാരെ ; ഒന്നാമത്തെ ലേഖന കർത്താവ് ഡോ.  കുര്യൻ മുക്കാം കുഴിയിൽ ഷാൻ ലൂക്ക് മരിയോണിയുടെ വിശുദ്ധ കുർബാന ദർശനങ്ങളെ അപഗ്രഥിച്ച് ലേഖനം തയ്യാറാക്കുമ്പോൾ; ഡോ. ജോസ് കുളത്തൂർ ലൂയി മാരി ഷവെയുടെ കുർബ്ബാന ദർശനങ്ങൾ പരിചയപ്പെടുത്തുന്നു. തുടർന്ന് വരുന്നത് ഡോക്ടർ സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ   രചിച്ച വിശുദ്ധ കുർബാന കൂദാശകളുടെ കൂദാശ: ഒരു പഠനം എന്ന ലേഖനമാണ്.  വിശുദ്ധ കുർബാനയെ കൂദാശകളുടെ കൂദാശയായി എന്തുകൊണ്ട് കാണുന്നു എന്നതിനെക്കുറിച്ച് വളരെ ദീർഘമായിട്ടുള്ള  ലേഖനമാണിത്; കൂദാശകളെക്കുറിച്ചും, കൂദാശയായ വി.കുർബ്ബാനയെക്കുറിച്ചുമുള്ള സമഗ്രമായ ഒരു പഠനമാണിത്. 

അടുത്ത ലേഖനം സാമൂഹികമായ കാഴ്ചപ്പാടിന്റെ പിൻബലത്തിൽ രചിക്കപ്പെട്ട ലേഖനമാണ്.  രചയിതാവ് ഡോ. തോമസ് കടുകപ്പിള്ളിലാണ്.  കുടിയേറ്റത്തിന്റെ തത്ത്വശാസ്ത്രവും, ദൈവശാസ്ത്രവും വിശുദ്ധ കുർബാനയുടെ നിഴലിൽ;  പുറപ്പാടിന്റെ ശാസ്ത്രവും ദൈവശാസ്ത്രവും വിവരിച്ചുകൊണ്ട് അദ്ദേഹം ഈ രചന മനോഹരമായിട്ട് നിർവഹിച്ചിരിക്കുന്നു. പ്രത്യേകിച്ച്  ഈ കാലയളവിലുള്ള കുടിയേറ്റങ്ങളെ  ബന്ധപ്പെടുത്തി രചന പൂർത്തിയാക്കാൻ ലേഖന കർത്താവിന് കഴിഞ്ഞിട്ടുണ്ട്.  പൗരോഹിത്യ ജീവിതത്തിൽ വിശുദ്ധ ബലിയർപ്പണത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തിയുള്ള ലേഖനമാണ് അടുത്തത്;  വിശുദ്ധ കുർബാനയും ക്രിസ്തീയ പൗരോഹിത്യവും, ഡോ.  ജോസ് ഓലിയപുറത്തച്ചനാണ് രചയിതാവ്.  വിശുദ്ധ പുരോഹിതൻ ആരാണ് ദിവ്യകാരുണ്യവും പൗരോഹിത്യവും തമ്മിലുള്ള ബന്ധം എന്താണ് എന്നൊക്കെ മനോഹരമായിട്ട് വിവരിക്കുന്ന ലേഖനമാണിത്.   വിരുന്നും  ബലിയുമായ പരിശുദ്ധ കുർബ്ബാനയെന്നതിനെ ആസ്പദമാക്കി ഫാ. തോമസ് വട്ടമല രചിച്ച ലേഖനമാണ് തുടർന്നു വരുന്നത്.  വിശുദ്ധ ബലിയർപ്പണം എങ്ങനെ ഒരു വിരുന്ന് ആകുന്നു; എങ്ങനെ ഒരു ബലിയായി മാറുന്നു;   പഴയ നിയമവും പുതിയ നിയമ വിരുന്നുകളും ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. തുടർന്നുവരുന്ന ലേഖനം; പരിശുദ്ധ കുർബ്ബാന സഭാപ്രബോധനങ്ങളിൽ; ഡോ. ജോസഫ് മരുതുകുന്നേൽ സഭാ പ്രബോധനങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് തയ്യാറാക്കിയ ലേഖനമാണിത്.  വത്തിക്കാൻ കൗൺസിൽ പ്രബോധന രേഖകളും, പരിശുദ്ധ പിതാക്കൻമാരുടെ ചാക്രികലേഖനങ്ങളും, അപ്പസ്തോലിക പ്രബോധനങ്ങളും ഈ ലേഖനരചനയിൽ രചയിതാവ് ഉൾപ്പെടുത്തിയിരിക്കുന്നു.  തുടർന്നു വരുന്ന  ലേഖനം ‘ഞാനും അങ്ങയെ  സ്നേഹിക്കുന്നു’  ഡോ. അഗസ്റ്റിൽ കല്ലേലി കുടുംബജീവിതവുമായി വി.കുർബ്ബാനയുടെ ബന്ധം പഠിച്ച് തയ്യാറാക്കിയ ലേഖനമാണ്.

 തുടർന്നു വരുന്ന ലേഖനം തയ്യാറാക്കിയത്, ഡോ. ജോൺ പോൾ പറപ്പള്ളിയാത്താണ്. പരിശുദ്ധ അമ്മയും ബലിയർപ്പണവും എന്ന വിഷയത്തെ അധികരിച്ചാണദ്ദേഹം തൻ്റെ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സഭയും, വി. കുർബ്ബാനയും എന്ന ചാക്രികലേഖനമാണ് അദ്ദേഹം കൂടുതലായി തൻ്റെ ലേഖന രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ,  കെപി അപ്പൻ്റെ  മധുരം നിന്റെ ജീവിതം എന്ന ലേഖനവും ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കുന്നു.  വിശുദ്ധ കുർബാനയും സാമൂഹിക പ്രതിബദ്ധതയും; ലേഖനത്തിൻ്റെ രചയിതാവ് ഡോ. ജോസഫ് കൊച്ചുപറമ്പിലാണ്. ബലിയർപ്പണം നമ്മുടെ ദേവാലയത്തിൽ അവസാനിക്കരുതെന്നും  മറിച്ച് വിശുദ്ധ കുർബാന സാമൂഹ്യ പ്രതിബദ്ധതയുള്ളവരായിട്ട് നമ്മളെ വളർത്തണമെന്നും  പഠിപ്പിക്കുന്ന മനോഹരമായ ലേഖനമാണിത്. ഈ ഗ്രന്ഥത്തിലെ ഇരുപതാമത്തെ ലേഖനമാണ് ഡോ. സിജു കൊമ്പൻ എഴുതിയ അർപ്പിച്ചു തീരാത്ത ദിവ്യബലി; വിശുദ്ധരുടെ വിശുദ്ധ ബലിയർപ്പണങ്ങളും, അവരുടെ ദിവ്യകാരുണ്യ സ്നേഹവും വ്യക്തമാക്കാൻ ശ്രമിക്കുന്നു; ഒത്തിരി വിശുദ്ധരെ പരിചയപ്പെടുത്തുന്നതിനു പകരം വി. മദർ തെരെസയുടെ ദിവ്യകാരുണ്യ ഭക്തിയും, ദിവ്യകാരുണ്യ ആരാധനകളും സംബന്ധിച്ച് ഈ ലേഖനം പഠിപ്പിക്കുന്നു.   അവസാനമായി,  ഡോ. അഗസ്റ്റിൻ ചേന്നാട്ട് ദിവ്യകാരുണ്യ അത്ഭുതം: ഒരു അവലോകനം എന്ന ലേഖനത്തിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം വയ്ക്കുന്നത്.  സഭയുടെ ഔദ്യോഗികമായ കാഴ്ചപ്പാട് എന്താണെന്നു പരിചയപ്പെടുത്തി പ്രധാന ദിവ്യകാരുണ്യ  അത്ഭുതങ്ങളെ വിചിന്തനം ചെയ്തുള്ള ലേഖനം.

      വിശുദ്ധ കുർബാനയെക്കുറിച്ച് ഈ നാളുകളിൽ എഴുതപ്പെട്ട ഏറ്റവും പുതിയ ലേഖന സമാഹരമാണ് പരിശുദ്ധ കുർബാന കരുണയും കരുതലും; ഇതിൻ്റെ പ്രസാധകർ എസ്.എച്ച്. ലീഗാണ്; ഇറങ്ങിയ വർഷം 2023 ആണ്. ഇതിൻ്റെ വില 250 രൂപയാണ്; 331 താളുകളിലായി വ്യത്യസ്ത ആശയങ്ങൾ അവതരിപ്പിക്കുന്ന ലേഖന സമാഹാരത്തിന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവ് ആശംസകൾ നേരുകയും; അവതാരിക ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിലച്ചൻ നല്കുകയും ചെയ്തിരിക്കുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *