പരിശുദ്ധ അമ്മ മരിച്ചപ്പോൾ എത്ര വയസായിരുന്നു !!!

പരിശുദ്ധ അമ്മയുടെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രിജിത്താ പുണ്യവതിയും, അമ്മ ത്രേസ്യയും പ്രചരിപ്പിച്ച 63 മണി ജപമാലയുമായി ബന്ധപെട്ടു നിൽക്കുന്നതാണ്; ഇത് അറിയപ്പെടുന്നത് ബ്രിജിറ്റൈൻ ജപമാല അല്ലെങ്കിൽ കർമ്മല ജപമാല എന്നാണ്. സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത് തുടങ്ങിവച്ച ഒരു ഭക്താഭ്യാസമാണിത്. 63 എന്ന സംഖ്യ പരിശുദ്ധ അമ്മ ഈ ലോകത്തിൽ സ്വർഗ്ഗാരോപണത്തിനു മുൻപ് ജീവിച്ച 63 വർഷങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശുദ്ധ ബ്രിജിത്ത് പറയുന്നു. ആൻ കാതറിൻ എമിറിച്ചിന് ലഭിച്ച ദർശനങ്ങളിലും പരിശുദ്ധ അമ്മ 63 -മത്തെ വയസ്സിൽ ആണ് സ്വർഗ്ഗാരോപണം ചെയ്തതെന്ന് പറയുന്നു. വർഷങ്ങൾക്ക് ശേഷം ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ ഈ ജപമാല പ്രസിദ്ധപ്പെടുത്തി. കർമലീത്ത സഭയുടെ നവീകരണത്തിനു ശേഷം, കർമലീത്താ സഭാ വസ്ത്രത്തിലെ ബെൽറ്റിൽ ഈ ജപമാല ധരിക്കാൻ തുടങ്ങി. അങ്ങനെയാണ് കർമലീത്ത ജപമാല എന്ന പേര് ഈ ജപമാലയ്ക്ക് കൈവന്നത്. 1858 ഫെബ്രുവരി 11ന് പരിശുദ്ധ അമ്മ വിശുദ്ധ ബെർണാഡീറ്റക്കു ആദ്യമായ പ്രത്യക്ഷപ്പെട്ടപ്പോൾ വിശുദ്ധ തന്റെ കയ്യിലുള്ള 53 മണി ജപമാല എടുത്ത് പ്രാർത്ഥിച്ചപ്പോൾ അവൾ ഒരു കാര്യം ശ്രദ്ധിച്ചു. പരിശുദ്ധ അമ്മയുടെ കയ്യിൽ 63 മണികൾ ഉള്ള ജപമാല ആയിരുന്നു. 63 മണി ജപമാല സാധാരണ ജപമാല പോലെ തന്നെയാണ്. അതിലൊരു വ്യത്യാസം എന്നു പറയുന്നത്; സന്തോഷം, ദുഃഖം, മഹിമ എന്നീ രഹസ്യങ്ങൾക്ക് അഞ്ചിനു പകരം ആറ് രഹസ്യങ്ങളാണ് പ്രാർത്ഥിക്കുന്നത്. സന്തോഷം, ദുഃഖം, മഹിമ എന്നീ രഹസ്യങ്ങളിൽ സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യമായി പരിശുദ്ധ അമ്മയുടെ അമലോൽഭവ ജനനം ധ്യാനിക്കുന്നു, അതിനുശേഷം സാധാരണ ജപമാല രഹസ്യങ്ങൾ. എന്നാൽ ദുഃഖത്തിന്റെയും മഹിമയുടെ രഹസ്യങ്ങളിൽ ഒന്നാമതല്ല ആറാമതായാണ് രഹസ്യങ്ങൾ വരുന്നത്. ദുഃഖത്തിന്റെ രഹസ്യങ്ങളിൽ; ആറാം രഹസ്യമായി ഈശോയുടെ മൃതദേഹം പരിശുദ്ധ അമ്മയുടെ മടിയിൽ കിടക്കുന്നതും, മഹിമയുടെ രഹസ്യങ്ങളിൽ ബ്രിജിറ്റെയിൻ സഭക്കാർ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തിയെയും, കർമല സഭാംഗങ്ങൾ കർമല സഭയുടെ രാഞ്ജിയായ പരിശുദ്ധ മറിയത്തെയും ധ്യാനിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനക്കു ഏഴു മുത്തുകളും, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ 63 മുത്തുകളുമാണ് ഈ കൊന്തയിലുള്ളത്. ഒരുതരത്തിൽ ലൂർദിൽ താൻ അമലോൽഭവ മാതാവാണെന്നു മാത്രമല്ല പരിശുദ്ധ അമ്മയുടെ പ്രായം കൂടി അമ്മ സ്ഥിരീകരിക്കുകയും ചെയ്തു.






















































































































































































































































































































































