December 22, 2024
#Martyrs #Saints

വിശുദ്ധ ‘അമ്മ ത്രേസിയാ


സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള സ്ത്രീരത്നങ്ങൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുന്ന വേളയിൽ പോൾ ആറാമൻ പാപ്പ വിശേഷിപ്പിച്ചത് ആത്മീയതയുടെ ‘അനിതരസാധാരണ സ്ത്രീ ‘ എന്നാണ്. സഭയിലെ പ്രഥമ വനിതാവേദപാരംഗതയാണ് സ്പെയിനിന്റെ മധ്യസ്ഥ ആയ അമ്മത്രേസ്സ്യ. സഭ അവളെ ആദരിക്കുന്നത് ‘മാലാഖയെപ്പോൽ വിശുദ്ധയായ കന്യക ‘എന്ന് പറഞ്ഞാണ്. കർമ്മലീത്ത സഭയിലെ വിശുദ്ധയായ അവളെ ‘അഗ്നികുണ്ഡം’ എന്നും വിളിക്കുന്നു. വിശുദ്ധ ‘അമ്മ ത്രേസിയാ വളരെ ധീരമതിയായ ഒരു യുവതിയാണ്; സഭയുടെ നവീകരണത്തിനായി അധ്വാനിച്ച വിശുദ്ധ. വിശുദ്ധയുടെ ആത്മീയ ജീവിത ശൈലിയും, വളരാനുള്ള പരിശ്രമങ്ങളും നമ്മെ ഒത്തിരി പ്രചോദിപ്പിക്കുന്നതാണ്. ‘അമ്മ ത്രേസ്യയുടെ ജീവ ചരിത്രത്തിൽ നാം കാണുന്നുണ്ട് ദിവ്യകാരുണ്യ സ്വീകരണങ്ങൾ അവളിൽ വരുത്തിയ മാറ്റങ്ങൾ, വിശുദ്ധ എത്തിച്ചേർന്ന ആത്മീയ ഐക്യം എന്നിവ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. സഹോദരിമാര് പറയാറുണ്ട്; ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം പലപ്പോഴും ദേവാലയത്തിൽ നിന്നും അവളെ അവർ എടുത്തുകൊണ്ടാണ് പോയിരുന്നത്; വിശുദ്ധ എത്തിച്ചേർന്നിരുന്ന ഒന്നുചേരൽ അത്ര ആഴമുള്ളതായിരുന്നു. ‘അമ്മ ത്രേസിയാ ആത്മീയ ജീവിതത്തിൽ നില നിന്ന് ജീവിക്കാനായി എതാനും കാര്യങ്ങൾ പറയാറുണ്ട്;

  1. ദൈവിക വരപ്രസാദത്തിൽ ആയിരിക്കുക
    എ. കൂദാശ സ്വീകരണങ്ങൾ
    ബി. കാനോന നമസ്കാരങ്ങൾ
  2. ദൈവ വചന വായന
  3. ഇന്ദ്രിയ നിഗ്രഹം
  4. പ്രാർത്ഥന
  5. ആത്മീയ പിതാവ് ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ അവൾ ഈശോയെ സാധാരണ വ്യക്തിയെ കാണുന്ന പോലെ കണ്ടു സംസാരിച്ചു. മറ്റൊരു ലോകത്തിലായിരുന്ന അവൾ ദീർഘമായ സംഭാഷണത്തിന് ശേഷമാണ് ഈ ലോകത്തിലേക്ക് വന്നു കൊണ്ടിരുന്നത്. ഈശോ പലപ്പോഴും അവളോട് ഇങ്ങനെ പറഞ്ഞു, ” നീ എന്റേതും ഞാൻ നിന്റേതുമാണ് “. നമ്മോടുള്ള സ്നേഹത്തെ പ്രതി മുറിപ്പെട്ട കർത്താവിനെപ്പോലെ ത്രേസ്സ്യയുടെ ഹൃദയത്തേയും മുറിപ്പെടുത്താൻ കർത്താവു തിരുമനസ്സായി. ഒരിക്കൽ ഒരു മാലാഖ സ്വർണ കുന്തവുമായി വന്നു ത്രേസ്സ്യയുടെ ഹൃദയത്തെതുളച്ചു. ഭയങ്കരമായ വേദനയിലും അഗാധമായ മാധുര്യമുണ്ടായിരുന്നു. ദൈവം ആ ഹൃദയത്തെ സ്നേഹം കൊണ്ട് ഉജ്ജ്വലമാക്കി. അതോടു കൂടി ദൈവത്തിന്റെതു മാത്രം ആകുക എന്ന ആഗ്രഹം അവളിൽ ശക്തിപ്പെട്ടു. മരണസമയത്തു അവളുടെ ഹൃദയത്തിനു ആഴത്തിൽ മുറിവേറ്റിരിക്കുന്നത് പലരും കണ്ട് ബോധ്യപെട്ടു. ഇന്നും അത് കേടു കൂടാതെ ഇരിക്കുന്നു. സാധാരണ വിശ്വാസികളെ വഴി തെറ്റിക്കുന്നു എന്നാരോപിച്ച് എല്ലാരും അവളെ ഉപേക്ഷിച്ചു. പൈശാചിക ബാധയുള്ള കന്യാസ്ത്രീ എന്ന് സകലരും മുദ്ര കുത്തി. അവൾ എഴുതിയ പല പുസ്തകങ്ങളും കത്തിച്ചു. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് പോലും വിലക്കി. ഈശോയും പലപ്പോഴും മുഖം മറച്ചത്‌ വലിയ സഹനമായിരുന്നു. എല്ലാ വേദനകളും സന്തോഷത്തോടെ സഹിച്ച് സഭയ്ക്കും ലോകത്തിനും വേണ്ടി അവൾ സമർപ്പിച്ചു. സഹനങ്ങളും വേദനകളും സ്വയം ഇല്ലാതായിത്തീരുന്നതിനും സ്വാർത്ഥതയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മാർഗ്ഗവും ആയി ആണ് വിശുദ്ധ കണ്ടത്. കുറ്റാരോപണങ്ങളാലും എതിർപ്പുകളാലും നട്ടം തിരിയുമ്പോൾ കർത്താവ് അവളോട് ചോദിച്ചു , “ഞാൻ സർവ്വശക്തനാണെന്ന് നിനക്കറിഞ്ഞുകൂടെ? നീയെന്തിനു ഭയപ്പെടുന്നു? “
    1582 ഒക്ടോബർ 4നു അറുപത്തിയേഴാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി യാത്രയായി. ‘തിരുസഭയുടെ കുഞ്ഞാണ് ഞാൻ’ എന്ന് മരണനേരത്തു പറഞ്ഞു. ‘ഓ കർത്താവേ, എന്റെ മണവാളനെ, ഞാൻ ഒരുപാട് ആഗ്രഹിച്ച ആ മണിക്കൂർ ഇതാ വന്നിരിക്കുന്നു. നമ്മൾ കണ്ടുമുട്ടേണ്ട സമയമായി ‘ എന്ന് പറഞ്ഞ് ആ നിർമ്മലസൂനം മരിച്ചു. 1622 ൽ വിശുദ്ധ പദവിയിലേക്ക് ഉയർന്നു.

അമ്മത്രേസ്സ്യായുടെ മരണശേഷം അവളുടെ തന്നെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടെടുത്തു,”ഒന്നും നമ്മെ അസ്വസ്ഥരാക്കാതിരിക്കട്ടെ,

ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ,

എല്ലാം കടന്നുപോകും,

ദൈവം മാത്രം അചഞ്ചലനായി നില്‍ക്കും.

ക്ഷമ എല്ലാം നേടിയെടുക്കുന്നു.

ദൈവം കൂടെയുള്ളവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല

ദൈവം എന്തിനും മതിയായവനാണ്…ഈശോയുടെ ത്രേസ്സ്യ”.

Share this :

Leave a comment

Your email address will not be published. Required fields are marked *