January 15, 2026
#Church #Editorial #News

ദൈവം മതി എന്നു പറയുമ്പോൾ പിന്നെ തുടരേണ്ടതുണ്ടോ !! സൺ‌ഡേ ശാലോം 27 വർഷങ്ങൾക്കു ശേഷം പ്രസിദ്ധീകരണം നിർത്തുന്നു.

സൺഡേ ശാലോം പത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ദുഃഖകരമായ വാർത്തയുമായി സൺഡേ ശാലോം പുതിയ ലക്കമെത്തുന്നു. ഇത് പത്രത്തിൻറെ അവസാന ലക്കമാണെന്ന് അറിയിപ്പോടെ പത്രത്തിന്റെ ചീഫ് എഡിറ്റർ ബെന്നി പുന്നത്തറ എഴുതിയ എഡിറ്റോറിയൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൽനൂറ്റാണ്ടിനു മുമ്പ് കേരളസഭയുടെ മാധ്യമ മേഖല തികച്ചും ശുഷ്കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ച പത്രം ആരംഭം കൊണ്ടത്. സഭയുടേതെന്നു കരുതിയിരുന്ന പത്രം പോലും അന്യാധീനപ്പെട്ടുപോയ കാലം, സെക്കുലർ മാധ്യമങ്ങളുടെ സഭാ വാർത്തകളോടുള്ള തിരസ്കരണം, ഒരു രൂപതയിൽ നടക്കുന്ന നല്ല കാര്യങ്ങൾ മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ, സഭാസമൂഹങ്ങൾക്കിടയിലെ അകലങ്ങൾ ഈ സാഹചര്യത്തിലാണ് കേരളസഭ ഒന്ന് എന്ന വീക്ഷണത്തിൽ കത്തോലിക്ക സഭയിലെ എല്ലാ രീത്തുകളെയും ഒരേപോലെ കണ്ട് മറ്റ് അപ്പോസ്തോലിക സഭകളെയും ചേർത്തുനിർത്തി സൺഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത്. അന്നത്തെ സഭാ സാഹചര്യത്തിൽ അത്തരമൊരു പത്രം ഏറെ അനുഗ്രഹകരമായിരുന്നു. സഭയുടെ ശബ്ദമായി നിലകൊള്ളാനും വിവിധ സഭാസമൂഹങ്ങളിലെ പ്രവർത്തനങ്ങളും വാർത്തകളും എല്ലാവരിലേക്കും എത്തിക്കുവാനും സ സൺഡേ ശാലോമിന് കഴിഞ്ഞു. പ്രസ്ഥാനങ്ങളെയും ശുശ്രൂഷകളെയും വ്യക്തികളെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഈ പത്രം സദാ ജാഗരൂകമായിരുന്നു. വിശ്വാസത്തെ അപകടപ്പെടുത്തുന്ന പ്രവണതകൾക്കും പ്രവർത്തനങ്ങൾക്കും എതിരായി മുന്നറിയിപ്പുകൾ നൽകാനും സഭയുടെ ജീർണതകളെ വിവേകപൂർവ്വം തുറന്നുകാട്ടാനും സൺഡേ ശാലോം മടിച്ചിരുന്നില്ല. അൽമായരും സമർപ്പിതരും മെത്രാന്മാരും ഒന്നുപോലെ സൺഡേ ശാലോമിനെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ഈ പത്രം നിർത്തുന്നത് അതിന് ഒരു ഉത്തരമേയുള്ളൂ; ദൈവം മതി എന്ന് പറയുമ്പോൾ നമ്മളും അത് മതിയാക്കണം. ഒരു കമ്പ്യൂട്ടർ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഒരു പത്രപ്രവർത്തകനും ഇല്ലാതെ ഒറ്റക്കിരുന്ന് സൺഡേ ശാലോമിന്റെ പൈലറ്റ് ഇഷ്യൂ തയ്യാറാക്കിയത് പ്രാർത്ഥനയിലൂടെ ദൈവം നൽകിയ ഒരു പ്രചോദനത്തിന്റെ പിൻബലത്തിൽ മാത്രമായിരുന്നു. 27 വർഷത്തിനുശേഷം പ്രാർത്ഥനയിലൂടെ ദൈവം നൽകിയ മറ്റൊരു പ്രചോദനത്തെ പിന്തുടർന്നുകൊണ്ട് സൺഡേ ശാലോം നിർത്തുകയും ചെയ്യുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *