December 22, 2024
#Catechism #Church

ചോദ്യവും ഉത്തരവും

11. ഞായറാഴ്ച കടം നിയമമായി മാറുന്നത് എപ്പോഴാണ്?


ആറാം നൂറ്റാണ്ടിലാണ്. എന്നാൽ നിയമത്താൽ അനുശാസിക്കപ്പെട്ട ഒരു കടമയായി തീരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ആദിമ സഭയുടെ കാലം മുതൽ തന്നെ ക്രിസ്ത്യാനികൾ ഞായറാഴ്ച ഒന്നിച്ചു കൂടിയിരുന്നു. എന്നാൽ പിൽക്കാലത്ത് ചിലരുടെ ആത്മാർത്ഥത കുറവും ഉദാസീനതയും കാരണം ശക്തമായ ഉദ്ബോധനത്തിന്റെ രൂപത്തിൽ ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാനുള്ള കടമയെക്കുറിച്ച് സഭയ്ക്ക് പറയേണ്ടിവന്നു. പിന്നീട് ഇക്കാര്യത്തിനുവേണ്ടി കാനോനിക നിയമങ്ങൾ തന്നെ സഭയ്ക്ക് ഉണ്ടാക്കേണ്ടി വന്നു. എഡി 300 -ൽ സ്പെയിനിലെ എൽവീരയിൽ വച്ച് നടന്ന കൗൺസിൽ ഞായറാഴ്ച കുർബാനയ്ക്ക് തുടർച്ചയായി മൂന്നുപ്രാവശ്യം സന്നിഹിതരാകാത്തവർക്ക് നൽകേണ്ട ശിക്ഷകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക കൗൺസിലുകളുടെ ഇത്തരം നടപടികൾ ഞായറാഴ്ച കുർബാനയ്ക്ക് വരേണ്ടത് സാർവത്രികമായ ഒരു കടമയായി പരിഗണിക്കപ്പെടുന്നതിലേക്ക് നയിച്ചു. സഭയിൽ ഉണ്ടായിരുന്ന ഈ പാരമ്പര്യത്തെ 1917 -ലെ കാനൻ നിയമസംഹിത ആദ്യമായി ഒരു സാർവത്രിക നിയമമാക്കി. ഇപ്പോഴത്തെ കാനോനിക നിയമസംഹിത ഇത് ആവർത്തിക്കുന്നു. ദൈവവചനം ശ്രവിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു കർത്താവായ യേശുവിന്റെ  പീഡാസഹനവും ഉത്ഥാനവും  മഹത്വവും അനുസ്മരിക്കുന്നതിനും ക്രിസ്തീയ വിശ്വാസികൾ എല്ലാവരും ഞായറാഴ്ച ദിവസം സമ്മേളിക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (SC  106 ).  സഭയുടെ ആരംഭകാലത്ത് ഞായറാഴ്ച ദിവസം മാത്രമേ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുള്ളൂ എന്നത് പുരാതന രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ, നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും ബുധൻ, വെള്ളി ദിവസങ്ങളിലും, പിന്നീട് ദിവസേനയും വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതും, അവർ ആവശ്യപ്പെട്ടതും ആയിരിക്കാം ഇതിനുള്ള കാരണം. എല്ലാ ഞായറാഴ്ചകളിലും തിരുസഭ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള തിരുനാളുകളിലും വിശുദ്ധ കുർബാനയിൽ  പങ്കെടുക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്. മറ്റു  ദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് സഭ പ്രോത്സാഹിപ്പിക്കുന്നു. (CCC 289 )

Share this :

Leave a comment

Your email address will not be published. Required fields are marked *