ചോദ്യവും ഉത്തരവും
7. ഞായറാഴ്ച എങ്ങനെയാണ് കടമുള്ള ദിവസമായി മാറുന്നത്?
ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെപീഡാനുഭവ മരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ ദിവസമായി കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയാണ് ആദിമക്രിസ്ത്യാനികൾ കരുതിയിരുന്നത്. യഹൂദന്മാരുടെ സാബത്തുദിനത്തിനു സമാന്തരമായിട്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ചയെ വീക്ഷിച്ചിരുന്നത്. തന്മൂലം സാബത്തുദിവസത്തെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ, പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, വിശ്രമത്തിന്റെ ദിവസം എന്നിങ്ങനെ ഞായറാഴ്ചയെക്കുറിച്ചും ചിന്തിച്ചു തുടങ്ങി. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഞായറാഴ്ച ആചരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കർത്താവിന്റെ ദിവസം (Dies Domini) എന്ന ശ്ലൈഹികലേഖനം ഞായറാഴ്ചയുടെ വ്യത്യസ്തമാനങ്ങൾ പ്രതിപാദിക്കുന്നുണ്ട്. കർത്താവിന്റെ ഉത്ഥാനദിവസം എന്നതിനുപുറമേ, ആഴ്ചയിലെ ഒന്നാം ദിവസമായ സൃഷ്ടിയുടെ ദിവസം, പരിശുദ്ധാത്മാവ് ശീഹന്മാരുടെമേൽ എഴുന്നള്ളിവന്ന പന്തക്കുസ്തയുടെ ഓർമ്മദിവസം, യഹൂദപാരമ്പര്യത്തിലെ ഏഴാം ദിവസമായ സാബത്തു കഴിഞ്ഞു വരുന്ന ദിവസം എന്ന അർത്ഥത്തിൽ യുഗാന്ത്യത്തിന്റെ സൂചനയരുളുന്ന എട്ടാം ദിവസം എന്നിങ്ങനെയെല്ലാം ക്രൈസ്തവ പാരമ്പര്യത്തിൽ ഞായറാഴ്ചയ്ക്ക് പ്രാധാന്യം കൈവന്നു. ക്രൈസ്തവവിശ്വാസികൾ പെസഹാരഹസ്യത്തിന്റെ അനുസ്മരണമായ അപ്പം മുറിക്കൽ നടത്തേണ്ട ദിവസം എന്ന നിലയിലാണ് ഞായറാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത്.