വിശുദ്ധ കൊച്ചുത്രേസിയായയുടെ വിശുദ്ധ കുർബാന ദർശനങ്ങൾ
- Oct 01, 2024
- 1
- 1 min read
വിശുദ്ധ കുർബാനയെ വളരെ സ്നേഹിച്ച വിശുദ്ധയാണ് വിശുദ്ധ കൊച്ചു ത്രേസിയ. വിശുദ്ധ, ആദ്യ കുർബാന സ്വീകരണത്തിനായി മുതിർന്ന സഹോദരി സെലിൻ ഒരുങ്ങുന്ന അന്നുമുതൽ അവൾക്ക് ലഭിക്കുന്ന പാഠങ്ങളും പ്രാർത്ഥനകളും പഠിച്ചുകൊണ്ട് ഒരുങ്ങാൻ ആരംഭിച്ചു. കർത്താവിന്റെ ആദ്യ ചുംബനമാണ് തന്റെ ആദ്യ കുർബാന സ്വീകരണം എന്ന് വിശുദ്ധ പറയുമായിരുന്നു. പിതാവായ ലൂയി മാർട്ടിന്റെ ഒപ്പം എല്ലാ വൈകുന്നേരങ്ങളിലും നടക്കാനായി പോകുമ്പോൾ അവർ എല്ലാ ദിവസവും യാത്രാ വഴിയിലുള്ള ദേവാലയം സന്ദർശിച്ചു, സക്രാരിയിൽ കർത്താവിനെ വണങ്ങി, ആരാധിച്ച ശേഷമാണ് അവർ യാത്ര തുടർന്നത്.
വിശുദ്ധ മഠത്തിൽ പ്രവേശിച്ച കാലത്തു ജാൻസെനിസം എന്ന പാഷാണ്ഡത ശക്തമായിരുന്ന കാലമായിരുന്നു; അതിൻപ്രകാരം വിശുദ്ധ കുർബാന സ്വീകരണങ്ങൾ വർഷത്തിൽ ഒരു പ്രാവശ്യവും, രണ്ടുപ്രാവശ്യവുമായി ചുരുങ്ങി; ഇത് വിശുദ്ധയെ ഒത്തിരി സങ്കടപ്പെടുത്തിയിരുന്നു. അവൾ വിശുദ്ധ യൗസേപിതാവിനോട് മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും, അനുദിന ദിവ്യകാരുണ്യ സ്വീകരണം നടത്താൻ അവളെ കുമ്പസാരകൻ അനുവദിക്കുകയും ചെയ്തു.
വിശുദ്ധ കുർബാന ഒരുക്കത്തെ കുറിച്ച് വളരെ കൗതുകകരമായ ഒരു വിവരണം വിശുദ്ധ കൊച്ചുത്രേസിയാ തരുന്നുണ്ട്. തലമുടിയും, വസ്ത്രങ്ങളും എല്ലാം അലങ്കോലപ്പെട്ട മൂന്ന് നാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ് എന്റെ ആത്മാവ്; അൾത്താരയിൽ യേശുവിന്റെ സമീപത്ത് ചെല്ലുവാൻ ഞാൻ ലജ്ജിച്ചു നിൽക്കുമ്പോൾ, പരിശുദ്ധ അമ്മ എന്റെ അവശ്യസ്ഥിതി കണ്ട് അടുത്ത് വന്ന് പഴയ വസ്ത്രങ്ങൾ മാറ്റി വേറൊന്ന് ധരിപ്പിച്ച് മുടി ചീകി ഒരുക്കി, ഒരു ചെറിയ പൂവും ചൂടിച്ചു ആകർഷകമാംവിധം ബലിയർപ്പണത്തിനായി എന്നെ ഒരുക്കുന്നു. അപ്പോൾ യാതൊരു മടിയും കൂടാതെ മാലാഖമാരുടെ അരികിൽ എനിക്ക് ഇടം പിടിക്കാൻ കഴിയുന്നു.
വിശുദ്ധ അവസാന നാളുകളിൽ രചിച്ച ഒരു കവിതയുണ്ട്; കവിതയുടെ പേര് ‘സക്രാരിയുടെ അരികിലെ എന്റെ ആഗ്രഹങ്ങൾ’ – അതിൽ, ബലിപീഠത്തിൽ എരിയുന്ന തിരിയാകാനും, കർത്താവിനെ വഹിക്കുന്ന പാത്രമാകാനും, സക്രാരിയുടെ താക്കോലാകാനും, കർത്താവിനെ വെളിപ്പെടുത്തുന്ന അരുളിക്കയാകാനും, കർത്താവിന്റെ തിരു രക്തം തുടയ്ക്കുന്ന സങ്കീഞ്ഞാകാനുമുള്ള അവളുടെ ആഗ്രഹങ്ങൾ വെളിപ്പെടുത്തുന്നു. വിശുദ്ധയോടുള്ള നമ്മുടെ പ്രാർത്ഥനയും, മധ്യസ്ഥവും വിശുദ്ധ കുർബാനയോടു നമ്മളെ ചേർക്കട്ടെ!!
Thresiamma John
01st Oct 2024🌹🌹🌹❣️❣️❣️🌹🌹🌹