ദേവാലയത്തിൽ നിന്നും രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ രാജകുമാരൻ
അമറുമ്നേസ് എന്ന സാരസൺ രാജാവ് തൻ്റെ അനന്തരവനെ സിറിയയിലെ അംപ്ലോന എന്ന ദേശത്തേക്ക് അയച്ചു. ഈ പട്ടണത്തിൽ വിശുദ്ധ ഗീവർഗീസിൻ്റെ നാമത്തിൽ മനോഹരമായി ഒരു ദേവാലയം ഉണ്ടായിരുന്നു. യാത്രാമധ്യേ അദ്ദേഹം ദേവാലയത്തിൽ തൻ്റെ ഒട്ടകങ്ങളെ കെട്ടാനും, അൾത്താരയിൽ ഭക്ഷണം ഒരുക്കാനും ആജ്ഞാപിച്ചു. എന്നാൽ, പുരോഹിതർ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, ഇത് ദേവാലയമാണ് അശുദ്ധമാക്കരുത്. എന്നാൽ, അഹങ്കാരികളായവർ ഒട്ടകങ്ങളെ ദേവാലയത്തിന് ഉള്ളിലേക്ക് കയറ്റിവിട്ടു. വാതിൽപ്പടി കടന്ന ഒട്ടകങ്ങളെല്ലാം ചത്തുവീണു. രാജകുമാരൻ ഭയപ്പെട്ടു. കാർമികൻ തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. ആദ്യം അപ്പം ദർശിച്ച രാജകുമാരൻ തത്സ്ഥാനത്ത് പിന്നീട് കാണുന്നത് ഒരു ദിവ്യ ശിശുവിനെയാണ്. തുടർന്ന് അപ്പവും വീഞ്ഞും മാംസവും രക്തവുമായി കാണപ്പെട്ടു. അത്ഭുതപരതന്ത്രനായ രാജകുമാരൻ കാര്യമെന്തെന്ന് അന്വേഷിച്ചു. പുരോഹിതർ വിശുദ്ധ കുർബാനയുടെ രഹസ്യം വിശദീകരിച്ചു കൊടുത്തു. അദ്ദേഹം ക്രിസ്താനിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. പുരോഹിതർ അദ്ദേഹത്തെ സീനായി മലയിൽ ഉള്ള മെത്രാന്റെ പക്കലേക്ക് അയച്ചു. അദ്ദേഹം മെത്രാനെ കണ്ട് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും, അദ്ദേഹത്തിൽനിന്ന് ജ്ഞാന സ്നാനം സ്വീകരിക്കുകയും ചെയ്തു. പക്കേമീയൂസ് എന്ന് പേര് സ്വീകരിച്ച് സന്യാസജീവിതം നയിച്ചു. പിന്നീട്, സ്വന്തം കുടുംബത്തെ മാനസാന്തരപ്പെടുത്താനായി അദ്ദേഹം സ്വദേശത്തേക്ക് മടങ്ങി. എന്നാൽ ക്രിസ്ത്യാനിയായി തീർന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു.