കേരള സഭയിലെ വിശുദ്ധരും, വിശുദ്ധ കുർബ്ബാന ദർശനങ്ങളും

കർത്താവിനെ ഇമവെട്ടാതെ ആരാധിക്കണമെന്നാഗ്രഹിച്ച വി. മറിയം ത്രേസ്യാ
വിശുദ്ധ മറിയം ത്രേസ്യാ, 1876 ഏപ്രിൽ 26-ന് പുത്തൻചിറയിൽ ജന്മമെടുത്തു. 1926, ജൂൺ 8 -ന് അമ്പതാം വയസ്സിൽ മരണമടഞ്ഞു. വിശുദ്ധ കുർബാനയുടെ കടുത്ത സ്നേഹിതയായ വി. മറിയം ത്രേസ്യ, സക്രാരിയിലെ നാഥന്റെ അരികിൽ രാത്രിയാമങ്ങളിൽ ചിലവഴിക്കുമ്പോൾ അവൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു; എൻ്റെ പ്രിയമുള്ള ഈശോയെ, എത്രയോ സക്രാരികളിൽ സന്ദർശകർ ആരും ഇല്ലാതെ ഏകനായി വസിക്കുന്ന അങ്ങേക്ക് എൻ്റെ ഹൃദയസ്പന്ദങ്ങൾ പോലും അങ്ങയോടുള്ള സ്നേഹത്തിൻ്റെ പ്രത്യുപകാരം ആകണമെന്ന് ഞാനാഗ്രഹിക്കുന്നു. വിശുദ്ധയുടെ, ആത്മകഥയിൽ നാം വായിക്കുന്നുണ്ട്, വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ട് പള്ളിയിലേക്ക് നടക്കുമ്പോൾ, ഈശോ ഗാഗുൽത്തായിൽ പീഡകൾ സഹിച്ച് കുരിശിൽ നിറവേറ്റിയ ദിവ്യയാഗം ഞാൻ ദിവ്യപൂജയിൽ കാണാൻ പോകുന്നതായി ധ്യാനിക്കും എന്ന് അവൾ പറയുമായിരുന്നു. സേവന സന്നദ്ധതയ്ക്കും, ശുശ്രൂഷ വഴികളിലെ സങ്കടങ്ങൾക്കും, സഹനങ്ങളിലും, അധ്വാന തീക്ഷ്ണതയ്ക്കും പ്രചോദനമായത് ബലിവസ്തുവും, ബലിയർപ്പകനും ഒരാൾ തന്നെയെന്ന ദൈവദർശനമായിരുന്നു. കാലിതൊഴുത്തിൽ പിറന്ന വീണ പുത്രൻ തമ്പുരാനെ ഇമവെട്ടാതെ നോക്കിയിരുന്നരാധിച്ച മറിയത്തെയും യൗസേപ്പിതാവിനെയും പോലെ കർത്താവിനെ ആരാധിക്കണം എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.