വിശുദ്ധ മാനുവൽ ഗോൺസലാസ് ഗ്രാസിയ; ഒഴിഞ്ഞ സക്രാരികളുടെ ബിഷപ്പ്
ഒരു ചെറുഗ്രന്ഥമാണ് ‘ദ ബിഷപ്പ് ഓഫ് ദ അബാന്റന്റ് റ്റാബർനാക്കിൾ’. പന്ത്രണ്ടാം വയസിൽ സെമിനാരിയിൽ ചേർന്ന മാനുവൽ; തിരുപ്പട്ടം സ്വീകരിച്ചു സ്പെയിനിലെ ഒരു പള്ളിയിൽ വികാരിയായി അയക്കപ്പെട്ടു. വലിയ പ്രതീക്ഷയോടെ പുതിയ ഇടവകയിലേക്കു കടന്നു ചെന്ന മാനുവേലിനെ കപ്യാർ മാത്രമാണ് സ്വീകരിക്കാനെത്തിയത്. പള്ളി തകർന്നുകിടക്കുന്ന, ആരും ശ്രദ്ധിക്കാതെ ഒരിടംപോലെ! സക്രാരി മാറാലപിടിച്ച് പൊടിയും, വിളക്കിൽനിന്നും ഒലിച്ചിറങ്ങിയ എണ്ണയുമായി കിടക്കുന്ന സ്ഥലം. ഫാദർ മാനുവൽ മുട്ടുകുത്തി. ദിവ്യകാരുണ്യ ഈശോ ഇവിടെ അവഗണിക്കപ്പെട്ടു കിടക്കുന്നു. അന്ന് അദ്ദേഹം ദിവ്യകാരുണ്യത്തിനായി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ടു പറഞ്ഞു, ഈശോയെ ഞാൻ നിന്നെ ഒരിക്കലും അവഗണിക്കില്ല. തുടർന്ന്, തന്റെ ഡയറിയിൽ വിശ്വാസികൾ ദിവ്യകാരുണ്യത്തോടു ചെയ്യുന്ന രണ്ടുതരം അവഗണനയെക്കുറിച്ച് എഴുതി. ഒന്ന്, ബാഹ്യമായത്. വിശ്വാസം പറയുന്നുണ്ട്. പക്ഷേ ദിവ്യകാരുണ്യത്തെ ഒരു മരിച്ച വസ്തുവായി മാത്രം കാണുന്നു. ഒരിക്കലും ബോധപൂർവം അവിടുത്തെ സന്ദർശിക്കില്ല, അവിടുത്തോടു സംസാരിക്കില്ല, കുർബാന സ്വീകരിക്കുകയുമില്ല. ക്രസ്തുവിന്റെ നാമം പേറുന്നേങ്കിലും അവിടുന്നുമായി ഒരു ബന്ധവുമില്ലാത്തവർ.
രണ്ട്, ആന്തരികമായത്. ദിവ്യകാരുണ്യം സ്വീകരിക്കുന്നുണ്ട്. പക്ഷേ ആന്തരികമായി ഈശോയുമായി ഒരു അടുപ്പവുമില്ല. ദിവ്യകാരുണ്യത്തിനായി വിശക്കാതെ അവിടുത്തെ വാങ്ങി ഭക്ഷിക്കുന്നവർ. വിശപ്പില്ലാത്തവന് മുമ്പിൽ വിഭവത്തിന് എന്തുവില! തന്റെ പ്രിയരുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യം അവഗണിക്കുന്നതായി കണ്ട ഫാദർ മാനുവൽ തന്നെത്തന്നെ അവിടുത്തേക്കായി സമർപ്പിച്ചു. നമ്മുടെ ഹൃദയഭവനങ്ങൾ ഈശോ സന്ദർശിക്കുന്നത് കുർബാന സ്വീകരിക്കുന്നതു വഴിയാണ്. ദിവ്യകാരുണ്യത്തെ അവഗണിക്കരുതേ എന്ന സന്ദേശവുമായി സഞ്ചരിച്ച ഫാദർ മാനുവൽ ഇന്നു സഭയിലെ വിശുദ്ധരുടെ പട്ടികയിലുണ്ട്- വിശുദ്ധ മാനുവൽ ഗോൺസലാസ് ഗ്രാസിയ.