തടവറ എനിക്ക് ദേവാലയവും സ്വന്തം കരങ്ങൾ ആൾത്താരയുമായി

അന്ത്യോഖ്യയിലെ വിശുദ്ധ ലൂച്ചിയൻ ക്രിസ്തു നാമത്തെ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടു. 14 ദിവസങ്ങൾ പടയാളികൾ അദ്ദേഹത്തെ തടവറയിൽ പട്ടിണിക്കിട്ടു. അതിനുശേഷം വിഗ്രഹത്തിന് അർപ്പിച്ച മാംസം പാകം ചെയ്ത് നൽകി. അദ്ദേഹം അത് സ്വീകരിച്ചില്ല. അധികാരികളുടെ മുൻപിൽ അദ്ദേഹത്തെ ഹാജരാക്കി. എല്ലാ ചോദ്യങ്ങൾക്കും ഒരേ ഒരു ഉത്തരം മാത്രമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്; ഞാൻ ഒരു ക്രിസ്ത്യാനിയാണ്. തടവറയിൽ ചങ്ങലകളാൽ ബന്ധിതനായി കഴിഞ്ഞ നാളുകളിൽ തടവറ ദേവാലയമാക്കി കരങ്ങൾ അൾത്താരയാക്കി അദ്ദേഹം വിശുദ്ധ ബലിയർപ്പിച്ച് സഹ തടവുകാർക്ക് വിശുദ്ധ കുർബാന നൽകിയിരുന്നു. തടവറയിൽ പട്ടിണി കിടന്നദ്ദേഹം രക്തസാക്ഷിത്വ മകുടം ചൂടി.