വീട്ടിലെ ജോലിയും പരിശുദ്ധ കുർബാനയും
പാരിസ് നഗരത്തിന്റെ പാലകയായി ആദരിച്ചു വണക്കപ്പെടുന്ന പുണ്യവതിയാണ് വിശുദ്ധ ജനവീവ്. ചെറുപ്പത്തിൽ തന്നെ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പതിവ് അവൾ പുലർത്തി പോന്നു. ഒരു ദിവസം അവരുടെ അമ്മ അവളോട് പള്ളിയിൽ പോകാതെ വീട്ടിൽ ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടു. അവൾ വലിയ സങ്കടത്തിലായി. എങ്ങനെ വിശുദ്ധ കുർബാന വേണ്ട എന്ന് വയ്ക്കും!! എങ്ങനെ അമ്മയെ അനുസരിക്കാതിരിക്കും!! ഒടുവിൽ അവൾ ഒരു തീരുമാനമെടുത്തു. അവൾ അത് തൻ്റെ അമ്മയെ അറിയിച്ചു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരിക്കാൻ എൻ്റെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. വിശുദ്ധ കുർബാന വേണ്ട എന്ന് വയ്ക്കാൻ എനിക്ക് സാധ്യമല്ല. ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിനേക്കാൾ അമ്മയുടെ അപ്രീതി ഞാൻ ആഗ്രഹിക്കുന്നു. ഇതു കേട്ട് കോപാകുലയായ അമ്മ തൻ്റെ മകളുടെ ധിക്കാരം ശമീപ്പിക്കാൻ തീരുമാനിച്ചു. അവൾ ജനവീവിനെ ശാസിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു. എന്നാൽ പൊടുന്നനെ സ്വർഗ്ഗം ഇടപ്പെട്ടു. അമ്മയുടെ കാഴ്ച നഷ്ടമായി. രണ്ടു വർഷത്തോളം ആ അമ്മ അന്ധയായി കഴിയേണ്ടി വന്നു. ജനവീവ് അമ്മയ്ക്കായി നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഒടുവിൽ തെറ്റ് മനസ്സിലാക്കിയ ആ മാതാവ് അനതപിച്ചു മാപ്പിരന്നു. മകൾ അമ്മയ്ക്കായി പ്രാർത്ഥിച്ചു അമ്മയുടെ കാഴ്ച തിരിച്ചു കിട്ടി. പിന്നീട് അമ്മയും ദിവ്യകാരുണ്യത്തിന്റെ ഭക്തയായി മാറി.