വിശുദ്ധ കുർബാനയുടെ വിശുദ്ധർ
- Oct 03, 2024
- 0
- 1 min read
വിശുദ്ധ ഫൗസ്റ്റിനായുടെ കുർബാന ദർശനങ്ങൾ
വിശുദ്ധ കുർബാനയെ ഒത്തിരി സ്നേഹിച്ച ഒരു വിശുദ്ധയുടെ തിരുന്നാളാണിന്ന്; വിശുദ്ധ ഫൗസ്റ്റീന. എവർക്കും തിരുന്നാളിന്റെ മംഗളങ്ങൾ.
വിശുദ്ധ കുർബാനയെ ഒത്തിരി സ്നേഹിച്ച ഒരു വിശുദ്ധയുടെ തിരുന്നാളാണിന്ന്; വിശുദ്ധ ഫൗസ്റ്റീന; വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്ക. (ഓഗസ്റ്റ് 25, 1905 – ഒക്ടോബർ 5, 1938) സ്വർഗീയ കാരുണ്യത്തിന്റെ അപ്പസ്തോല എന്ന് വിശുദ്ധ ഫൗസ്റ്റീന അറിയപ്പെടുന്നു. 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് ജനിച്ചു. ഹെലെനാ എന്നായിരുന്നു ഓമനപ്പേര്. 1925 ആഗസ്റ്റ് 1-നാണ്, വാര്‍സോയിലുള്ള കരുണയുടെ മാതാവിന്റെ നാമത്തിലുള്ള കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നത്. മഠത്തില്‍ വെറും സാധാരണ അംഗത്തെപ്പോലെ കുക്കിംഗും ഗാര്‍ഡനിംഗും ഗേറ്റ് കീപ്പിംഗും ഒക്കെയായി കഴിച്ചുകൂട്ടി. 1938 ഒക്ടോബർ 5-നു അന്തരിച്ചു. 1993 ഏപ്രിൽ 18-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മരിയ ഫൗസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായും അദ്ദേഹം തന്നെ 2000 ഏപ്രിൽ 30-ന് വിശുദ്ധയായും പ്രഖ്യാപിച്ചു.
ജീവിത കാലത്തിലുടനീളം ഈശോയുടെ ദർശനങ്ങൾ ലഭിച്ചിരുന്ന ഫൗസ്റ്റീന ഈശോയുമായുള്ള സംഭാഷണങ്ങൾ ഡയറിയിൽ കുറിച്ച് വച്ചിരുന്നത് പിൽക്കാലത്ത് ‘ഡയറി: ഡിവൈൻ മേഴ്സി ഇൻ മൈ സോൾ’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുക, ക്രിസ്തുവിന്റെ അനന്തമായ കരുണയിൽ വിശ്വസിക്കുക, മറ്റുള്ളവരിലേക്ക് ദൈവകാരുണ്യം ഒഴുകുന്നതിനുള്ള ചാലകം ആയി പ്രവർത്തിക്കാൻ ഉതകും വിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപഴകുക എന്നീ മൂന്നു കാര്യങ്ങളാണ് വിശുദ്ധ പ്രചരിപ്പിച്ച ദൈവകാരുണ്യ ഭക്തിയുടെ അടിസ്ഥാനം. വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേരുകയെന്നതായിരുന്നു അവളുടെ സ്വപ്നവും, ജീവിതവും. ഒരിക്കൽ അവൾ ഒരു സ്വപ്നം കണ്ടു, തനിക്കു നാളെ വിശുദ്ധ കു൪ബാനയിൽ പങ്കെടുക്കാൻ സാധിക്കില്ല; ഇതിനെക്കുറിച്ചു അവൾ എഴുതി ആ ഒരു സ്വപ്നം കണ്ട ശേഷം ഞാൻ കണ്ണീരു കൊണ്ടെന്റെ കിടക്ക നനച്ചു. ഒരിക്കൽ കുർബാന സ്വീകരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള അസുഖബാധിതയായപ്പോൾ അവൾക്കു അത്ഭുതകരമായി മാലാഖ കുർബാന കൊടുത്തു;
“ഈശോ നാഥനെ സ്വീകരിക്കാൻ അനുവാദം ഇല്ലായിരുന്നെങ്കിലും, രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി സ്നേഹവും ആഗ്രഹവും പരമകോടിയിൽ എത്തിയപ്പോൾ എൻ്റെ കട്ടിലിനരികിൽ ഒരു മാലാഖ ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു; ഇത് മാലാഖമാരുടെ കർത്താവ്, ഞാൻ കർത്താവിനെ സ്വീകരിച്ചപ്പോൾ, എൻ്റെ ആത്മാവ് ദൈവസ്നേഹത്തിലും, വിസ്മയത്തിലും ആഴ്ന്നു പോയി. പിറ്റേദിവസം, മാലാഖ എനിക്ക് ദിവ്യകാരുണ്യം കൊണ്ടുവരുമോ എന്നത് ഒരിക്കലും ഉറപ്പില്ലായിരുന്നെങ്കിലും, 13 ദിവസം ഇത് ആവർത്തിച്ചു. സെറാഫ് മാലാഖ വലിയ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടിരുന്നു. ദൈവസ്നേഹവും ദൈവത്വവും അവനിൽ പ്രതിബിംബിച്ചിരുന്നു. അവനൊരു സ്വർണ്ണ കുപ്പായവും അതിനുമുകളിൽ സുതാര്യമായ ഒരു മേലങ്കിയും ധരിച്ചിരുന്നു. മേലങ്കിക്കു മുകളിൽ അവൻ ഊറാലയും അണിഞ്ഞിരുന്നു. എനിക്ക് കർത്താവിനെ തന്ന ഉടനെ തന്നെ അവൻ അപ്രതീക്ഷനായി.” (ഡയറി 1676)