അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
1. ഈജിപ്തിലെ മറിയം
ഒത്തിരിയേറെ തിന്മകളിലൂടെ സഞ്ചരിച്ച ഈജിപ്തിലെ മറിയം, മരുഭൂമിയിലേക്ക് പിൻവാങ്ങി അവരുടെ പാപത്തിന് പരിഹാരം ചെയ്താണ് ശിഷ്ടകാലം ജീവിച്ചത്. ഇങ്ങനെ ഒരു സന്ദർഭത്തിൽ, അവളുടെ മരണം അടുത്തു കഴിഞ്ഞപ്പോൾ അത്ഭുതകരമായി സോസിമസ്; എന്ന് പേരായ ഒരു വൈദികൻ അവൾ ദിവ്യകാരുണ്യം സ്വീകരിക്കാൻ ആഗ്രഹിച്ചപ്പോൾ, മരുഭൂമിയിൽ ചെന്ന് അവൾക്ക് വി.കുർബാന നൽകുകയും; തുടർന്ന് അവൾ മരണമടയുകയും ചെയ്തതായി നമുക്ക് വിശുദ്ധ മറിയത്തിന്റെ ജീവിതത്തിൽ കാണാൻ കഴിയും. A.D. 344ൽ ജനിച്ച മേരി പന്ത്രണ്ടു വയസ്സുള്ളപ്പോൾ അലെക്‌സാൻഡ്രിയയിലെത്തി 17 വർഷത്തോളം ഒരു വേശ്യയായി ജീവിതം കഴിച്ചു. ജെറുസലേമിലേക്ക് പോവുകയായിരുന്ന ഒരു തീർത്ഥാടക സംഘത്തിന്റെ കൂടെ അവളും കടൽമാർഗം യാത്രചെയ്തു പോയി. ജെറുസലേം ദേവാലയത്തിൽ, കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാളിന്റെ അന്ന് കുരിശിനെ ആരാധിക്കാൻ അവരെല്ലാം ദേവാലയത്തിൽ കയറവെ , മേരിയെ മാത്രം ഒരു അദൃശ്യശക്തി വാതിൽക്കൽ വെച്ചു തടഞ്ഞു. എല്ലാവരും പോയി തനിച്ചായപ്പോൾ പലവട്ടം ശ്രമിച്ചിട്ടും അവൾക്ക് ഉള്ളിൽ കയറാൻ കഴിയുന്നില്ല. മുറ്റത്തൊരു കോണിലേക്ക് പോയി അവൾ കരയാൻ തുടങ്ങി. അവിടെ പരിശുദ്ധ അമ്മയുടെ രൂപം കണ്ട അവൾ കുരിശ് തൊട്ടുമുത്താനായി ഉള്ളിൽ കയറാനുള്ള അനുഗ്രഹത്തിനായി അമ്മയോട് മാധ്യസ്ഥം യാചിച്ചു. ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞാൽ ലോകത്തിന്റേതായ വഴികൾ ഉപേക്ഷിച്ച് പാപം വെടിഞ്ഞു ജീവിക്കുമെന്നവൾ പ്രതിജ്ഞ ചെയ്തു. പിന്നീട് ശ്രമിച്ചപ്പോൾ അവൾക്ക് ദേവാലയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു.
ജോർദാൻ നദിക്കക്കരെ പോയാൽ വിശ്രമം കണ്ടെത്തുമെന്ന് ഒരു സ്വരം കേട്ടതനുസരിച്ച് മേരി യാത്ര തിരിച്ചു. വിശുദ്ധ സ്നാപകയോഹന്നാന്റെ പേരിലുള്ള ഒരു ദേവാലയത്തിൽ പോയി കുമ്പസാരം കഴിച്ച് കുർബ്ബാന സ്വീകരിച്ചു. ഒരാൾ ദാനമായി നൽകിയ നാണയതുട്ടുകൾ കൊണ്ട് മേടിച്ച മൂന്ന് അപ്പവുമായി നദി കടന്ന് അവൾ മരുഭൂമിയിലേക്ക് പോയി. 47 വർഷമാണ് അവളവിടെ ഏകയായി പശ്ചാത്താപത്തിലും പരിഹാരത്തിലും വിലാപത്തിലും മുഴുകി ജീവിച്ചത്. പാറപോലെ ഉറച്ചുപോയ അപ്പം കുറേശ്ശെയായി പൊട്ടിച്ചു കഴിച്ചു കുറച്ചു വർഷങ്ങൾ ജീവിച്ചതിനു ശേഷം മരുഭൂമിയിൽ കിട്ടുന്ന സസ്യങ്ങളും മറ്റും ഭക്ഷണമാക്കി. തിന്നുകുടിച്ചാനന്ദിച്ചിരുന്ന, പാപജീവിതത്തിലേക്ക് മടങ്ങിപോകാനുള്ള പ്രലോഭനം കുറച്ചധികം കൊല്ലങ്ങൾ അവൾക്ക് ശക്തമായി ഉണ്ടായി. പരിശുദ്ധ അമ്മയുടെ സഹായം അവൾ യാചിച്ചു. കാലം പോകുംതോറും വസ്ത്രങ്ങൾ കീറിപ്പോയി. എല്ലുതുളച്ചു കയറുന്ന തണുപ്പും കത്തിക്കരിയുന്ന ചൂടും അവൾ സഹിച്ചു. പോകെപ്പോകെ അവളിൽ ദൈവജ്ഞാനം നിറഞ്ഞുതുടങ്ങി. വിശുദ്ധ ഗ്രന്ഥം ഒരിക്കൽപോലും വായിച്ചിട്ടില്ലാത്ത അവളുടെ നാവിലും ഹൃദയത്തിലും തിരുവചനങ്ങൾ നിറഞ്ഞു.
സോസിമസ് എന്നുപേരായ ഒരു സന്യാസപുരോഹിതൻ അമ്പതുനോമ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി ജോർദാൻ നദിക്കടുത്തുള്ള സന്യാസാശ്രമത്തിൽ വന്നു താമസിച്ചു. തന്നെ പഠിപ്പിക്കാൻ പോന്ന ആരെയെങ്കിലും കാണുമോ എന്ന ചിന്തയിൽ ഒരിക്കൽ നദി കടന്ന് മരുഭൂമിയിൽ 20 ദിവസങ്ങളോളം നടന്ന അദ്ദേഹം മേരിയെ കണ്ടുമുട്ടി. കറുത്ത് വിറകുപോലെ ആയിത്തീർന്നിരുന്ന മേരി മനുഷ്യസ്ത്രീ ആണെന്ന് മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. സോസിമസിൻറെ മേലങ്കി ചോദിച്ചു മേടിച്ച് അവൾ ശരീരത്തിൽ ചുറ്റി. താൻ ഒരു പുരോഹിതനാണെന്നും തന്റെ പേരും അവൾ മനസ്സിലാക്കിയത് കണ്ട് സോസിമസ് അമ്പരന്നു. ദൈവകൃപയാൽ അവൾക്ക് ജ്ഞാനം വേണ്ടുവോളമുണ്ടെന്നു അദ്ദേഹത്തിന് മനസ്സിലായി. പ്രാർത്ഥിക്കുമ്പോൾ അവൾ തറയിൽ നിന്നുയർന്നിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം അവൾ തന്റെ കഥ പറഞ്ഞു.
അടുത്ത വർഷം ദുഖവെള്ളിയുടെ തലേന്നാൾ പെസഹാവ്യാഴാഴ്ച ഈശോ വിശുദ്ധ കുർബ്ബാന സ്ഥാപിച്ച ദിവസം തനിക്ക് ഈശോയുടെ തിരുശരീരം കൊണ്ടുതരണമെന്ന് മേരി അപേക്ഷിച്ചു. പിന്നെ അപ്രത്യക്ഷയായി. പറഞ്ഞിരുന്നത് പോലെ തന്നെ സോസിമസ് ആ ദിവസം അവളെ കാണാൻ പോയി. ജോർദാൻ നദി അവളെങ്ങനെ കടക്കുമെന്നോർത്ത് അദ്ദേഹം നിൽക്കുമ്പോൾ അവൾ വെള്ളത്തിന്മേൽ ഒരു കുരിശ് വരച്ച് വെള്ളമില്ലാത്ത പ്രതലം പോലെ ഇറങ്ങിനടന്നു. അടുത്തുവന്ന് വിശുദ്ധ കുർബ്ബാന സ്വീകരിച്ചു. നിറഞ്ഞ കണ്ണുകളോടെ അവൾ ഈശോയെ ദേവാലയത്തിൽ വെച്ചു കണ്ട ശിമെയോനെപ്പോലെ പറഞ്ഞു, ‘അങ്ങയുടെ വാഗ്‌ദാനമനുസരിച്ച് ഇനിയീ ദാസിയെ സമാധാനത്തിൽ വിട്ടയക്കണമേ. സകല ജനത്തിനും വേണ്ടിയുള്ള രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു’ . ആദ്യം കണ്ട സ്ഥലത്തുവെച്ച് അടുത്തകൊല്ലം കാണണമെന്ന് പറഞ്ഞു മേരി ആ പുരോഹിതനെ യാത്രയാക്കി. കൊടുംപാപിയായ തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നപേക്ഷിച്ചു. അടുത്തകൊല്ലം വന്ന സോസിമസ് മേരിയുടെ ശവശരീരമാണ് കണ്ടത്. തൻറെ പേര് മേരി എന്നാണെന്നും അവിടെത്തന്നെ ശരീരം അടക്കാനും മണ്ണ് മണ്ണോട് ചേരട്ടെ എന്നുമൊക്കെ പറഞ്ഞുള്ള സന്ദേശം അതിന് അടുത്തെഴുതികണ്ടു. ഈശോയുടെ ദിവ്യശരീരം സ്വീകരിച്ച അതേ ദിവസം മേരി മരിച്ചിരുന്നു എന്ന് ആ പുരോഹിതന് മനസ്സിലായി. ഒരു വലിയ സിംഹം അങ്ങോട്ടേക്ക് വന്നു ശവമടക്കാനുള്ള കുഴി കുത്തിക്കൊടുത്തു. അങ്ങനെ ആ കുഴിയിൽ ഈജിപ്തിലെ വിശുദ്ധ മേരിയുടെ ശരീരം സോസിമസ് സംസ്കരിച്ചു. പശ്ചാത്തപിക്കുന്നവരുടെയും ലൈംഗികഅത്യാസക്തിയിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നവരുടെയും ശുദ്ധത ആഗ്രഹിക്കുന്നവരുടേയുമൊക്കെ മധ്യസ്ഥയാണ് ഈജ്പ്തിലെ വിശുദ്ധ മേരി.