December 22, 2024
#Saints

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

5. വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി

    ദിവ്യകാരുണ്യത്തിന്റെ  ഒരു കൊച്ചു വിശുദ്ധയാണ് വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി.1322 – ൽ ഇറ്റലിയിലെ  ബൊളോഞ്ഞായിൽ വിശുദ്ധ ഭൂജാതയായി. പതിനഞ്ചാം വയസ്സിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു പാരമ്പര്യമാണ് ആ നാളുകളിൽ ഉണ്ടായിരുന്നത്. ദിവ്യകാരുണ്യത്തിനായി അഞ്ചാം വയസ്സിൽ തന്നെ ഒരുങ്ങുമായിരുന്നു; വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി. ആ മിടുക്കിയുടെ വിശുദ്ധി കണ്ട ഡൊമിനിക്കൻ സിസ്റ്റേഴ്സ് അവരുടെ കൂട്ടത്തിൽ അവളെ ചേർക്കുകയും, വളരെ ചെറുപ്പത്തിൽ തന്നെ സഭാവസ്ത്രം  ധരിക്കാൻ അനുവദിക്കുകയും ചെയ്തു. കൊച്ചുടുപ്പും ധരിച്ച് കന്യാസ്ത്രീമാരുടെ ഒപ്പം ബലിയർപ്പണത്തിൽ പങ്കെടുക്കുന്ന കൊച്ചു വിശുദ്ധയെ കാണുന്നത് വലിയൊരു അത്ഭുതം തന്നെയായിരുന്നു. അവൾ ദിവ്യകാരുണ്യം സ്വീകരിക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു; എന്നാൽ അനുവദിക്കപ്പെട്ടില്ല. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുന്നാളിനോടുനനുബന്ധിച്ചുള്ള  വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ ഈശോയെ സ്വീകരിക്കാൻ ഒത്തിരി പ്രാർഥനയോടെ അവൾ കാത്തിരുന്നു. അവളുടെ ഹിതമറിഞ്ഞ വിധം വൈദികൻ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ഒരു തിരുവോസ്തി അവളുടെ  ശിരസ്സിന് മുകളിൽ വന്ന് നിശ്ചലമായി നിന്നു. ദൈവഹിതം തിരിച്ചറിഞ്ഞ വൈദികൻ ആ തിരുവോസ്തി അവൾക്ക് നൽകുകയും ചെയ്തു. തുടർന്ന്, ദേവാലയത്തിൽ തന്നെ വളരെ നേരം പ്രാർഥനയിൽ ചെലവഴിച്ച വിശുദ്ധയെ അന്വേഷിച്ചു വന്ന സിസ്റ്റർമാർ  അടുത്ത് വന്നു വിളിച്ചപ്പോൾ ആ ശരീരം മരവിച്ചതായി കണ്ടു. കൊച്ചു വിശുദ്ധ, ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. അവൾ പറയുമായിരുന്നു, ഈശോയെ സ്വീകരിച്ചാൽ നാം ജീവിച്ചിരിക്കുമോ?

    Share this :

    Leave a comment

    Your email address will not be published. Required fields are marked *