അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
4. ഫാത്തിമയിലെ അത്ഭുതം
1917 – മുതല് പരിശുദ്ധ അമ്മ മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതാണ് ഫാത്തിമയിലെ അത്ഭുതം എന്ന് പറയുന്നത്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണത്തിനു മുൻപായിട്ട് മാലാഖ മൂന്നുപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലെ ആദ്യത്തെ പ്രാവശ്യം പ്രത്യക്ഷപ്പെട്ട് കഴിഞ്ഞപ്പോൾ മാലാഖ കുട്ടികളെ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നുണ്ട്. അത് ദിവ്യകാരുണ്യത്തിന് എതിരായി നടക്കുന്ന നിന്ദ, അപമാനങ്ങൾക്ക് പരിഹാരം ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയാണ്; മുട്ടുകുത്തി കുമ്പിട്ട് ചൊല്ലേണ്ട പ്രാർത്ഥനയാണിത് ; ഇതിനെക്കുറിച്ച് ലൂസി പറയുന്നുണ്ട്, ഇങ്ങനെ കുമ്പിട്ട് പ്രാർത്ഥിച്ചു പലപ്പോഴും ബോധം കെട്ടുപോകുന്ന അവസ്ഥയിലേക്ക് വരെ ഈ പ്രാർത്ഥന ചൊല്ലി എത്തിയിട്ടുണ്ട്. അത്രമാത്രം അവർ ആ പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലി എന്നാണ് ലൂസി പറയുന്നത്. ആ പ്രാർത്ഥന ഇങ്ങനെയാണ്; ‘എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയിൽ ശരണപ്പെടുകയോ, അങ്ങയെ ആരാധിക്കുകയോ, അങ്ങയെ സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു.” മൂന്നാമത്തെ പ്രാവശ്യം മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ പരിചയപ്പെടുത്തിയത് സമാധാനത്തിന്റെ മാലാഖ എന്നാണ്. ആ മാലാഖ പ്രത്യക്ഷപ്പെട്ടത്, ഇടതുകൈയിൽ കാസയും വലതു കൈയിൽ തിരുവോസ്തിയും പിടിച്ചു വായുവിൽ നിൽക്കുന്ന രൂപത്തിലാണ്. തിരുവോസ്തിയിൽ നിന്ന് രക്തത്തുള്ളികൾ കാസയിലേക്ക് വീഴുന്നു. അങ്ങനെ പ്രത്യക്ഷപ്പെട്ടതിനു ശേഷം, മാലാഖ കാസയും തിരുവോസ്തിയും വായുവിൽ നിർത്തുകയും, മാലാഖ, കുട്ടികളോട് ചേർന്ന് തിരു ശരീരത്തെയും, തിരു രക്തത്തെയും കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. മൂന്നു പ്രാവശ്യം കുമ്പിട്ട് എഴുന്നേറ്റ ശേഷം, വീണ്ടും ഒരു പ്രാർത്ഥന മാലാഖ ഇവരെ പഠിപ്പിച്ചു. ആ പ്രാർത്ഥനയും വിശുദ്ധ കുർബാനയുടെ നിന്ദ അപമാനങ്ങൾക്ക് എതിരായിട്ടുള്ള പ്രാർത്ഥനയാണ്. ‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. ലോകമെമ്പാടും സക്രാരികൾ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനോട് ചെയ്യപ്പെടുന്ന ദൂഷണങ്ങൾക്കും, നിന്ദനങ്ങൾക്കും ,അതിക്രമങ്ങൾക്കും, നിസംഗതകൾക്കും പരിഹാരമായിട്ട് അങ്ങയുടെ ഏറ്റവും പരിശുദ്ധമായ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. ഈശോ നാഥന്റെ തിരുഹൃദയത്തിന്റെയും, പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന്റെയും, യോഗ്യതകളാൽ പാവപ്പെട്ട പാപികൾക്ക് മാനസാന്തരത്തിനുള്ള കൃപ നൽകണമേ. ആമേൻ; മാലാഖ പ്രത്യക്ഷപ്പെട്ട അവസരത്തിൽ കുട്ടികൾക്ക് ദിവ്യകാരുണ്യം നൽകിയിരുന്നു.