ഇരുണ്ട മുറി ലോകത്തിന്റെ പ്രകാശമായപ്പോൾ
1902 -ൽ മാർച്ച് 13 -നു ജനിച്ച ധന്യ മാർത്താ റോബിൻ ഒത്തിരിയേറെ സഹനങ്ങളിലൂടെ സഞ്ചരിച്ച് വിശുദ്ധയായി തീർന്ന പുണ്യവതി ആയിരുന്നു. ആത്മീയ കാര്യങ്ങളിൽ ആഴത്തിൽ ശ്രദ്ധ പുലർത്തിയവൾ ആയിരുന്നില്ല അവളുടെ മാതാപിതാക്കൾ; മാർത്തായുടെ മറ്റ് സഹോദരരെ ഇത് സ്വാധീനിച്ചെങ്കിലും അവളെ ഇത് കാര്യമായി സ്പർശിച്ചിരുന്നില്ല. രണ്ടാം വയസ്സിൽ തന്നെ രോഗബാധിതയായെങ്കിലും, സഹനത്തെ; ആനന്ദത്തോടെ സമീപിച്ചിരുന്നവളും, വേദനകളെ കുരിശിലെ വിജയത്തോടു ചേർത്ത് ആഘോഷിച്ചിരുന്നവളും ആയിരുന്നു മാർത്താ. എങ്കിലും, രോഗങ്ങൾ അവളുടെ ശരീരത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. പതിനാറാം വയസ്സിൽ വീണ്ടും രോഗബാധിതയായി. 26 -മത്തെ വയസ്സിൽ ശരീരം പൂർണമായി തളർന്നുപോയി; പ്രകാശത്തെ നോക്കാൻ കഴിയാത്ത അപൂർവ്വ രോഗവും; ഇതിനോടൊപ്പം അവളെ കീഴ്പ്പെടുത്തിയിരുന്നു. ശിഷ്ടകാലം ഇരുണ്ട മുറിയിൽ, പ്രകാശത്തെ പോലും അഭിമുഖീകരിക്കാൻ കഴിയാതെ അവൾക്ക് കഴിയേണ്ടി വരികയാണ്. വെള്ളം പോലും ഇറക്കുന്നതിന് അതീവ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വിശുദ്ധയ്ക്ക് ദിവ്യകാരുണ്യം സ്വീകരിക്കാൻ ആയിട്ട് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പഞ്ചക്ഷതധാരിയായ വിശുദ്ധ 1930 മുതൽ 1981 വരെ വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. ഫ്രാൻസിസ് മാർപാപ്പ ധന്യയായി പ്രഖ്യാപിച്ചു. മാതാവിന്റെ നിരവധി സന്ദർശനങ്ങളാൽ അവൾ അനുഗ്രഹിക്കപ്പെട്ടിരുന്നു. നീണ്ട 63 വർഷങ്ങൾ സഹനങ്ങളിലൂടെ കടന്നുപോയ വിശുദ്ധ; തന്നെ സന്ദർശിക്കുന്നവർക്കെല്ലാം ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെയും വാക്കുകൾ പറഞ്ഞിരുന്നു. മുറിയിൽ നിന്ന് പുറത്തു പോകാൻ കഴിയാതിരുന്നവൾ പതിനായിരക്കണക്കിന് ആത്മാക്കളുടെ രക്ഷയ്ക്ക് കാരണമായി തീർന്നു. അസ്തമിച്ചുകൊണ്ടിരുന്ന സ്നേഹം ജ്വലിപ്പിക്കുക ഇതായിരുന്നു അവളുടെ ലക്ഷ്യം.