December 22, 2024
#Saints

രോഗക്കിടയ്ക്കക്കരികിൽ ബലിവേദി ഉയർന്നപ്പോൾ

അതിശക്തമായ പ്ലേഗ് പടർന്നു പിടിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഇറ്റലിയിലെ സിയന്നായിൽ  1347 മാർച്ച് 21 -നു   വിശുദ്ധ കാതറിൻ ഓഫ് സിയന്നാ ജനിച്ചു. മാതാപിതാക്കന്മാരുടെ 25 – മത്തെ സന്താനമായി ജനിച്ചയവൾ ഒത്തിരിയേറെ ദൈവകൃപയാൽ അനുഗ്രഹിക്കപ്പെട്ടു. അവരുടെ മക്കളിൽ ഒത്തിരി പേർ ശൈശവകാലത്തെ അതിജീവിക്കാൻ പര്യാപ്തരായിരുന്നില്ല; ജന്മമെടുത്ത ഇരട്ട സഹോദരിയും നിത്യ നിദ്രയെ പുൽകി. 6 വയസുമുതൽ  മിസ്റ്റിക് അനുഭവങ്ങൾ ഉണ്ടായിരുന്ന കാതറിൻ പന്ത്രണ്ടാം വയസ്സിൽ ക്രിസ്തുവിനെ മണവാളനായി വരിച്ച്, നിത്യകന്യകാത്വം വാഗ്ദാനം ചെയ്തു. പതിനാറാം വയസ്സിൽ സഹോദരി മരണമടഞ്ഞപ്പോൾ, സഹോദരി ഭർത്താവുമായി വിവാഹിതയാകാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ, മുടിമുറിച്ച് നിരന്തരം ഉപവാസത്തിലേക്ക് പ്രവേശിച്ചു. മാതാപിതാക്കന്മാർ അവളുടെ പ്രവർത്തിയെ തടയാൻ പരിശ്രമിച്ചെങ്കിലും അതിൽ വിജയിക്കാൻ കഴിഞ്ഞില്ല. ഒത്തിരിയേറെ ആത്മീയ ജീവിതത്തിൽ വളർന്നവളെങ്കിലും കാതറിൻ  മഠത്തിൽ ചേരാൻ സന്നദ്ധത കാണിക്കാതെ വിശുദ്ധ ഡൊമിനിക്കിന്റെ തേർഡ് ഓർഡറിലേക്ക് പ്രവേശിക്കുകയുണ്ടായി. വായന പഠിച്ചത് അതിനുശേഷം ആണ്. ആത്മീയ ജ്ഞാനത്തിന്റെ വലിയൊരു മാതൃകയായിരുന്ന വിശുദ്ധ വലിയൊരു ആത്മീയ അനുഭവത്തിലൂടെ നയിക്കപ്പെടുകയുണ്ടായി; ക്രിസ്തുവുമായിട്ടുള്ള ആത്മീയ വിവാഹത്തിൽ, ക്രിസ്തു അവളെ വിവാഹമോതിരം അണിയിച്ചതായി ചരിത്രമുണ്ട്. സമൂഹത്തിൽ, ആതുര ശുശ്രുഷയിൽ ഏർപ്പെടുന്നതിൽ അവൾ ആനന്ദം കണ്ടെത്തി. തുടർന്ന്, മാനസാന്തരത്തിന്റെ വചനം പ്രഘോഷിച്ചു കൊണ്ടും, സഭയുടെ മഹത്വം  കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ടും അവൾ,  നിരന്തരം യാത്രയിൽ ഏർപ്പെട്ടു. സഭയുടെ ആത്മീയ കാര്യങ്ങളിലും, ഭൗതിക കാര്യങ്ങളിലും, വിശുദ്ധ താൽപര്യം കാണിക്കുകയും, ഇടപെടുകയും ചെയ്തിരുന്നു. സഭയുടെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്ന നാളുകളിൽ അവിഞ്ഞോണിൽ താമസിച്ചു തുടങ്ങിയ പിതാവിനെ റോമിലേക്ക് കൊണ്ടുവരാൻ മുൻകൈ എടുത്തതെല്ലാം  ഈ വിശുദ്ധയുടെ എഴുത്തുകൾ ആണ്. ഏകദേശം 400 ഓളം ആത്മീയ എഴുത്തുകൾ അവളുടെ രചനയിൽ ഉണ്ട്. ആത്മീയ ജ്ഞാനത്തിന്റെ ഉടമയായ വിശുദ്ധ, സഭയിലെ വേദപാരംഗതയാണ്.  മുപ്പത്തി  മൂന്നാമത്തെ വയസ്സിൽ ദിവംഗതയായ ആ യുവകന്യക, ഇന്നും, സഭയിൽ ഒത്തിരിയേറെ സ്വാധീനം ചെലുത്തുന്നു. വിശുദ്ധ കുർബാനയോടുള്ള അവളുടെ സ്നേഹം അറിയുന്ന ഗ്രിഗറി  പതിനൊന്നാം മാർപാപ്പ ഒരു വൈദികനെ അവളുടെ ശുശ്രൂഷക്കു  നിയോഗിക്കുകയും, അവളുടെ രോഗക്കിടയ്ക്ക് അരികിൽ ബലിയർപ്പിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. അവളുടെ 26 വയസ്സു മുതൽ മരണം വരെ, ഏഴ് വർഷം ദിവ്യകാരുണ്യ മാത്രം ഭക്ഷിച്ചാണ് വിശുദ്ധ ജീവിച്ചിരുന്നത്.

Share this :

Leave a comment

Your email address will not be published. Required fields are marked *