വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച വിശുദ്ധർ
5. വാഴ്ത്തപ്പെട്ട അന്ന കാതറിൻ എമിറിച്
ഒത്തിരിയേറെ ദർശനങ്ങൾ ജീവിതകാലത്ത് ലഭിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട അന്ന കാതറിൻ എമിറിച്, സെപ്റ്റംബർ 1774 -ൽ, ജർമനിയിൽ മ്യൂണ്സ്റ്റർ എന്ന സ്ഥലത്ത് ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ പരിശുദ്ധ അമ്മയുടെയും, ഈശോയുടെയും സന്ദർശന ഭാഗ്യം അവൾക്കുണ്ടായിരുന്നു. ഈശോയുടെ പരസ്യ ജീവിതവും, കുരിശു മരണവും, ദൈവത്തെക്കുറിച്ചുള്ള വിവിധ ദർശനങ്ങളും അവൾക്കുണ്ടായിരുന്നു. അത് ഒത്തിരി പേരെ ആത്മീയ ജീവിതത്തിൽ മുന്നോട്ടു പോകാൻ സഹായിച്ചിട്ടുണ്ട്. രോഗബാധിതയായി, അന്ന് അധിക കാലവും കിടക്കയിലാണ് ചെലവഴിച്ചിരുന്നത്. ഒരിക്കൽ ആരാധനയിൽ പങ്കെടുക്കുമ്പോൾ ദിവ്യമണവാളൻ രണ്ട് കിരീടങ്ങളുമായി അവളെ സമീപിച്ചു. ഒന്ന് മുള്ളുകൾ കൊണ്ടുള്ളതും, മറ്റൊന്ന് പൂവുകൾ കൊണ്ടുള്ളതും. അവൾ മുള്ളുകൊണ്ടുള്ള കിരീടമാണ് തെരഞ്ഞെടുത്തത്; പഞ്ചാക്ഷധധാരിയായിരുന്ന വിശുദ്ധ കത്തോലിക്കാ സഭയുടെ ഭാവിയെ സംബന്ധിക്കുന്ന ഒത്തിരി പ്രവചനങ്ങൾ വിശദീകരിക്കുകയും, വെളിപ്പെടുത്തുകയും, അന്ത്യനാളുകളിൽ സഭ കടന്നു പോകാനിരിക്കുന്ന അതിഭീകര സഹനങ്ങളെകുറിച്ചും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. 49 വർഷങ്ങൾ ജീവിച്ച വിശുദ്ധ 28 -മത്തെ വയസിലാണ് അഗസ്റ്റീനിയൻ സന്യാസനീ സമൂഹത്തിൽ ചേരുന്നത്. 1824 ഫെബ്രുവരി ഒമ്പതാം തീയതി മരണമടയുന്നതിന് മുൻപ് 12 വർഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചാണ് അവൾ ജീവിച്ചിരുന്നത്.






















































































































































































































































































































































