വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച വിശുദ്ധർ
4. ജനോവയിലെ വിശുദ്ധ കാതറിൻ
ജനോവയിലെ വിശുദ്ധ കാതറിൻ 1447 -ൽ ജനിച്ചു. സാധാരണ ജീവിതം നയിച്ചിരുന്ന ജനോവയിലെ വിശുദ്ധ കാതറിൻ 13 മത്തെ വയസ്സിൽ മഠത്തിൽ ചേരാനുള്ള ആഗ്രഹം അറിയിക്കുകയും, എന്നാൽ അത് നിരാകരിക്കപ്പെടുകയും ചെയ്തു. വലിയ സമ്പന്ന കുടുംബത്തിലെ അംഗമായ കാതറിൻ പിന്നീട് മഠത്തിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. പതിനാറാം വയസ്സിൽ അവൾ വിവാഹിതയായി. രണ്ടു കുലീന കുടുംബങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് ഒന്ന് ചേരാനുള്ള ഒരു മാർഗ്ഗമായിരുന്നു ഈ വിവാഹം. ഒത്തിരി ആർഭാട ജീവിതം നയിച്ച ഭർത്താവ് അവളുടെ ജീവിതം സഹന പൂർണമാക്കി തീർത്തു. വിശുദ്ധയുടെ നിരന്തരമായ പ്രാർത്ഥനയാൽ ഭർത്താവ് മാനസാന്തരത്തിലേക്ക് വരികയും, പിന്നീടുള്ള ജീവിതം, സാമൂഹിക സേവനത്തിനായി അവരിരുവരും മാറ്റിവയ്ക്കുകയും ചെയ്തു. അവരുടെ നാട്ടിൽ അതിശക്തമായ പ്ലേഗ് കടന്നുപിടിച്ചപ്പോൾ 1497 മുതൽ 1501 വരെയുള്ള കാലയളവിൽ ജീവൻ പോലും കൊടുക്കാൻ തയ്യാറായി അവൾ സേവന സന്നദ്ധയായി, രാവും പകലും രോഗികൾക്ക് വേണ്ടി ജീവൻ നൽകാൻ തയ്യാറായ വിശുദ്ധക്കു ബലമായത് ദിവ്യകാരുണ്യ സ്വീകരണങ്ങളാണ്. ശുദ്ധീകരണാത്മാക്കളെ സംബന്ധിച്ചുള്ള വിശുദ്ധയുടെ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്. വിശുദ്ധ കാതറിൻ പറയാറുണ്ട്, ‘സക്രാരിയുടെ മുന്നിൽ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ’. വിശുദ്ധ രാത്രി ഒരു സ്വപ്നം കണ്ടു, അടുത്ത ദിവസം വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കുകയില്ല. സ്വപ്നത്തിന്റെ ഫലമായി ഉറക്കത്തിൽ അധികമായി ദുഃഖം അനുഭവിക്കുകയും, തുടർച്ചയായി കരയുകയും ചെയ്തതിന്റെ ഫലമായി കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് പിറ്റേദിവസം അവൾ ബലിയിൽ പങ്കെടുത്തത്. പ്ലേഗ് അതിശക്തമായി പടർന്നുകൊണ്ടിരുന്നപ്പോൾ അവളുടെ നാട്ടിൽ ബലിയർപ്പണം ഇല്ലാതെ വന്നപ്പോൾ മയിലുകൾ താണ്ടി ഒരു അഭയ സങ്കേതത്തിൽ ചെന്ന് വിശുദ്ധ കുർബാന സ്വീകരിച്ചതിനെക്കുറിച്ചു വിശുദ്ധ പറഞ്ഞത്, ‘തീക്കനലിൽ കൂടി നടക്കേണ്ടി വന്നാലും ദിവ്യകാരുണ്യം കൈക്കൊള്ളാൻ ഞാൻ തയ്യാറാവും.’ എല്ലാ നോമ്പുകാലങ്ങളിലും ദിവ്യകാരുണ്യ മാത്രം സ്വീകരിച്ചാണ് അവൾ കഴിഞ്ഞിരുന്നത്.