വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച വിശുദ്ധർ
2. വിശുദ്ധ നിക്കോളാസ്
വിശുദ്ധ നിക്കോളാസ് ( ബ്ര. ക്ലാവുസ്) സ്വിറ്റസർലണ്ടിന്റെ സംരക്ഷക വിശുദ്ധനാണ്. ശക്തമായ ഒരു ധാർമിക ജീവിതത്തിന്റെ ഉടമയായിരുന്ന വിശുദ്ധ നിക്കോളാസ്, 1417 -ൽ ജനിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിയൊന്നാം വയസ്സിൽ സൈനിക സേവനത്തിൽ പ്രവേശിച്ച നിക്കോളാസ് നിരവധി യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മുപ്പതാം വയസ്സിൽ വിവാഹിതനായ അദ്ദേഹം ഒരു കൃഷിക്കാരനായി തന്റെ ശിഷ്ടക്കാലം ചിലവഴിക്കാനായി ആഗ്രഹിച്ചു. ഒരിക്കൽ അദ്ദേഹത്തിന് ഒരു ദർശനം ഉണ്ടായി; ഒരു കുതിര ഒരു ലില്ലി പുഷ്പത്തെ വിഴുങ്ങുന്നു. അദ്ദേഹത്തിന് മനസ്സിലായി തന്റെ ആത്മീയജീവിതം ഭൗതിക ജീവിതത്താൻ മൂടി പോകുന്നതിന്റെ ദർശനമാണ് ഇതെന്ന്. അങ്ങനെ, 1467 -ൽ തന്റെ ഭാര്യയെയും പത്തു മക്കളെയും, അവരുടെ സമ്മതത്തോടെ പിരിഞ്ഞ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. തുടർന്ന്, എല്ലാ ദിവസവും വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ബ്രദർ, 19 വർഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ജ്ഞാനം കേൾക്കാൻ ഒത്തിരി പേർ അദ്ദേഹത്തെ സമീപിക്കുകയും അങ്ങനെ ബ്രദർ ക്ലാവുസ് എന്ന പേര് ലഭിക്കുകയും ചെയ്തു. സഭയുടെ മതബോധന ഗ്രന്ഥത്തിൽ 226 നമ്പറിൽ അദ്ധേഹത്തിന്റെ ഉദ്ധരണികൾ കാണാൻ കഴിയും. രാഷ്ട്രീയ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിരുന്ന ക്ലാവുസ് ഗവർണർ പദവി പലതവണ നിരാകരിച്ചിട്ടുണ്ട്. 1417 -ൽ ജന്മമെടുത്ത ബ്ര. ക്ലാവുസ് 1487 മാർച്ച് ഇരുപത്തിയൊന്നാം തീയതി മരണമടഞ്ഞു. ‘എന്റെ കർത്താവേ എന്റെ ദൈവമേ, നിന്നെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്നതെല്ലാം നീക്കണമേ; നിന്നോട് ചേർത്തുനിർത്തുന്നതെല്ലാം തരണമേ; നിന്നിൽ നിന്ന് എന്നെ അകറ്റുന്നതെല്ലാം എന്നിൽ നിന്ന് മാറ്റണമേ’ ഈയൊരു പ്രാർത്ഥന ആയിരുന്നു ബ്രദർ ക്ലാവുസിന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്നത്.