പൂർണ ചന്ദ്രനിലെ കറുപ്പ്
സഭയിലെ ഏറ്റവും വലിയ ഒരു തിരുന്നാളിന്റെ തുടക്കത്തിന് കാരണമായതും, പ്രചോദനമായതും വിശുദ്ധ ജൂലിയാന ഓഫ് കോർണിലിയനാണ്; വിശുദ്ധ കുർബാനയുടെ തിരുനാൾ അഥവാ കോർപ്പസ് ക്രിസ്തി. വിശുദ്ധ ജൂലിയാന ഓഫ് കോർണിലിയൻ ജൂലിയാന ഓഫ് ലീഗ് എന്നറിയപ്പെടാറുമുണ്ട്. 1191 -ൽ ബെൽജിയത്തിലെ ലീഗിലാണ് വിശുദ്ധ ജന്മം എടുത്തത്. അഞ്ചാം വയസ്സിൽ അനാഥയായ ജൂലിയാന സഹോദരിയുടെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെടുകയുണ്ടായി. ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് അഗാധമായ അനുഭവമുള്ള വിശുദ്ധ, നിരന്തരം മത്തായി 28, 20 ധ്യാനിച്ചിരുന്നു. സഭാവിജ്ഞാനത്തിന്റെ പഠനങ്ങളിലൂടെ അപഹാഗം സ്വന്തമാക്കിയ വിശുദ്ധക്ക് ഒരു ദിവസം ദിവ്യകാരുണ്യ ആരാധനയുടെ സമയത്തു ഒരു ദർശനമുണ്ടായി; തെളിഞ്ഞ ശോഭയോടെ പ്രകാശിക്കുന്ന ഒരു പൂർണ ചന്ദ്രൻ; അതുപോലെ, തന്നെ വളരെ വലുപ്പത്തിലുള്ള ഒരു കറുപ്പ് ആ പ്രകാശത്തിന്റെ ശോഭയില്ലാതാക്കുന്നു. ഈശോ അവൾക്ക് വെളിപ്പെടുത്തി; ഒത്തിരി തിരുനാളുകൾ സഭയിൽ ഉണ്ടെങ്കിലും, വിശുദ്ധ കുർബാനയെ കുറിച്ച് ഒരു തിരുനാൾ ഇല്ല. ദിവ്യകാരുണ്യത്തോട് പ്രകടിപ്പിക്കുന്ന സ്നേഹക്കുറവിനും ഭക്തിരാഹിത്യത്തിനും പരിഹാരം ചെയ്യാനുള്ള ദിവസത്തിന്റെ കുറവാണ് പൂർണ്ണചന്ദ്രനിലെ കറുപ്പ്. അവൾ ജീവിച്ചിരുന്ന കാലയളവിൽ വിശുദ്ധ കുർബാന സ്വീകരണം അവഗണിക്കപ്പെട്ടിരുന്ന സമയമുണ്ടായിരുന്നു, ക്രിസ്തുവിന്റെ തിരുവോസ്തിയിൽ യഥാർത്ഥ സാന്നിധ്യത്തെ ഓർമ്മപ്പെടുത്തുന്ന തിരുനാളിന്റെ തുടക്കക്കാരിയായി ഈ എളിയ സഹോദരി മാറുകയാണ്.