കൂദാശാ ശുശ്രൂഷ (അനാഫൊറ)
കുർബാനയുടെ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. ദൈവത്തിന്റെ സൃഷ്ടികർമ്മത്തെയും രക്ഷാകർമ്മത്തെയുംപ്രതി അവിടുത്തേക്ക് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനകളാണ് കൂദാശയിൽ പ്രധാനമായിട്ടുള്ളത്. കൂദാശ എന്ന വാക്കിന് മഹത്ത്വപ്പെടുത്തൽ, പവിത്രീകരിക്കൽ എന്നൊക്കെ അർത്ഥമുണ്ട്. ഒരു തലത്തിൽ, കൂദാശയിലെ പ്രാർത്ഥനകൾ ദൈവത്തെ മഹത്വപ്പെടുത്തുന്നവയാണെങ്കിൽ, മറ്റൊരു തലത്തിൽ അവ ദിവ്യരഹസ്യങ്ങളെയും ആരാധനാസമൂഹത്തെയും പവിത്രീകരിക്കുന്നവയാണ്. അനാഫൊറ എന്ന ഗ്രീക്കുപദത്തിന് ഉയർത്തിക്കൊടുക്കുക, അർപ്പിക്കുക എന്നൊക്കെയാണർത്ഥം. ഇതിന് സമാനമായി സുറിയാനി പാരമ്പര്യത്തിലുള്ള വാക്ക് കൂർബാന എന്നതാണ്. കൂദാശാപ്രാർത്ഥനയെ “കുർബാന’ എന്നും വിളിക്കാറുണ്ട്. ദിവ്യരഹസ്യങ്ങളുടെ അർപ്പണം എന്ന അർത്ഥത്തിലാണ് കൂദാശാപ്രാർത്ഥനയെ പൊതുവേ അനാഫൊറ അല്ലെങ്കിൽ കൂർബാന എന്നു വിളിക്കുന്നത്.
ദൈവത്തിനർപ്പിക്കുന്ന സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും എന്ന അർത്ഥത്തിൽ കൂദാശയെ കൃത്ജ്ഞതാസ്തോത്രപ്രാർഥന’ എന്ന് വിളിക്കുന്നു. ലത്തീൻ പാരമ്പര്യത്തിൽ ഈ പേരിനാണ് പ്രാമുഖ്യം. ‘യുക്കരിസ്റ്റ്’ എന്ന് വിശുദ്ധ കുർബാനയെ വിളിക്കുന്നത് ഈ അർത്ഥത്തിലാണ്. വിവിധ ആരാധന ക്രമപാരമ്പര്യങ്ങളിൽ വ്യത്യസ്തങ്ങളായ കൂദാശകൾ (അനാഫൊറകൾ) ഇന്ന് ഉപയോഗിച്ചുവരുന്നുണ്ട്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മൂന്നു കൂദാശകളാണുള്ളത്. ഏറ്റവും പുരാതനമായ കൂദാശ, മാർ അദ്ദായിയുടെയും മാർ മാറിയുടെയും പേരിൽ അറിയപ്പെടുന്നു. രണ്ടാമത്തേത്, മാർ തെയദോറിന്റെയും മൂന്നാമത്തേത്, മാർ നെസ്തോറിയസിന്റെയും പേരിലാണ്.
യഹൂദരുടെ ബൊറാക്കാപ്രാർത്ഥനയുടെ ശൈലിയാണ് അടിസ്ഥാനപരമായി കൂദാശയ്ക്കുള്ളത്. അദ്ദായിയുടെയും മാറിയുടെയും കൂദാശ യഹൂദബൊറാക്കയോട് അടുത്ത സാമ്യം പുലർത്തുന്നു. സൃഷ്ടിയെയും രക്ഷയെയും പ്രതി ദൈവത്തിന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുകയും, ഒടുവിൽ ഇസ്രായേലിന്റെ വിമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നതാണ് ബെറാക്കയുടെ പ്രധാന ഉള്ളടക്കം. ഇതേഘടന തന്നെയാണ് അദ്ദായിയുടെയും മാറിയുടെയും കൂദാശയ്ക്കുള്ളത്. സൃഷ്ടി, രക്ഷ എന്നിവയെ പ്രതി ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് കൃതജ്ഞതയർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന്, സഭയ്ക്കും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കുന്നു. സമാപനത്തിൽ പരിശുദ്ധാത്മാവിനെ അയച്ച് പവിത്രീകരിക്കാൻ അപേക്ഷിക്കുന്നു.
നാലു പ്രണാജപവൃത്തങ്ങൾ ചേർന്നതാണ് ഈ കൂദാശ’ ഓരോ പ്രണാമജപവൃത്തത്തിലും കാർമ്മികന്റെ രഹസ്യപ്രാർത്ഥന (കൂശാപ്പ), പ്രാർത്ഥനാഭ്യർത്ഥന, പ്രണാമജപം (ഗ്ഹാന്ത), സ്തുതിപ്പ് (കാനോന) എന്നിങ്ങനെ നാലു ഘടകങ്ങളുണ്ട്. പുരോഹിതൻ തന്റെതന്നെയും ആരാധനാസമൂഹത്തിന്റെയും അയോഗ്യത ഏറ്റുപറഞ്ഞ് ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനുള്ള യോഗ്യതയ്ക്കായി പ്രാർത്ഥിക്കുന്നതാണ് കൂശാപ്പ. താഴ്ന്നസ്വരത്തിൽ പുരോഹിതൻ നിർവഹിക്കുന്ന സ്വകാര്യ പ്രാർഥനയാണിത്. യോഗ്യമാംവിധം കുർബാനയർപ്പിക്കുന്നതിനുവേണ്ടി കാർമ്മികൻ ആരാധനാസമൂഹത്തിന്റെ പ്രാർത്ഥനാസഹായം തേടുന്നതാണ് പ്രാർത്ഥനാഭ്യർഥന. രണ്ടാം പ്രണാമജപപ്രവൃത്തത്തിൽ പ്രാർത്ഥനാഭ്യർത്ഥന ഇല്ല. ആ സ്ഥാനത്ത് മറ്റെല്ലാ അനാഫൊറകളിലുമുള്ളതുപോലെ ഭാഷണപ്രാർത്ഥനയാണുള്ളത്. സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രാർത്ഥന ഉൾകൊള്ളുന്നതാണ് ‘ഗ്ഹാന്ത’ പ്രാർത്ഥന. ‘ഗ്ഹാന്ത’ എന്ന സുറിയാനി വാക്കിന്റെ അർത്ഥം കുനിഞ്ഞു നില്പ് എന്നാണ്. അതുകൊണ്ട് കുനിഞ്ഞുനിന്ന് സ്വരം താഴ്ത്തിയാണ് ഗ്ഹാന്ത ചൊല്ലുന്നത്. ഗ്ഹാന്തയുടെ സമാപനത്തിൽ നിവർന്നുനിന്ന് സ്വരമുയർത്തി ചൊല്ലുന്ന സ്തുതിവാക്യമാണ് ‘കാനോന’.
ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങളെ പ്രതി പൊതുവായി നന്ദിയർപ്പിക്കുകയാണ് ഒന്നാം ഗ്ഹാന്തായിൽ. ‘നന്ദിപറയൽ’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അനുഗ്രഹങ്ങളുടെ ഏറ്റുപറച്ചിൽ എന്നാണ്. കാർമ്മികന്റെയും സമൂഹത്തിന്റെയും അയോഗ്യത പരിഗണിക്കാതെ ബലിയർപ്പണത്തിനായി യോഗ്യത നല്കിയ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുന്നു. യോഗ്യതയോടുകൂടി ബലിയർപ്പിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സഹോദരങ്ങളുമായി അനുരഞ്ജനപ്പെട്ടിട്ടുവേണം ബലിയർപ്പിക്കാൻ (മത്താ 23-24) എന്ന കർത്താവിന്റെ ആഹ്വാനത്തിന്റെ അനുഷ്ഠാനപരമായ നിറവേറ്റലാണ് കൂദാശയുടെ ആരംഭഭാഗത്തുള്ള സമാധാനം കൊടുക്കൽ.
തുടർന്നുവരുന്ന അനുസ്മരണാ പ്രാർത്ഥനയുടെ (ഡിപ്റ്റിക്സിന്റെ) സമയത്ത് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ചില സഭാംഗങ്ങളെ പേരെടുത്ത് മ്ശംശാന അനുസ്മരിക്കുന്നു. മരിച്ചവരെ പ്രത്യേകമായി അനുസ്മരിക്കാനും ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകനിയോഗങ്ങൾ സമർപ്പിക്കാനുമുള്ള അവസരമാണിത്. വിശുദ്ധ കുർബാന ജീവിക്കുന്നവരും മരിച്ചവരുമായ എല്ലാവരോടുമുള്ള കൂട്ടായ്മയുടെ ആഘോഷമാണെന്ന് ഡിപ്റ്റിക്സ് വെളിപ്പെടുത്തുന്നു. കുർബാനയുടെ ഫലം ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരുമായ എല്ലാവർക്കും ലഭ്യമാണെന്നും പ്രഖ്യാപിക്കുന്നു.
ദൈവം നിർവഹിച്ച മഹനീയകൃത്യങ്ങൾ അനുസ്മരിച്ച്, അവിടത്തെ സ്തുതിക്കുവാനും അവിടുത്തേക്ക് കൃതജ്ഞതയർപ്പിക്കുവാനുമുള്ള ക്ഷണമാണ് ഭാഷണപ്രാർത്ഥനയിലുള്ളത്. ‘നമ്മുടെ കർത്താവീശോമിശിഹായുടെ കൂപയും…..’ എന്നു തുടങ്ങുന്ന പൗലോസ് ശ്ലീഹായുടെ ആശംസാവാക്യവും (2 കോറി 13:13) നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കുയരട്ടെ എന്നു തുടങ്ങുന്ന കാർമ്മികന്റെ ആഹ്വാനങ്ങളും അവയ്ക്ക് സമൂഹം നല്കുന്ന മറുപടികളും ചേർന്നതാണ് ഭാഷണപ്രാർത്ഥന.
ദൈവത്തിന്റെ സൃഷ്ടികർമ്മത്തെപ്രതി സ്വർഗീയഗണങ്ങളോടുചേർന്ന് അവിടത്തെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയുമാണ് രണ്ടാം ഗ്ഹാന്തയിൽ. രണ്ടാം ഗ്ഹാന്തയുടെ കാനോനയും അതിനുള്ള സമൂഹത്തിന്റെ പ്രത്യുത്തരവും ചേർന്നതാണ് പരിശുദ്ധൻ (ഓശാനഗീതം) എന്ന കീർത്തനം. ഏശയ്യായുടെ ദർശനത്തിൽ പാടിപ്പുകഴ്ത്തുന്ന സ്വർഗീയഗണങ്ങളോടു ചേർന്ന് (ഏശ 5:3) ആരാധനാസമൂഹം ദൈവത്തെ പാടിപ്പുകഴ്ത്തുന്നു. ‘കർത്താവ് രക്ഷിക്കട്ടെ’ എന്ന് അർത്ഥം വരുന്ന ഓശാന പാടിക്കൊണ്ടുള്ളതാണ് ഈ ദൈവസ്തുതി. വിശുദ്ധ കുർബാന സ്വർഗീയഗണങ്ങളോട് ചേർന്നുള്ള ആരാധനയാണെന്ന് ‘പരിശുദ്ധൻ’ എന്ന കീർത്തനസമയത്ത് കാർമ്മികൻ ചൊല്ലുന്ന കൂശാപ്പപ്രാർത്ഥന വ്യക്തമാക്കുന്നുണ്ട്. “നിസ്സാരരായ ഞങ്ങളുടെ കീർത്തനങ്ങൾ സ്രാപ്പേൻമാരുടെയും മുഖ്യദൂതൻമാരുടെയും സ്തോത്രങ്ങളോടു ചേർക്കണമേ. ഭൂവാസികളെ സ്വർഗവാസികളോടൊന്നിപ്പിച്ച അങ്ങയുടെ കാരുണ്യത്തിന് സ്തുതി”.
ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകർമ്മമാണ് മൂന്നാംഗ്ഹാന്തയുടെവിഷയം. മനുഷ്യാവതാരത്തിലൂടെ മാനവരാശിയെ സമുദ്ധരിക്കുകയും പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടിത്തരുകയും ചെയ്ത രക്ഷാകർമ്മത്തെ അനുസ്മരിച്ച്, ആ അനുഗ്രഹത്തിന് നന്ദി പറയുന്നു. ഈ ഗ്ഹാന്തപ്രാർത്ഥനയിലാണ് കുർബാനസ്ഥാപനവിവരണം ചേർത്തിരിക്കുന്നത്.
നാലാം ഗ്ഹാന്തയ്ക്കു മുമ്പുള്ള കൂശാപ്പപ്രാർത്ഥന പുരോഹിതന്റെ സ്വകാര്യ പ്രാർത്ഥന എന്നതിനെക്കാൾ, സഭയ്ക്കു മുഴുവനും ലോകം മുഴുവനും വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാണ്. ഈ കൂശാപ്പപ്രാർത്ഥനയിലാണ് മാർപാപ്പയെയും മേജർ ആർച്ച് ബിഷപിനെയും രൂപതാധ്യക്ഷനെയും സഭാസമൂഹത്തിലെ വിവിധവിഭാഗങ്ങളെയും അനുസ്മരിക്കുന്നത്. ഇതിന്റെ സമാപനഭാഗത്ത് മറ്റു കൂശാപ്പുകളിലെ പോലെ, പുരോഹിതൻ തന്റെയും സമൂഹത്തിന്റെയും അയോഗ്യത ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നു. സഭയുടെ വിവിധ തലങ്ങളിലുള്ള കൂട്ടായ്മയെ പ്രകാശിപ്പിക്കുന്നതാണ് ഈ പ്രാർത്ഥന.
തിരുശരീരരക്തങ്ങളുടെ ഓർമ്മയാചരിച്ച പിതാക്കന്മാരെ അനുസ്മരിക്കാനുള്ള പ്രാർത്ഥനയാണ് നാലാം ഗ്ഹാന്തയുടെ ആദ്യഭാഗത്ത്. പെസഹാരഹസ്യത്തിന്റെ സ്മരണ ആചരിച്ച് തിരുശരീരരക്തങ്ങളുടെ ബലി അർപ്പിക്കുന്നുവെന്ന് ഈ ഗ്ഹാന്തയിൽ ഏറ്റുപറയുന്നു. ഈശോയിൽ പൂർത്തിയായ രക്ഷാരഹസ്യം ലോകം മുഴുവൻ അറിയട്ടെ എന്ന പ്രേഷിതാശംസ ഈ ഗ്ഹാന്തയുടെ സവിശേഷതയാണ്. ഈശോമിശിഹായുടെ മരണോത്ഥാനങ്ങളിലൂടെ സാധിതമായ രക്ഷാരഹസ്യം ഈ ഗ്ഹാന്തയുടെ അവസാന ഭാഗത്തു സവിശേഷമാംവിധം അനുസ്മരിക്കുന്നു.
ദിവ്യരഹസ്യങ്ങളെയും ആരാധനാസമൂഹത്തെയും പവിത്രികരിക്കുന്നതിനായി പരിശുദ്ധാത്മാവിനെ വിളിച്ചു കൊണ്ടുള്ള പ്രാർത്ഥനയാണ് റൂഹാക്ഷണപ്രാർത്ഥന (epiclesis). അനുസ്മരണത്തിന്റെയും കൃതജ്ഞതയുടെയും സ്വഭാവികപരിണാമമായി വരുന്ന അപേക്ഷയുടെ ഭാഗമായാണ് റൂഹാക്ഷണപ്രാർത്ഥന കൊടുത്തിരിക്കുന്നത്. കുർബാനയിൽ ആവസിച്ച് അതിനെ ആശീർവദിച്ച് പവിത്രീകരിക്കാനും, തത്ഫലമായി സമൂഹത്തെ വിശുദ്ധീകരിക്കാനുമായി പരിശുദ്ധാത്മാവ് എഴുന്നെള്ളിവരട്ടെ എന്ന് പുരോഹിതൻ പ്രാർഥിക്കുന്നു. പരിശുദ്ധാത്മാവാണ് ദിവ്യരഹസ്യങ്ങളെ പവിത്രീകരിക്കുന്നത്. അപ്പത്തെയും വീഞ്ഞിനെയും തിരുശ്ശരീരരക്തങ്ങളാക്കി മാറ്റുക എന്നതാണ് ഇവിടെ പവിത്രീകരിക്കുക എന്നതു കൊണ്ട് അർഥമാക്കുന്നത്.അപ്പത്തെയും വീഞ്ഞിനെയും തിരുശ്ശരീരരക്തങ്ങളാക്കി മാറ്റുന്ന പവിത്രീകരണം പൂർത്തിയാക്കപ്പെടുന്നത് റൂഹാക്ഷണപ്രാർഥനയിലാണ്. പവിത്രീകരിക്കപ്പെട്ട ദിവ്യരഹസ്യങ്ങളിലൂടെ ആരാധനാസമൂഹം വിശുദ്ധീകരിക്കപ്പെടണമെന്ന് റൂഹാക്ഷണപ്രാർത്ഥനയുടെ രണ്ടാം ഭാഗത്ത് പ്രാർത്ഥിക്കുന്നു. കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും മരിച്ചവരുടെ ഉയിർപ്പും സ്വർഗരാജ്യത്തിലെ നവമായ ജീവിതവുമാണ് ആരാധനാസമൂഹത്തിന്റെ വിശുദ്ധീകരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മാർ അദ്ദായിയുടെയും മാർ മാറിയുടെയും റൂഹാക്ഷണപ്രാർത്ഥനയിൽ ജനത്തിന്റെ പവിത്രീകരണത്തിന് വലിയ ഊന്നൽ നല്കുന്നുണ്ട്. ആരാധനാസമൂഹത്തിനുണ്ടാകുന്ന കൂട്ടായ്മ പവിത്രീകരണത്തിന്റെ അനിവാര്യഫലമാണ്.
ദൈവാത്മാവിന്റെ പ്രവർത്തനം ഏറ്റവും സജീവമായി സാക്ഷാത്കരിക്കപ്പെടുന്നത് വിശുദ്ധ കുർബാനയിലാണ്. പരിശുദ്ധാത്മാവ് ആരാധനാസമൂഹത്തെ മിശിഹായുടെ ശരീരത്തോട് ഐക്യപ്പെടുത്തി ഒറ്റ ശരീരമാക്കിത്തീർക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പഠിപ്പിക്കുന്നു(സ്നേഹത്തിന്റെ കൂദാശ 13).
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം