വി. യോഹന്നാനു ലഭിച്ച വെളിപാട്
ബൈബിളിലെ അവസാനത്തെ പുസ്തകമായ വി. യോഹന്നാനു ലഭിച്ച വെളിപാട് ഭൂരിഭാഗം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇന്നും ഏഴ് മുദ്രവച്ചു ഭദ്രമാക്കപ്പെട്ട ഒരു രഹസ്യമാണ്. നിത്യ വിരുന്ന്, പുതിയ ആകാശവും പുതിയ ഭൂമിയും, പരിശുദ്ധ അമ്മ; വാഗ്ദാന പേടകം, എന്നിങ്ങനെ ചുരുക്കം ചില പ്രതീകങ്ങളൊഴിച്ചാൽ; ക്രൈസ്തവ ജീവിതത്തെയോ, സുവിശേഷ പ്രേഘോഷണത്തെയോ അധികമൊന്നും ഈ പുസ്തകം സ്വാധിനിക്കാറില്ല. ദൈവാരാധനക്കായി സമ്മേളിക്കുന്ന ക്രിസ്തു വിശ്വാസികളുടെ സമൂഹങ്ങളിൽ ഒരാൾ വായിക്കുകയും എല്ലാവരും കേൾക്കുന്നതിനുവേണ്ടി എഴുതപ്പെടുകയും ചെയ്ത പുസ്തകമാണ് വെളിപാട് പുസ്തകം. പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട വി. യോഹന്നാൻ ഒരു ഞായറാഴ്ച പ്രാർത്ഥന നിരതനായിരിക്കുമ്പോൾ ലഭിച്ച വെളിപ്പാട് ഇരുപത്തി രണ്ടു അദ്ധ്യായങ്ങളിലായി വിവരിക്കുന്നു.
കർത്താവിന്റെ ദിനം
മനുഷ്യ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും വിധി പ്രസ്താവവും സൂചിപ്പിക്കാൻ പഴയനിയമത്തിൽ ആവർത്തിച്ചിരിക്കുന്ന പ്രയോഗമാണ് ‘കർത്താവിന്റെ ദിനം.’ പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദ്യ നൂറ്റാണ്ടുകളിൽ ആവർത്തിക്കപ്പെട്ടിരുന്നത്. ആദിമസഭ ഞാറാഴ്ചകളിൽ ഒരുമിച്ചു കൂടി യേശുവിന്റെ കുരിശുമരണോത്ഥാനങ്ങൾ അനുസ്മരിക്കുന്ന അപ്പം മുറിക്കൽ ശുശ്രുഷ ആചരിച്ചിരുന്നു. സാബത്തുദിനാചരണം, യഹൂദ ജനത്തിന്റെ പ്രത്യേകതയായിരുന്നതുപോലെ, ഞായറാഴ്ചയിലെ അപ്പം മുറിക്കൽ ശുശ്രുഷ ക്രൈസ്തവ സമൂഹത്തിന്റെ മുഖ മുദ്രയായി മാറി.ആദിമ സഭയിലെ അപ്പം മുറിക്കൽ ശുശ്രുഷയെ സൂചിപ്പിക്കാനാണ് പൗലോസ് ശ്ലീഹാ ‘ക്യുറിയാക്കോൻ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദം തന്നെയാണ് യോഹന്നാൻ ശ്ലീഹാ തന്റെ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവരുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദിമനൂറ്റാണ്ടിൽ ആവർത്തിച്ചിരുന്നത്. കർതൃദിനത്തിൽ യോഹന്നാന് ദർശനം ലഭിച്ചു എന്നു പറയുമ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ ജീവ സ്രോതസായ അപ്പം മുറിക്കൽ ശുശ്രുഷയിൽ പങ്കു ചേരുന്ന യോഹന്നാന് ലഭിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അനുഭവമാണ് വെളിപാടിലെ ദർശനങ്ങളുടെ കാതലെന്നു സംശയലേശയമെന്യേ പറയാൻ കഴിയും.
ഉത്ഥിതന്റെ സാന്നിധ്യം
ദീപപീഠങ്ങളുടെ മദ്ധ്യേ നിൽക്കുന്ന മനുഷ്യപുത്രനെപ്പോലുള്ളവനെയാണ് യോഹന്നാൻ ആദ്യം കാണുന്നത്; ഇത് ഉത്ഥിതന്റെ മനോഹര ദൃശ്യമാണ്. ‘ഭയപ്പെടേണ്ട,’ എന്ന് പറഞ്ഞു തലയിൽ കൈകൾ വയ്ക്കുന്ന മനുഷ്യ പുത്രൻ സുവിശേഷങ്ങളിലേ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. അപ്പം മുറിക്കൽ ശുശ്രുഷയിൽ പങ്കുചേരുന്ന സഭാസമൂഹത്തിനു ലഭിക്കുന്ന ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ സാന്നിധ്യയനുഭവവും അനുഗ്രഹവുമാണ് ഇവിടെ കാണുന്നത്.
ആരാധനാ സ്തുതികൾ
ആരാധനയുടെ ഘടനയും ശൈലിയും പ്രയോഗങ്ങളും ഇതിലെ വിവരണങ്ങളിൽ സമൃദ്ധമാണ്. ആരാധനയുടെ ഘടനയിൽ അവതരിപ്പിച്ചിരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ മുഴുവൻ ഗ്രന്ഥകാരൻ ആരാധനയുടെ രംഗങ്ങൾ ചേർത്തിരിക്കുന്നു. നിരവധി ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും; സ്വർഗീയ തലത്തിലെ ദൃശ്യങ്ങൾ ആണ് നാലും അഞ്ചും അധ്യായങ്ങളിലെ പ്രതിപാദ വിഷയം; സപ്തഗണങ്ങളുടെ ദർശനവിവരണത്തിലും യഥാർത്ഥ ആരാധനയും, വ്യാജ ആരാധനയും തമ്മിലുള്ള സംഘർഷവും, യഥാർത്ഥ ആരാധനയുടെ വിജയവും വ്യക്തമാക്കുന്നു. മിഖായേലും ദൂതന്മാരും, സാത്താനെയും അവന്റെ ദൂതന്മാരെയും കീഴ്പെടുത്തുമ്പോഴും സ്വർഗീയാരാധനയുണ്ട്.
പല സന്ദർഭങ്ങളിലും ‘ആമേൻ’ എന്ന ആരാധനാ പ്രതിവചനത്തിന്റെ ആവർത്തനവും, കർത്താവിനെ സ്തുതിക്കുവിൻ എന്നർത്ഥമുള്ള ‘ഹല്ലേലൂയ’ എന്ന പദവും ഇവിടെ മാത്രമേ കാണുന്നുള്ളൂ. യഹൂദരുടെയും, ക്രൈസ്തവരുടെയും ആരാധന ക്രമത്തിൽ ഈ പദത്തിന് വലിയ സ്ഥാനമുണ്ട്.
വിവാഹവിരുന്ന്
സ്വർഗ്ഗരാജ്യം ക്രിസ്തുവിന്റെ വിവാഹവിരുന്നിലുള്ള പങ്കാളിത്തമാണ്. ദൈവം ഒരുക്കുന്ന വിരുന്നിനെക്കുറിച്ചു ഏശയ്യാ മുൻകൂട്ടി അറിയിച്ചു. നിത്യഭാഗ്യത്തെ, വിരുന്നിലുള്ള പങ്കു ചേരലിനോട് ക്രിസ്തു നാഥൻ പലതവണ ഉപമിക്കുകയുണ്ടായി. യേശു തന്റെ ഐഹിക ജീവിതകാലത്തു നടത്തിയ അനേകം വിരുന്നുകളും, സർവോപരി, അന്ത്യത്താഴവും ഈ നിത്യവിരുന്നിന്റെ മൂന്നാസ്വാദനമാണ് നൽകിയത്. മാത്രമല്ല, ഗാഢ ഹൃദയ ഐക്യത്തിന്റെ പ്രതീകമാണ് ഒരുമിച്ചുള്ള അത്താഴം. ക്രിസ്തുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ അഗാധ സ്നേഹത്തെ പ്രകടമാക്കാൻ വേണ്ടിയാണ് ഞാൻ അവനോടൊത്തും, അവൻ എന്നോടൊത്തും അത്താഴം കഴിക്കുമെന്ന് പറയുന്നത്. ഊട്ടുമേശയിലെ കൂട്ടായ്മയിലൂടെ യേശു തന്റെ സ്നേഹം പങ്കുവെച്ച എത്രെയോ സംഭവങ്ങൾ സുവിശേഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
നിഗൂഢ മന്നയും; വെണ്ണക്കല്ലും
പേഗൻ മതങ്ങളിൽ ഒരു പതിവുണ്ട്; അതിങ്ങനെയാണ്; അപകടങ്ങൾ ഒഴുവാക്കാനും, അനുഗ്രഹങ്ങൾ പ്രാപിക്കാനുമായി ശക്തനായ ഒരു മധ്യസ്ഥന്റെ പേരെഴുതിയ തകിടോ കല്ലോ ശരീരത്തിൽ ധരിക്കുന്ന പതിവാണിത്. ക്രിസ്തു നൽകുന്ന വെള്ളക്കല്ലു ക്രിസ്തുവിന്റെ നാമം തന്നെയാണ്; എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ ശക്തി ഉള്ളതാണ്. നിഗൂഢ മന്നാ ക്രിസ്തുവിന്റെ തന്നെ പ്രതീകമാണ്. മരണം വരെ വിശ്വസ്തത പാലിക്കുന്നവർക്കു യേശു നൽകുന്നത് തന്നെ തന്നെ ആയിരിക്കും.
കൊല്ലപ്പെട്ടത് പോലെ നിൽക്കുന്ന കുഞ്ഞാട്
കൊല്ലപ്പെടുക എന്നത് ബലിയർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. ബലിയർപ്പണത്തിന്റെ അടയാളം ശരീരത്തിൽ വഹിച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞാട് വലിയ ധൈര്യം നൽകുന്നു; അതോടൊപ്പം വലിയ പ്രതീക്ഷയും. പിതാവിന്റെ ഹിതത്തിനു സ്വയം സമർപ്പിച്ചവൻ തന്റെ ആത്മ ബലിയിലൂടെ ദൈവ സന്നിധിയിൽ പ്രവേശിക്കാൻ മനുഷ്യ പുത്രൻ എന്ന നിലയിൽ അർഹത നേടി.
ധൂപാർപ്പണം
കുഞ്ഞാടിന് മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന നാല് ജീവികളും ശ്രേഷ്ടന്മാരും ദൈവത്തിനു നൽകിയ അതെ ആരാധനാ യേശുവിനും അർപ്പിച്ചുകൊണ്ട് അവന്റെ ദൈവത്വം എറ്റു പറയുന്നു. ധൂപാർപ്പണം ആരാധനയുടെ മനോഹാരിത വർധിപ്പിക്കുകയും സ്വർഗീയ ആരാധനയുടെ ഓർമ്മകൾ മനസ്സിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.