അനുരഞ്ജന ശുശ്രൂഷ
വിശുദ്ധ കുർബാനയിൽ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് കർത്താവിന്റെ രക്ഷാകര രഹസ്യങ്ങൾ മുഴുവൻ ധ്യാനിച്ച ശേഷമാണ്. കാരണം, രക്ഷാകര പദ്ധതിയുടെ മുഴുവൻ ലക്ഷ്യവും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനവും, ഒന്നാകലുമാണ്. രണ്ടു ഭാഗങ്ങളായിട്ട് അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു; വിഭജന ശുശ്രൂഷയ്ക്ക് മുൻപും ശേഷവും. ദൈവത്തോടും, സാർവത്രിക സഭയോടും, സ്വന്തം സഹോദരങ്ങളോടും, സ്വയവും രമ്യപ്പെടുന്നതിന്റെയും അനുരഞ്ജനപ്പെടുന്നതിന്റെയും ഓർമ്മയായിട്ടാണ് ഈ ഒരു ഭാഗം ക്രമീകരിച്ചിരിക്കുന്നത്. അനുരഞ്ജന ശുശ്രുഷയ്ക്ക് ശേഷമുള്ള സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: പാപമോചനം ലഭിച്ചതു വഴി ദൈവജനം ദൈവവുമായി അനുരഞ്ജിതരായി തീർന്നിരിക്കുന്നു. ദൈവത്തെ ആബാ പിതാവേ എന്ന് വിളിക്കാനുള്ള അർഹത നേടി കഴിഞ്ഞിരിക്കുന്നു. ദൈവമക്കളുടെ സ്വാതന്ത്രത്തോടെ ആരാധന സമൂഹം ഒന്നുചേർന്ന് ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന് ചൊല്ലുകയാണ്. ആഹ്ലാദകരമായ നിമിഷമാണ്; പിതാവേ എന്ന് വിളിക്കാൻ നാം യോഗ്യരാക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ പിതൃത്വവും മനുഷ്യമക്കളുടെ സഹോദര്യവും പ്രഘോഷിക്കുന്ന പ്രാർത്ഥന, ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജിതരായി എന്നതിന്റെ പ്രകടനവുമാണ്. പിതാവിന്റെ സ്വന്തം മക്കളെന്ന വലിയ അഭിമാനത്തോടെയും, ആഹ്ലാദത്തോടെയും വേണം ഈ പ്രാർത്ഥന ചൊല്ലാൻ. അവിടത്തെ മാറിൽ അഭയം പ്രാപിക്കാനുള്ള സമയമാണിത്, അതുകൊണ്ടാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന അനുരഞ്ജന ശുശ്രൂഷയ്ക്ക് ശേഷം ക്രമീകരിച്ചിരിക്കുന്നതിന്റെ കാരണം.
ഈശോയുടെ ആദ്യ ബലിയർപ്പണം പകുതിയിൽ നിർത്തിയോ എന്നൊരു സംശയം വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം വായിക്കുമ്പോൾ തോന്നാറുണ്ട്. പതിമൂന്നാം അധ്യായം നാലാം തിരുവചനത്തിൽ നമ്മൾ വായിക്കുന്നത്, അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റു മേലങ്കി മാറ്റി, തൂവാലയെടുത്ത്, അരയിൽ കെട്ടി. അനന്തരം, ഒരു താലത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും, അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കാനും തുടങ്ങി. അത്താഴത്തിനിടയിൽ അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി, തൂവാലയെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി. അതിനു കാരണമായി വ്യാഖ്യാതാക്കൾ പറയുന്ന വചനം, പതിമൂന്നാം അധ്യായം രണ്ടാം തിരുവചനമാണ്. ആ സമയത്ത് പിശാച് യൂദാസിന്റെ മനസ്സിൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ തോന്നിപ്പിച്ചു. തന്റെ ശിഷ്യരിൽ ഒരുവനായ യൂദാസിന് തന്നോട് അസ്വസ്ഥതയുണ്ട്, വെറുപ്പുണ്ട് എന്ന് മനസ്സിലാക്കിയ ഈശോ അവരുടെ പാദങ്ങൾ കഴുകി. നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുന്നിൽ വച്ചിട്ടു പോയി സഹോദരനോട് രമ്യതപ്പെടുക. ഈ വചനമാണ് മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 23 , 24 – ൽ വായിക്കുന്നത്. കർത്താവു താൻ പഠിപ്പിച്ച ആ വചനം തന്റെ ബലിയർപ്പണത്തിൽ ആവർത്തിക്കുകയായിരുന്നു; വചനത്തോട് വിധേയനാവുകയായിരുന്നു.