റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി (യോഹ 6 , 25) ഈ ഒരു ദൈവവചനം ഒത്തിരിയേറെ ധ്യാന വിഷയം ആകേണ്ട ദൈവവചനമാണ്. അത്ഭുതകരമായി മറുകര എത്താൻ കഴിയുന്നവൻ, കടലിനു മീതെ നടക്കാൻ കഴിയുന്നവൻ, അവന് അപ്പത്തിലേക്ക് ഒതുങ്ങാൻ കഴിയും, സന്നിഹിതൻ ആകാൻ സാധിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലായി ഈ വചനം നിൽക്കുകയാണ്. ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം (യോഹ 6,18) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്.ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള ക്രിസ്തുവിന്റെ യാത്ര ദിവ്യകാരുണ്യ പ്രദിക്ഷണം തന്നെയാണ്. സ്വീകരിച്ചയപ്പം അപ്പമായി നിൽക്കുമ്പോൾ അപകടം നിറഞ്ഞ യാത്രകൾ ആകുലതകൾ നൽകും. എവിടെയും എത്തിച്ചേരാനും ഒപ്പം സഞ്ചരിക്കാനും ആകുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യ സാന്നിധ്യം. അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്.( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ അസാന്ന്യധ്യവും; ധ്യാന വിഷയം ആകുമ്പോൾ നമ്മൾ എത്തിച്ചേരുക, രഹസ്യത്തിന്റെ ആന്തരികതയിലേക്ക് ആണ്. ആറാം അധ്യായം പതിനാറു മുതൽ ഇരുപത്തി അഞ്ചു വരെയുള്ള തിരുവചനങ്ങൾ അനിഷേധ്യ വിധത്തിൽ വിശുദ്ധ കുർബാനയുടെ നിലനിൽക്കുന്ന സാന്നിധ്യത്തിന്റെയും യഥാർത്ഥ സാന്നിധ്യത്തിന്റെയും അടയാളങ്ങളായി മാറുകയാണ്. വെള്ളത്തിൽ സഞ്ചരിക്കാൻ തക്കവിധത്തിൽ ശരീരം രൂപപ്പെടുത്തുന്ന ക്രിസ്തു ശരീരത്തിന്റെ അധികാരിയായി മാറുകയാണ്. ഇതെന്റെ ശരീരമാണ് എന്ന് അപ്പം ഉയർത്തി പറയാൻ സാധിക്കുന്ന അധികാരത്തിലേക്ക് പ്രവേശിക്കുകയും അനുവാചകരെ നയിക്കുകയും ചെയ്യുകയാണ്.