ഈശോയുടെ ശരീരവും രക്തവും സ്വീകരിച്ചാൽ മാത്രമല്ലേ കുർബാന സ്വീകരണം പൂർണ്ണമാവുകയുള്ളൂ? തിരുശരീരം മാത്രം സ്വീകരിച്ചാൽ അത് പൂർണ്ണമാകുമോ? വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേരുമ്പോൾ പലപ്പോഴും നമ്മൾ അപ്പത്തിന്റെ സാദൃശ്യത്തിൽ മാത്രമേ ഈശോയെ സ്വീകരിക്കാറുള്ളു; അത് പൂർണ്ണമായോ എന്നൊരു സംശയം നമ്മുടെ ജീവിതത്തിൽ പലപ്പോഴും അവശേഷിക്കാറുണ്ട്. സഭ പഠിപ്പിക്കുകയാണ്, സാദൃശ്യങ്ങളിൽ ഓരോന്നിലും ക്രിസ്തു പൂർണ്ണമായും സമഗ്രമായും സന്നിഹിതനാണ്. അവയുടെ ഓരോ ഭാഗത്തിലും അംശത്തിലും ക്രിസ്തു പൂർണ്ണമായും സമഗ്രമായും സന്നിഹിതനാണ്. അതുകൊണ്ടു തന്നെ അപ്പത്തിന്റെ സാദൃശ്യത്തിൽ കർത്താവിനെ സ്വീകരിച്ചാലും നാം സ്വീകരിക്കുക ക്രിസ്തുവിനെ പൂർണ്ണമായാണ്. (CCC 1378) ക്രിസ്തു ഓരോ ദിവ്യകാരുണ്യ സാദൃശ്യത്തിന്റെയും കീഴിൽ സന്നിഹിതനായിരിക്കുകയാൽ, അപ്പത്തിന്റെ മാത്രം സാദൃശ്യത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതുകൊണ്ടും ദിവ്യകാരുണ്യ കൃപാവരത്തിന്റെ മുഴുവൻ ഫലവും ഉൾക്കൊള്ളാൻ കഴിയും. (CCC 1390)